സിന്‍ജിയാങ്ങില്‍ വീണ്ടും മതവിരോധവുമായി ചൈന
ബെയ്ജിങ്: മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ സിന്‍ജിയാങ്ങില്‍ വീണ്ടും മതവിരുദ്ധ നീക്കങ്ങളുമായി ചൈനീസ് സര്‍ക്കാര്‍. അസാധാരണമായി താടിവളര്‍ത്തുന്നതിനും മുഖം പൂര്‍ണമായി മറക്കുന്നതിനുമാണ് പുതുതായി ചൈനീസ് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ വെബ്‌സൈറ്റിലാണ് വിവാദ നിരോധനങ്ങള്‍ പ്രസിദ്ധീകരിച്ചത്.
ശരീരം മുഴുവന്‍ മറയുന്ന തരത്തില്‍ വസ്ത്രം ധരിക്കുന്നതും അസാധാരണമായി താടി നീട്ടിവളര്‍ത്തുന്നതിനുമാണ് വിലക്ക്. മതപരമായ താല്‍പര്യത്തോടെ കുട്ടികള്‍ക്ക് പേരിടുന്നതിനും നിരോധനമുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തില്‍വന്ന പുതിയ നിയമത്തില്‍ വേറെയും കടുത്ത നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. നിയമപരമായ നടപടിക്രമങ്ങള്‍ക്കു പകരം മതപരമായ ആചാരങ്ങള്‍ അവലംബിച്ച് വിവാഹം കഴിക്കുന്നതിനും ഹലാല്‍ ഭക്ഷണം എന്ന പേര് ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി.
രാജ്യത്തെ മതേതര സമൂഹത്തിന്റെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നു പറഞ്ഞാണ് പുതിയ നിരോധനങ്ങള്‍. ഇതിനുപുറമെ റേഡിയോ, ടെലിവിഷന്‍, മറ്റു പൊതുസേവന-സൗകര്യങ്ങളും മേഖലയില്‍ നിരോധിച്ചിട്ടുണ്ട്.
ഒരു കോടിയിലേറെ വരുന്ന ഉയിഗൂര്‍ മുസ്‌ലിം വംശജര്‍ താമസിക്കുന്ന ചൈനയിലെ പ്രവിശ്യയാണ് സിന്‍ജിയാങ്. ഇവിടത്തെ മുസ്‌ലിംകളോട് സര്‍ക്കാര്‍ നിരന്തരം വിവേചനം കാണിക്കുകയും മതചിഹ്നങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്നത് വാര്‍ത്തയാകാറുണ്ട്. സര്‍ക്കാര്‍ നടപടികള്‍ക്കെതിരേ നടന്ന പ്രക്ഷോഭങ്ങളില്‍ ഒരു വര്‍ഷത്തിനിടെ നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്.
തലമറക്കുന്നതും തട്ടം ധരിക്കുന്നതും നീണ്ട താടിവയ്ക്കുന്നതും നേരത്തെതന്നെ മേഖലയില്‍ പലയിടത്തും സര്‍ക്കാര്‍ വിലക്കിയിരുന്നു. പ്രദേശത്തെ മൊത്തത്തില്‍ ബാധിക്കുന്ന തരത്തിലാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്.
അടുത്തിടെ പ്രദേശത്തെ സ്ത്രീകള്‍ക്കിടയില്‍ തട്ടത്തിനു ജനപ്രിയത കൂടുന്നതായി വാര്‍ത്തയുണ്ടായിരുന്നു. ഇത് നിയന്ത്രിക്കാനാണ് ചൈനീസ് സര്‍ക്കാര്‍ കര്‍ശനമായ നിര്‍ദേശമിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."