ആ ഫണ്ട് നമുക്ക് വേണ്ട
എം.പിമാരുടെ പ്രാദേശിക വികസന പദ്ധതിയുടെ ഭാഗമായി (എം.പി.എല്‍.എ.ഡി.എസ്) അനുവദിച്ചിട്ടുള്ള ഫണ്ട് രണ്ടു കൊല്ലത്തേക്ക് വെട്ടിക്കുറക്കുകയും പ്രസ്തുത തുക കൊവിഡിനെതിരായുള്ള യുദ്ധത്തിനു വേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ഇടതുപക്ഷ കക്ഷികളാണ് എതിര്‍പ്പിന്റെ മുന്‍നിരയില്‍. ജനപ്രതിനിധികള്‍ക്ക് അവരുടെ വിവേചനാധികാരം ഉപയോഗിച്ച് പ്രാദേശിക വികസനത്തിനു വേണ്ടി ഉപയോഗിക്കാനുള്ള പണം കേന്ദ്ര സര്‍ക്കാരിനെ ഏല്‍പ്പിച്ച്, അത് എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിക്കുവാനുള്ള അവകാശം വിട്ടുകൊടുക്കുന്നത് ഫെഡറലിസത്തിന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് എതിര്‍ക്കുന്നവര്‍ പറയുന്നു. മാത്രമല്ല, ഫണ്ട് ചെലവഴിക്കുന്നതിന്റെ സമതുലനം നഷ്ടപ്പെടുത്തുന്ന നടപടിയായിരിക്കും അത് എന്നും അഭിപ്രായമുണ്ട്. അതായത് എം.പി ഫണ്ട് കേന്ദ്രത്തിന് വിട്ടുകൊടുക്കുമ്പോള്‍ അത് അതാത് എം.പിയുടെ താല്‍പര്യമനുസരിച്ച് അദ്ദേഹം ഉദ്ദേശിച്ച പദ്ധതിക്ക് വേണ്ടി ചെലവഴിക്കാന്‍ സാധ്യതയില്ല. ഉദ്ദേശിച്ച പ്രദേശത്തിന് വേണ്ടി ചെലവഴിക്കാനും കഴിയില്ല. കൊറോണ ദുരിതബാധിതര്‍ക്ക് വേണ്ടിയാണ് ചെലവാക്കുന്നതെങ്കിലും ബന്ധപ്പെട്ട എം.പിയുടെ താല്‍പര്യപ്രകാരമോ അദ്ദേഹത്തിന്റെ മണ്ഡലത്തിലോ പ്രസ്തുത പണം ചെലവഴിക്കാനാവുകയില്ല. കൊല്ലത്തിന്റെ എം.പിയുടെ ഫണ്ട് തുക മംഗലാപുരത്തിനോ അഹമ്മദാബാദിനോ വേണ്ടിയാവും ഉപയോഗിക്കുക. ഇതു പ്രാദേശികവികസനമെന്ന തത്വത്തിന് വിരുദ്ധമാണെന്ന് പ്രതിപക്ഷ എം.പിമാര്‍ വാദിക്കുന്നു. വേണ്ട ആളുകള്‍ക്ക് ഉപകരിക്കുകയില്ല എന്ന് ചുരുക്കം.
ഇതേകാര്യം പറഞ്ഞുകൊണ്ടു തന്നെയാണ് സര്‍ക്കാര്‍ വക്താക്കള്‍ ഫണ്ട് കേന്ദ്രത്തിന് വിട്ടു കൊടുക്കുന്നതിനെ ന്യായീകരിക്കുന്നതും. പ്രാദേശികതക്ക് അതീതമായി എം.പി ഫണ്ട് രാജ്യത്തിന്റെ പൊതുആവശ്യത്തിനായി ഉപയോഗിക്കാനാവും എന്നാണ് അവരുടെ ന്യായം. എവിടെയാണോ ആവശ്യം അവിടെ ഫണ്ട് വിനിയോഗിക്കാം. കൊല്ലത്തിന്റെ എം.പിയുടെ കണക്കിലുള്ള തുക കൊല്ലത്തേക്കാള്‍ ആവശ്യം മംഗലാപുരത്തിനാണെങ്കില്‍ അങ്ങോട്ടു പോകും. അതുവഴി ഫണ്ടുപയോഗത്തില്‍ സമതുലനം ഉണ്ടാവും. ഇതാണ് വാദം.
അല്‍പം ചരിത്രം
ഇടതുപക്ഷ എം.പിമാരാണ് പ്രാദേശികവികസന പദ്ധതിയനുസരിച്ചുള്ള ഫണ്ട് വകമാറ്റുന്നതിനെതിരായി ശക്തമായി രംഗത്തുള്ളത്. കേരള മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം, സി.പി.ഐ പാര്‍ട്ടികളും അവര്‍ക്കൊപ്പമാണ്. എന്നാല്‍ എം.പി ഫണ്ടിന്റെ ചരിത്രത്തിലേക്ക് നോക്കുമ്പോള്‍ ഒരു കൗതുകം കാണാന്‍ കഴിയും. പി.വി നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഈ ഫണ്ട് നിലവില്‍ വന്നത്. അന്ന് അഞ്ചു ലക്ഷം രൂപയായിരുന്നു പ്രതിവര്‍ഷം ഒരു എം.പിക്ക് അനുവദിച്ചത്. ആ സമയത്ത് എം.പിമാര്‍ക്ക് ഇങ്ങനെയൊരു ഫണ്ട് അനുവദിക്കുന്നതിനെ ശക്തിയായി എതിര്‍ത്ത പാര്‍ട്ടിയാണ് സി.പി.എം. 1993 ഡിസംബര്‍ 29 ന് പ്രധാനമന്ത്രി പ്രസ്തുത പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ അത് ധാര്‍മ്മികമായും രാഷ്ട്രീയമായും അനുചിതമാണെന്ന് അന്ന് പാര്‍ട്ടിയുടെ പാര്‍ലമെന്റിലെ നേതാവായിരുന്ന ശ്രീ. സോമനാഥ ചാറ്റര്‍ജി വാദിച്ചു. അത് എം.പിമാരെ പ്രീണിപ്പിക്കുന്നതിലാണ് അവസാനിക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തന്റെ നിലപാട് ശരിയായിരുന്നു എന്ന് പില്‍ക്കാലത്ത് സോമനാഥ് ചാറ്റര്‍ജി എഴുതിയിട്ടുണ്ട്. 'പതിനാലാം ലോക്‌സഭയുടെ കാലത്ത് എന്റെ ഭയാശങ്കകള്‍ ശരിയാണെന്ന് തെളിയുകയുണ്ടായി. പദ്ധതി നടപ്പില്‍ വരുത്തുന്നതിനിടയില്‍ ധാരാളം എം.പിമാര്‍ അഴിമതി ഉള്‍പ്പെടെയുള്ള അനൗചിത്യങ്ങളില്‍ ചെന്നുപെട്ടു എന്ന് കണ്ടപ്പോഴായിരുന്നു ഇത്' (വിശ്വാസ്യതയുടെ ഓര്‍മ്മക്കുറിപ്പുകള്‍).
പ്രധാനമായും എം.പി ഫണ്ടിനെ ഇടതുപക്ഷ കക്ഷികളും പ്രമുഖരായ ചില സാമൂഹ്യ ചിന്തകരും എതിര്‍ത്തത് മൂന്നു കാരണങ്ങളാലാണ്. ഒന്ന് അഴിമതി തന്നെ. തങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്കുവേണ്ടി ചെലവഴിക്കാന്‍ യാതൊരു ഫണ്ടും ഇല്ല എന്ന് ചില എം.പിമാര്‍ പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് നരസിംഹറാവു ഈ പദ്ധതിക്ക് തുടക്കമിട്ടത്. കലക്ടര്‍മാര്‍ക്കു പോലും സ്വന്തം നിലക്ക് ജനങ്ങള്‍ ആവശ്യപെടുമ്പോള്‍ ചെലവഴിക്കാന്‍ ഫണ്ടുണ്ട്. പക്ഷേ ജനപ്രതിനിധികളായ തങ്ങള്‍ക്ക് സ്വന്തം നിലക്ക് സര്‍ക്കാര്‍ പണം ചെലവാക്കി ജനങ്ങളെ സഹായിക്കാന്‍ സാധിക്കുന്നില്ല എന്ന പരാതി നരസിംഹറാവു മുഖവിലക്ക് എടുത്തു. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം സ്വന്തം പാര്‍ട്ടിയില്‍ തന്നെ പിന്തുണ നഷ്ടമായ അവസ്ഥയിലായിരുന്നു അദ്ദേഹം. അപ്പോള്‍ എം.പിമാര്‍ക്കിടയില്‍ സ്വന്തം പ്രതിഛായ നന്നാക്കാന്‍ ഇതു തന്ന തഞ്ചം എന്ന് അദ്ദേഹം കരുതിക്കാണണം. അങ്ങനെയാണ് അഞ്ചു ലക്ഷം രൂപ ഓരോരുത്തരുടേയും കൈയില്‍ വന്നത്.
പിന്നീട് രണ്ടു കോടിയും ഒടുവില്‍ അഞ്ചു കോടിയും ആയി. പല എം.പിമാരും ഇത് ഉപയോഗിച്ചത് ശരിയായ വഴിക്കല്ല. സ്വന്തക്കാര്‍ക്ക് വേണ്ടി ഫണ്ട് വകമാറ്റി ചെലവഴിക്കുന്നവര്‍ നിരവധിയാണ്. പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കു വേണ്ടിയും എം.പി ഫണ്ട് ദുരുപയോഗം ചെയ്യുന്നു. കമ്മിഷന്‍ വാങ്ങി വികസന പദ്ധതികള്‍ നടത്തുന്ന എം.പിമാര്‍ ധാരാളം. കരാറുകാരും പ്രാദേശിക രാഷ്ട്രീയനേതാക്കളും എം.പിയും ചേര്‍ന്ന് സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുകയും കീശയിലാക്കുകയും ചെയ്യുന്നതിനെപ്പറ്റിയുള്ള പരാതികള്‍ക്ക് കണക്കില്ല. 1993ല്‍ ഇടതുപക്ഷം ഉയര്‍ത്തിയ ഭയാശങ്കകള്‍ തീര്‍ത്തും സത്യമായി പുലര്‍ന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. എം.പി ഫണ്ട് പല എം.പിമാര്‍ക്കും കാമധേനുവാണ്. ഈ കാമധേനുവിനെ തങ്ങള്‍ക്കു തന്നെ കറക്കണമെന്നാണ് ഇപ്പോള്‍ ഇടതുപക്ഷ, കോണ്‍ഗ്രസ് എം.പിമാര്‍ പറയാതെ പറയുന്നത് എന്നതാണ് കൗതുകകരം.
മേല്‍ക്കൈയുടെ പ്രശ്‌നം
എം.പി ഫണ്ടിനെതിരായി ഉയര്‍ന്ന മറ്റൊരു ന്യായം അത് ചില സ്ഥാനാര്‍ഥികള്‍ക്കു മേല്‍ക്കൈ നല്‍കുന്നു എന്നതായിരുന്നു. അതില്‍ വളരെയധികം ശരിയുണ്ട്. ഒരു എം.പിക്ക് രണ്ടാം തവണ മത്സരിക്കുമ്പോള്‍ തന്റെ എതിരാളിയുടെ മേല്‍ തെരഞ്ഞെടുപ്പ് വേളയില്‍ മേല്‍ക്കൈ നേടാന്‍ അത് വഴിവെക്കുന്നു. എം.പിയെന്ന നിലയില്‍ അയാള്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പല പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ടായിരിക്കാം. ഇവയെപ്പറ്റിയെല്ലാം നാടുനീളെ വലിയ ബാനറുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ടാവും. എം.പിയുടെ ജനസേവന പ്രതിഛായ തെളിഞ്ഞു നില്‍ക്കുന്നുണ്ടാവും. ഈ അനുകൂലഘടകങ്ങളുമായാണ് അയാള്‍ ഗോദയിലിറങ്ങുന്നത്. എതിരാളിയോ എം.പിയാവാന്‍ ഭാഗ്യം കിട്ടിയിട്ടില്ലാത്ത ആള്‍. അയാള്‍ക്ക് ഫണ്ട് വിനിയോഗത്തിന്റെ പിന്തുണയില്ല. അതുണ്ടാക്കുന്ന പ്രതിഛായയില്ല. തീര്‍ച്ചയായും അതൊരു അസമമായ മത്സരമായി മാറുന്നു.
മറ്റൊരു വിഷയം, അത് പ്രാദേശിക വികസനത്തിന്റെ മുന്‍ഗണനകള്‍ തകിടം മറിക്കുന്നു എന്നതാണ്. സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ചില മുന്‍ഗണനാക്രമങ്ങള്‍ അനുസരിച്ചാണ് നടപ്പിലാവുന്നത്. ഒരു നാട്ടില്‍ പാലമാണോ സ്‌കൂള്‍ ആണോ ആദ്യം വേണ്ടത് എന്നതിന് ചില മുന്‍ഗണനാ ക്രമങ്ങള്‍ സര്‍ക്കാര്‍ പാലിക്കുന്നു. എവിടെയാണ് പാലം വേണ്ടത്, എവിടെയാണ് സ്‌കൂള്‍ വേണ്ടത് എന്നതിനുമുണ്ട് ഈ ക്രമം. പല സന്ദര്‍ഭങ്ങളിലും എം.പി/ എം.എല്‍.എ ഫണ്ടുകള്‍ ഈ ക്രമത്തെ തകിടം മറിക്കുന്നത് കാണാം. ജനപ്രതിനിധിയുടെ മേല്‍ സ്വാധീനം ചെലുത്തുകവഴിയും അഴിമതി മൂലവും ആവശ്യമില്ലാത്ത വികസനപദ്ധതികള്‍ നടപ്പില്‍ വരുന്നത് സാധാരണമാണ്. ഇത് വികസനത്തില്‍ അസന്തുലനം സൃഷ്ടിക്കും.
നമ്മുടെനാട്ടില്‍ എം.പി, എം.എല്‍.എ ഫണ്ടുകള്‍വഴി പ്രാവര്‍ത്തികമായ വികസന പദ്ധതികളുടെ വിശദാംശങ്ങളിലേക്ക് പോയാല്‍ അവിഹിത സ്വാധീനങ്ങള്‍വഴി പൊതുഫണ്ട് എത്രയധികം ദുരുപയോഗം ചെയ്യപെട്ടിട്ടുണ്ട് എന്ന് കാണാന്‍ സാധിക്കും. എം.പിയും എം.എല്‍.എയും ചെലവഴിക്കുന്നത് പൊതുഖജനാവിലെ പണമാണ്. സ്വന്തം പാര്‍ട്ടിക്കാര്‍ക്കു വേണ്ടിയോ കരാറുകാരില്‍ നിന്ന് കമ്മിഷന്‍ വാങ്ങിയോ തന്നിഷ്ടം കാണിക്കാന്‍ അവര്‍ക്ക് എന്ത് അവകാശം? എം.പി / എം.എല്‍.എ ഫണ്ടിനെതിരായ ഒരു പ്രധാന ന്യായം ഇതാണ്. വികസന പദ്ധതികള്‍ അട്ടിമറിക്കുന്നു എന്ന പ്രശ്‌നം.
എം.പിമാരുടെ ഉത്തരവാദിത്വവുമായി ബന്ധപ്പെട്ട മറ്റൊരു അടിസ്ഥാന പ്രശ്‌നം കൂടി ഈ വിഷയത്തില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. എന്താണ് ഒരു ജനപ്രതിനിധിയുടെ അടിസ്ഥാന ധര്‍മ്മം? ഏതിലായിരിക്കണം അയാളുടെ ഫോക്കസ്? നിയമനിര്‍മ്മാണത്തിലോ മണ്ഡലത്തിന്റെ വികസനത്തിലോ ഒരു പാര്‍ലമെന്റംഗം ജനാധിപത്യവ്യവസ്ഥയിലെ തന്റെ പങ്ക് ശരിയായി നിറവേറ്റുന്നത് നിയമനിര്‍മ്മാണത്തില്‍ സ്വന്തം ചുമതലകള്‍ നിര്‍വഹിക്കുന്ന സന്ദര്‍ഭത്തിലും ഭരണാധികാരികള്‍ക്ക് തെറ്റുപറ്റുന്ന സമയത്ത് അത് തിരുത്തുന്നതിലുമാണ്. അയാള്‍ ജനാധിപത്യത്തിന്റെ കാവല്‍ നായയാണ്. അതിനു പകരം സ്വന്തം മണ്ഡലത്തിലെ വികസനമല്ല, ആവരുത് അയാളുടെ ആശങ്കാവിഷയം. സുല്‍ത്താന്‍ ബത്തേരി മീനങ്ങാടി നിരത്തിലെ ഓവുപാലമാവരുത് രാഹുല്‍ ഗാന്ധിയുടെ പ്രധാന വേവലാതി. എന്നാല്‍ പ്രാദേശിക വികസന ഫണ്ട് ജനപ്രതിനിധികളുടെ മുന്‍ഗണനാക്രമം തെറ്റിച്ചുകളഞ്ഞു. ജനങ്ങള്‍ക്ക് തങ്ങളുടെ പ്രതിനിധികളെക്കുറിച്ചുണ്ടായിരിക്കേണ്ട കാഴ്ചപ്പാടുകളും അതു മാറ്റി. അറിഞ്ഞായാലും അറിയാതെയായാലും പി.വി നരസിംഹ റാവു ഉണ്ടാക്കിയ അപകടമാണ് എം.പി ഫണ്ട്. അത് അനാവശ്യമാണ്, അല്ലെങ്കില്‍ ഉപരിപ്ലവതയാണ്. ഈ ഫണ്ട് നമുക്ക് വേണ്ട.
എം.പി ഫണ്ട് എങ്ങനെയാണ് ചെലവാക്കേണ്ടത് എന്ന് ചര്‍ച്ച ചെയ്യുകയല്ല ഇപ്പോള്‍ വേണ്ടത്. ആ വകയില്‍ ചെലവഴിക്കുന്ന പണം നമ്മുടെ പണം തന്നെ എന്ന് തിരിച്ചറിയുകയാണ്. ജയറാം രമേശ് പറയുന്നത് അത് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവിലേക്ക് നീക്കിവയ്ക്കാം എന്നാണ്. ഏതായാലും എം.പിമാരുടെ/ എം.എല്‍.എ മാരുടെ പേരില്‍ അങ്ങനെയൊരു ഫണ്ടു വേണ്ട. അത് ജനാധിപത്യ വ്യവസ്ഥക്ക് ഭൂഷണമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."