പ്രൊഫഷണല്‍ വിദ്യാഭ്യസം നേടാന്‍ കഴിയാത്തത് എന്‍ട്രന്‍സ് പരീക്ഷ മൂലം: വെള്ളാപ്പള്ളി
തൃപ്രയാര്‍ : ഉന്നതവിജയം നേടിയിട്ടും സാധാരണക്കാരായ കുട്ടികള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യസം നേടാന്‍ കഴിയാത്തത് എന്‍ട്രന്‍സ് പരീക്ഷ മൂലമാണെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പിയോഗം നാട്ടിക യൂനിയന്‍ നാട്ടികയില്‍ സംഘടിപ്പിച്ച മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച മാര്‍ക്ക് നേടിയ സാധാരണക്കാരായ കുട്ടികളെ ഒഴിവാക്കി മാര്‍ക്ക് കുറഞ്ഞ സമ്പന്ന വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷ എഴുതാനുള്ള സാഹചര്യമാണുള്ളത്. കനത്ത ഫീസ് വാങ്ങി എന്‍ട്രന്‍സ് കോച്ചിങ് സെന്ററുകള്‍ നടത്തുന്ന ഏജന്‍സികള്‍ കോടീശ്വരന്‍മാരായി മാറുകയാണ്. മറ്റു സംസ്ഥാനങ്ങളിലെല്ലാം എന്‍ട്രന്‍സ് പരീക്ഷ എടുത്തു കളഞ്ഞിരിക്കുകയാണ്.
എന്‍ട്രന്‍സ് പരീക്ഷ ഒഴിവാക്കി മാര്‍ക്ക് കൂടുതലുള്ള കുട്ടികള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസ അഡ്മിഷന്‍ നല്‍കുന്ന വിദ്യാഭ്യാസ നയമാണ് സംസ്ഥാനത്ത് വേണ്ടതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നാട്ടിക യൂനിയനിലെ വിവിധ ശാഖകളില്‍ എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് ഉപഹാരങ്ങളും നിര്‍ധനരായ രോഗികള്‍ക്കുള്ള ചികിത്സാ സഹായവും വെള്ളാപ്പള്ളി വിതരണം ചെയ്തു.
എസ്.എന്‍.ഡി.പി നാട്ടിക യൂനിയന്‍ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ തഷ്ണാത്ത് അധ്യക്ഷനായിരുന്നു. ബി.ഡി.ജെ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി.ബാബു മുഖ്യാതിഥിയായി. എസ്.എന്‍.ഡി.പി യൂനിയന്‍ സെക്രട്ടറി മോഹനന്‍ കണ്ണമ്പുള്ളി, പി.കെ.പ്രസന്നന്‍, സലിം തഷ്ണാത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."