മെയില്‍ 10 കി.മി ടാറിങ് പൂര്‍ത്തിയാക്കും
മട്ടന്നൂര്‍: കെ.എസ്.ടി.പി തലശ്ശേരി-വളവുപാറ റോഡ് പണി ഇഴഞ്ഞുനീങ്ങുന്നതിനിടെ രണ്ടാം റീച്ചിലെ കളറോഡ് മുതല്‍ ഇരിട്ടി പയഞ്ചേരി വരെയുള്ള ഭാഗത്തിന്റെ ടാറിങ് പ്രവൃത്തി ഏപ്രില്‍ രണ്ടാം വാരത്തോടെ ആരംഭിക്കുമെന്നു അധികൃതര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ 10 കിലോമീറ്ററാണ് ടാറിങ് പൂര്‍ത്തീകരിക്കുന്നത്. മഴക്കാലത്തിനു മുന്‍പ് മെയ് മാസത്തോടെ പത്തുകിലോമീറ്റര്‍ പണി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശം.
ടെലിഫോണ്‍ പോസ്റ്റുകള്‍, കേബിള്‍ കണക്ഷനുകള്‍ എന്നിവ മാറ്റി സ്ഥാപിക്കുകയാണ് ഇനിയുള്ള പ്രധാന പ്രവൃത്തി. അടുത്ത വര്‍ഷം ജൂണിലാണ് 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രണ്ടാം റീച്ചിന്റെ പണി പൂര്‍ത്തീകരിക്കേണ്ടത്. എന്നാല്‍ ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാകേണ്ട കളറോഡ് മുതലുള്ള ആദ്യ 10 കീലോമീറ്റര്‍ റോഡിന്റെ പണി ഇപ്പോഴും നടക്കുകയാണ്. കലുങ്കു പണി, കളറോഡ്, ഉളിയില്‍ പാലം എന്നിവയുടെ നിര്‍മാണം ഇനിയും പൂര്‍ത്തികരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം മെയ് മാസം മുതലാണ് ആദ്യഘട്ടത്തിലെ പണി തുടങ്ങിയത്. രണ്ടാം റീച്ചിലെ ഇരിട്ടി പാലം മുതല്‍ ബെന്‍ഹില്‍ വരെയുള്ള 226 മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള ടെന്‍ഡര്‍ നടപടികള്‍ അതിനിടയില്‍ മാറ്റിവച്ചിരുന്നു. സോഷ്യല്‍ ഫോറസ്ട്രി അധികൃതര്‍ നിശ്ചയിച്ച വിലയുടെ പകുതി പോലും ടെന്‍ഡറില്‍ രേഖപെടുത്താതിനാല്‍ ലേല നടപടി മാറ്റുകയായിരുന്നു. മരം മുറിക്കുന്നത് വൈകുകയാണെങ്കില്‍ ഒന്നാം റീച്ചിലെ പ്രവൃത്തി പോലെ തന്നെ രണ്ടാം റീച്ചും വൈകുമെന്നുറപ്പാണ്. ഒന്നാം റീച്ചില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന തലശ്ശേരി മുതല്‍ മട്ടന്നൂര്‍ വരെയുള്ള റോഡ് നിര്‍മാണം ഇനിയും എങ്ങുമെത്തിയിട്ടില്ല. ഈ ഭാഗത്തുള്ള പാലത്തിന്റെ പ്രവൃത്തി ആരംഭിച്ചതു മാത്രമാണ് പൊതുമരാമത്ത് വകുപ്പിനു എടുത്തു പറയാന്‍ ഉള്ളത്. മട്ടന്നൂര്‍ വിമാനത്താവളം പ്രവൃത്തി സെപ്തംബറോടെ പൂര്‍ത്തിയാകുന്നതിനെത്തുടര്‍ന്നാണ് റോഡ് നിര്‍മാണം വേഗത്തിലാക്കാന്‍ അധികൃതര്‍ തയ്യാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."