ഈ ദുരിതകാലവും നാം അതിജീവിക്കും
എം.എല്‍.എ, എം.പി തുടങ്ങിയ ജനപ്രതിനിധികള്‍ പെന്‍ഷന്‍ വാങ്ങുന്നു. വിശേഷിച്ച് ഒരു പണിയുമില്ലാതെ നിരവധി ചെയര്‍മാന്‍മാര്‍, പെഴ്‌സണല്‍ സ്റ്റാഫ് അടക്കമുള്ളവര്‍ ഖജനാവ് ചോര്‍ത്തുന്നത് മുടക്കമില്ലാതെ തുടരുന്നു. രണ്ടുവര്‍ഷം സര്‍വിസുണ്ടായാല്‍ പെഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ഉറപ്പ്. സാമാജികരും മന്ത്രിമാരും തങ്ങളുടെ കുടുംബത്തെയും ആശ്രിതരുടെയും ഭാവി ഭദ്രമാക്കാന്‍ കിട്ടിയ അവസരം ദുരുപയോഗം ചെയ്തു വരുന്നു. തിരുവനന്തപുരത്തും ഡല്‍ഹിയിലും കൊട്ടാര സദൃശ്യമായ ഭവനങ്ങളില്‍ പരിവാരസമേതം ആഡംബര ജീവിതം നയിക്കുന്നു. അടച്ചുപൂട്ടല്‍ കാലത്തും ശൂന്യമായ നിരത്തിലൂടെ മന്ത്രിമാര്‍ക്ക് സഞ്ചരിക്കാന്‍ മുന്നിലും പിന്നിലും ധാരാളം പൊലിസ് വാഹനങ്ങള്‍ വേണം. ഐ.എ.എസുകാരെ സുഖിപ്പിക്കാനുള്ള ഭരണകൂടവും ഭരണകൂടത്തെ സുഖിപ്പിക്കാനുള്ള സിവില്‍ സര്‍വിസ് - ഇതാണ് ഭാരതം നേരിടുന്ന വലിയ വെല്ലുവിളി.
കൊറോണ പടര്‍ന്നുപിടിച്ചപ്പോള്‍ കേന്ദ്ര - കേരളാ സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ വിയോജിച്ചു കൊണ്ട് സ്വാഗതം ചെയ്യേണ്ടതായിരുന്നു. മധ്യവര്‍ഗത്തെ അധികമൊന്നും പരിഗണിക്കാതെ, രാഷ്ട്രം നേരിടുന്ന സാമ്പത്തിക തകര്‍ച്ചയെ പുനര്‍ജനിപ്പിക്കാന്‍ ഉതകുന്ന വിശാല കാഴ്ചപ്പാടുകള്‍ ഇല്ലാതെ തട്ടിക്കൂട്ട് പാക്കേജുകളാണ് പ്രഖ്യാപിച്ചത്. ദാരിദ്ര രേഖക്ക് താഴെയുള്ള കാര്‍ഡുടമകള്‍ക്ക് 35 കിലോ അരി സൗജന്യമെന്ന പദ്ധതിയായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. വര്‍ഷങ്ങളായി നടന്നുവരുന്ന നിലവിലുള്ള ഒരു പദ്ധതിയാണിത്. ദാരിദ്രരേഖക്ക് മുകളിലുള്ള നീല നിറമുള്ള കാര്‍ഡുടമകള്‍ക്ക് ഒരാള്‍ക്ക് രണ്ട് കിലോ അരി രണ്ടു രൂപയ്ക്ക് നല്‍കിവരുന്നുണ്ട്. ഇവിടെയും ഒരു ചെറിയ സഹായ സമീപനം മാത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. 15 കിലോ സൗജന്യ അരി. ഗവണ്‍മെന്റ് ഖജനാവിലേക്ക് വന്നു കൊണ്ടിരുന്ന പല വരവുകളും നിലച്ചു എന്നത് ശരി. എന്നാല്‍ ചെലവ് ചുരുക്കുന്ന ഏതെങ്കിലും ഒരു വഴി സ്വയം ശമ്പളവും ആനുകൂല്യവും നിശ്ചയിക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിന് സാധ്യമായില്ല.
കൊറോണ കാലത്ത് പല ലോകരാജ്യങ്ങളും പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ ഒറ്റ കോളത്തില്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ട് കിലോ അരിയും അര കിലോ ഗോതമ്പും നല്‍കുന്ന ചെപ്പടിവിദ്യ അല്ല അവര്‍ കാണിച്ചത്. ഫാക്ടറി തൊഴിലാളികള്‍, ഷോപ്പിങ് മാളില്‍ ജോലി എടുക്കുന്നവര്‍, നിത്യ കൂലിക്കാര്‍ തുടങ്ങിയവരുടെ കൈകളിലേക്ക് പണം എത്തുന്ന പദ്ധതി കൊണ്ടുവന്നു. കറന്‍സി മാര്‍ക്കറ്റ് ചലനാത്മകമാക്കി.
ഇന്ത്യാ ഗവണ്‍മെന്റ് പറഞ്ഞത് ആഹാരം കഴിക്കുന്ന പാത്രങ്ങള്‍ എടുത്തു കൈകൊട്ടി പാടാനാണ്. മരണം, രോഗം തുടങ്ങിയ ഭയം ഉണ്ടാകുമ്പോള്‍ ശിവന് ദീപം കൊളുത്തി ആരാധിക്കുന്ന ചടങ്ങ് (മൃത്യുജ്ഞയ മന്ത്രം)നടത്തിക്കാനാണ് പ്രധാനമന്ത്രി പിന്നീട് ശ്രമിച്ചത്. ഏപ്രില്‍ മാസം അഞ്ചാം തിയതി രാത്രി 9 മണിക്ക് 9 മിനിറ്റ് വെളിച്ചം കെടുത്തി മെഴുകുതിരി കത്തിച്ച് വെക്കാന്‍ 133 കോടി ജനങ്ങളോട് ആഹ്വാനം ചെയ്യണമെങ്കില്‍ നരേന്ദ്രമോദിക്ക് അല്ലാതെ മറ്റാര്‍ക്കും അതിന് കഴിയില്ല. പാതിരാത്രി നോട്ട് നിരോധിച്ചു ഇന്ത്യയെ 50 കൊല്ലം പിറകോട്ട് നയിച്ചപ്രധാനമന്ത്രിയാണ് നമുക്കുള്ളത്. തീവ്ര ഹൈന്ദവത വിടാതെ പിടികൂടിയ ഭരണകൂടങ്ങള്‍ ഇന്ത്യയുടെ സാംസ്‌കാരിക മൂല്യങ്ങളാണ് ബലാല്‍ക്കാരം ചെയ്തു കൊണ്ടിരിക്കുന്നത്.
മദ്യം വീട്ടില്‍ എത്തിക്കാനുള്ള ഗംഭീര ശ്രമം കേരള സര്‍ക്കാര്‍ നടത്തി. മദ്യാസക്തി രോഗമായി നിര്‍ണയിച്ചു മദ്യം മരുന്നാക്കി മാറ്റി കോടതി കയറി നോക്കി. ലഹരി വിറ്റു കിട്ടുന്ന പണം കൊണ്ട് ഭരണാധികാരികള്‍ക്ക് സുഖിച്ചു കഴിയാം എന്ന ധാരണയാണ് തിരുത്തേണ്ടത്. മദ്യത്തില്‍ നിന്ന് ലഭിക്കുന്ന ആദായത്തിന്റെ പതിന്മടങ്ങാണ് മദ്യം വരുത്തിവയ്ക്കുന്ന ദുരന്തങ്ങള്‍ നേരിടാന്‍ ചെലവഴിക്കേണ്ടി വരുന്നത്. റോഡപകടങ്ങള്‍, അടിപിടി, കത്തിക്കുത്ത്, കൊലപാതകങ്ങള്‍, കുടുംബകലഹങ്ങള്‍ തുടങ്ങിയ നിരവധി സാമൂഹിക ദുരന്തങ്ങള്‍ മദ്യത്തിന്റെ സംഭാവനയാണ്. കേരളം സമ്പൂര്‍ണ മദ്യനിരോധന സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന കാലങ്ങളായുള്ള ആവശ്യം കള്ള് മുതലാളിമാര്‍ക്ക് വേണ്ടി ലഹരി നിര്‍മാര്‍ജനം എന്ന് പേരുമാറ്റി അവതരിപ്പിച്ചു വരികയാണ് ഇടതുപക്ഷ മുന്നണി. മദ്യം കിട്ടാതെ വിഷാദമായി നാലാളുകള്‍ മരിക്കുന്നത് ചര്‍ച്ചയാക്കുമ്പോള്‍ കള്ളുകുടിച്ച് ലക്കുകെട്ട് നിരവധി പേരെ കൊന്നു തള്ളുന്ന കണക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ മറച്ചുവയ്ക്കുന്നു.
കൊറോണക്ക് ശേഷം ലോകം നിശ്ചലമാവില്ല. മുന്നോട്ടുള്ള കുതിപ്പിന് അല്‍പമൊന്ന് പിന്നോട്ട് നില്‍ക്കുന്നതുപോലെ കണക്കാക്കിയാല്‍ മതി. ഇന്ത്യയുടെ കയറ്റുമതി സാധ്യത വര്‍ധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത്തരം മഹാമാരികള്‍ പ്രകൃതിയുടെ കരുതല്‍ മാത്രമാണ്. പ്രകൃതിജന്യ, ഭക്ഷണ ജന്യ, നടപ്പുരീതികളുമായി ബന്ധപ്പെട്ട പകര്‍ച്ചവ്യാധികള്‍ മനുഷ്യരുടെ സാംസ്‌കാരിക മൂല്യശോഷണത്തിന്റെ കൂടി ഫലമാണ്.
വസൂരി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പകര്‍ത്തുന്ന അണുക്കളെ പ്രതിരോധിക്കാന്‍ സാധിച്ചിട്ടുണ്ട്. കൊറോണക്ക് സമാനമായ പല വൈറസുകളും ലോകം പല സന്ദര്‍ഭങ്ങളിലായി അഭിമുഖീകരിച്ചിട്ടുണ്ട്. ലോകത്തിന്റെ നിരീക്ഷണ കേന്ദ്രങ്ങള്‍, പരീക്ഷണ മനസുകള്‍ സജീവമാകണം. ദേശീയ ബജറ്റുകളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ മാത്രം പ്രതിനിധീകരിക്കുന്ന ആരോഗ്യ നീക്കിയിരുപ്പ് തുക പുനര്‍വിചിന്തനത്തിന് വിധേയമാക്കണം. മരുന്നില്ലാത്ത ഒരു രോഗവും ഭൂമിയില്‍ ഇല്ലെന്ന കാഴ്ചപ്പാടാണ് ഇസ്‌ലാമിലുള്ളത്. അന്വേഷണങ്ങളുടെ വാതില്‍ തുറക്കാന്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ്. നന്മകള്‍ ഉള്‍ക്കൊണ്ട് തിന്മകളെ പ്രതിരോധിക്കാന്‍ മാനവരാശി ഒറ്റ മനസ്സായി അണിനിരക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."