രജനീകാന്ത് ചിത്രം'കാലാ'യ്ക്കെതിരായ ഹരജി തള്ളി
ന്യൂഡല്‍ഹി: രജനീകാന്ത് ചിത്രം'കാലാ'പ്രദര്‍ശനം തടയണമെന്നാവശ്യപ്പെടുന്ന ഹരജി സുപ്രിംകോടതി തള്ളി. എല്ലാവരും ഈ സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും എന്നാല്‍ നിങ്ങള്‍ക്ക് മാത്രം എന്തിനാണ് തടയുന്നതെന്നും ചോദിച്ച് ജസ്റ്റിസുമാരായ എ.കെ. ഗോയല്‍, അശോക് ഭൂഷന് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹരജി തള്ളിയത്. കാവേരി നദീതര്‍ക്കത്തില്‍ തമിഴ്നാടിന് അനുകൂലമായി നിലപാടെടുത്ത രജനീകാന്തിനെതിരേ കര്‍ണാടകയില്‍ ഉയരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ണാടക സ്വദേശി കെ.എസ് രാജശേഖരന് എന്നയാളാണ് ചിത്രത്തിനെതിരേ സുപ്രിംകോടതിയെ സമീപിച്ചത്.
പകര്‍പ്പാവകാശം പരിമിതപ്പെടുത്തിയ ദൃശ്യങ്ങളും പാട്ടുകളും അനുമതിയില്ലാതെ'സിനിമയില്‍ ഉപയോഗിച്ചെന്ന് ഹരജിക്കാരന് വാദിച്ചിരുന്നു. എന്നാല്‍, ഈ അവസാനനിമിഷം ഇടപെടാനാവില്ലെന്നു ചൂണ്ടിക്കാട്ടി കോടതി ഹരജി തള്ളുകയായിരുന്നു. ചിത്രം പുറത്തിറങ്ങുന്നത് തടയണമെന്നാവശ്യപ്പെട്ട് പരാതിക്കാരന് കഴിഞ്ഞമാസം 16ന് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."