അതിഥി തൊഴിലാളികളുടെ എണ്ണത്തില്‍ വ്യക്തതയില്ല; ആവാസ് പദ്ധതിയില്‍ ചേരാതെ അഞ്ച് ലക്ഷം പേര്‍
സ്വന്തം ലേഖകന്‍
മഞ്ചേരി: ലോക്ക്ഡൗണ്‍ കാലത്ത് സര്‍ക്കാരിന് പ്രതിസന്ധിയുണ്ടാക്കിയ അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ ഉദ്യോഗസ്ഥരും സ്‌പോണ്‍സര്‍മാരും വീഴ്ച വരുത്തുന്നതായി വിലയിരുത്തല്‍.
പായിപ്പാട് കവലയില്‍ അതിഥി തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയതിന് ശേഷം ഇവര്‍ക്ക് ഭക്ഷണം എത്തിക്കാനും സഹായങ്ങള്‍ ലഭ്യമാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. എങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്ന തൊഴിലാളികളുടെ കാര്യത്തില്‍ വിവിധ വകുപ്പുകള്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നതാണ് വസ്തുത. സംസ്ഥാനത്ത് എത്ര അതിഥി തൊഴിലാളികള്‍ താമസിക്കുന്നുണ്ടെന്ന കാര്യത്തില്‍ പോലും ഇപ്പോഴും വ്യക്തതയില്ല. അതിഥി തൊഴിലാളികളുടെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.
ഇതൊന്നും കാര്യക്ഷമമായി നടപ്പാക്കാത്തതും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെ എത്തിക്കുന്ന കരാറുകാരുടെ അശ്രദ്ധയും മൂലം നിരവധി പേര്‍ സുരക്ഷാ പദ്ധതികളൊന്നും അറിഞ്ഞിട്ട് പോലുമില്ല.
അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഓട്ടത്തിലാണ് ഇപ്പോള്‍ തൊഴില്‍ വകുപ്പ്. നേരത്തെ പ്രഖ്യാപിച്ച ആവാസ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയിരുന്നെങ്കില്‍ സംസ്ഥാനത്ത് എത്ര അതിഥി തൊഴിലാളികളാണ് താമസിക്കുന്നതെന്ന് എളുപ്പത്തില്‍ കണ്ടെത്താമായിരുന്നു. സംസ്ഥാനത്ത് 10 ലക്ഷത്തോളം അതിഥി തൊഴിലാളികള്‍ ഉണ്ടെന്നാണ് ഔദ്യോഗിക വിവരം.
എന്നാല്‍ ഇവരെ ജോലിക്ക് എത്തിക്കുന്ന കരാറുകാരുടെ കണക്ക് പ്രകാരം 15 ലക്ഷത്തിലധികം അതിഥി തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്. അതിഥി തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ആവാസ് പദ്ധതിയില്‍ ഇതുവരെ 509363 പേര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. ബാക്കിവരുന്ന അതിഥി തൊഴിലാളികളെ കുറിച്ച് സര്‍ക്കാരിന്റെ പക്കല്‍ വ്യക്തമായ വിവരങ്ങളില്ല.
പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ക്യാംപുകള്‍ സംഘടിപ്പിച്ച് കൂടുതല്‍ അതിഥി തൊഴിലാളികളെ പദ്ധതിയുടെ ഭാഗമാക്കാന്‍ തൊഴില്‍ വകുപ്പ് ശ്രമം നടത്തിയിരുന്നു.
എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം നാമമാത്രമായതോടെ ഇതും പരാജയപ്പെടുകയായിരുന്നു. കേരളത്തില്‍ എത്തുന്നവരുടെയും തിരിച്ച് പോകുന്നവരുടെയും വിവരങ്ങള്‍ തൊഴില്‍ വകുപ്പിനെ അറിയിക്കാന്‍ തൊഴിലാളികളെ എത്തിക്കുന്ന കരാറുകാര്‍ തയാറാകാത്തതും വിനയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."