വരാപ്പുഴ കസ്റ്റഡി മരണം: പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു
തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അന്വേഷണം മരവിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരേ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സംഭവം സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടിസ് നിരാകരിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം സ്പീക്കറുടെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ ബാനറും ഉയര്‍ത്തി. ബഹളത്തെ തുടര്‍ന്ന് സഭ ചേരാനാകാതെ വന്നതോടെ ഇന്നലത്തേക്കു പിരിഞ്ഞു.
വി.ഡി സതീശനാണ് അടിയന്തരപ്രമേയ നോട്ടിസ് കൊണ്ടുവന്നത്. എന്നാല്‍ 13ന് ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ റൂളിങ് നല്‍കി.
തുടര്‍ന്ന് പ്രതിപക്ഷം ഒന്നടങ്കം സ്പീക്കറുടെ ഡയസിനടുത്തേക്കു നീങ്ങി സഭാ നടപടികള്‍ സ്തംഭിപ്പിക്കുകയായിരുന്നു. പ്രശ്‌നം അടിയന്തര സ്വഭാവമുള്ളതാണെന്നും നോട്ടിസ് പരിഗണിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതിക്രൂരമായ കസ്റ്റഡി മരണമാണ് വരാപ്പുഴയില്‍ നടന്നത്. കേസിലെ പ്രതികളെയും എസ്.പിയെയും ഡിവൈ.എസ്.പിയെയും രക്ഷിക്കാന്‍ ശ്രമം നടക്കുന്നു. സ്പീക്കറുടെ റൂളിങ് പുനഃപരിശോധിക്കണം. ഇതുസംബന്ധിച്ചു സഭയില്‍ ചോദ്യമുണ്ടായപ്പോള്‍ മുഖ്യമന്ത്രി മറുപടി നല്‍കിയതാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
എന്നാല്‍, ചട്ടം 52 പ്രകാരം ഇക്കാര്യം ചര്‍ച്ച ചെയ്യാനാകില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ ഒരു ചര്‍ച്ചയും സഭയില്‍ അവതരിപ്പിക്കുന്നത് ശരിയല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെങ്കിലും അസാധാരണ സംഭവമായതിനാല്‍ ചട്ടം 53 അനുസരിച്ച് സ്പീക്കറുടെ വിവേചനാധികാരം ഉപയോഗിച്ച് നോട്ടിസ് പരിഗണിക്കണമെന്ന് ചെന്നിത്തല വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ തന്റെ റൂളിങ്ങില്‍ ഉറച്ചുനിന്നു. ഇതോടെ പ്രതിപക്ഷം മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങളോട് ശാന്തരാകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല.
അടിയന്തര സ്വഭാവമുള്ളതാണെങ്കില്‍ ആദ്യദിനത്തില്‍ സഭയുടെ പരിഗണനയില്‍ കൊണ്ടുവരണമായിരുന്നെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കേസില്‍ ഒന്‍പതു പ്രതികളെ അറസ്റ്റ് ചെയ്തു. എസ്.പിയടക്കം 11 പേരെ സസ്‌പെന്‍ഡ് ചെയ്തുവെന്നും മന്ത്രി അറിയിച്ചു. വീണ്ടും പ്രതിപക്ഷം ബഹളം തുടര്‍ന്നതിനെ തുടര്‍ന്ന് 9.40ന് സഭ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്ന് സ്പീക്കര്‍ കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തി 10.05ന് സഭ വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷം ശാന്തരായില്ല. ഇതിനു മുന്‍പ് കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ബാര്‍ കോഴ കേസ്, സോളാര്‍ കേസ് എന്നിവ കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ സഭയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷം വീണ്ടും നടുത്തളത്തിലിറങ്ങിയതോടെ സഭ പ്രക്ഷുബ്ധമായി.
ഇതിനിടെ റോജി എം. ജോണും അന്‍വര്‍ സാദത്തും സ്പീക്കറെ മറക്കുന്ന രീതിയില്‍ ബാനര്‍ ഉയര്‍ത്തിപ്പിടിച്ചു. ഇന്ത്യയില്‍ ഒരു സഭയിലും കാണാത്ത പ്രവൃത്തിയാണിതെന്നും ഈ രീതി അവസാനിപ്പിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പിന്മാറാന്‍ പ്രതിപക്ഷ അംഗങ്ങള്‍ തയാറായില്ല. ബഹളം തുടര്‍ന്നതിനാല്‍ സഭാ നടപടികള്‍ പൂര്‍ത്തിയാക്കി 10.20ന് സഭ പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."