പട്ടില്‍ പൊതിഞ്ഞ പാഷാണം
എന്‍.ഡി.എഫ്: പരിണാമങ്ങളില്‍ ബാക്കിയായത് (ഭാഗം - 2)
ആദ്യകാലത്ത് സാമ്പത്തിക പ്രയാസങ്ങളൊക്കെ അനുഭവിച്ചെങ്കിലും പില്‍ക്കാലത്ത് സമ്പല്‍സമൃദ്ധമായി നേതാക്കളുടെ ജീവിതം. വിശുദ്ധ റമദാനില്‍ ഉത്തരേന്ത്യയിലെ മുസ്‌ലിംകളുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും പറഞ്ഞ് ഗള്‍ഫിലും നാട്ടിലും ജനങ്ങളെ കബളിപ്പിച്ച് കോടികളാണിവര്‍ പിരിക്കുന്നത്. പിരിവിന്റെ പതിനഞ്ച് ശതമാനം മാത്രമാണ് ദേശീയതലത്തിലേക്ക് കൊടുക്കുന്നത്. അതില്‍ തന്നെ ദേശീയ നേതാക്കളുടെ ചെലവ് കഴിച്ച് ബാക്കിവരുന്ന സംഖ്യയാണ് കണ്ണില്‍പൊടിയിടാന്‍ അവര്‍ക്ക് വേണ്ടി ചെലവഴിക്കുന്നത്. മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനമോ സുന്നി സംഘടനകളോ മലബാറിലെ ഒരു ജില്ലയില്‍ ചെലവഴിക്കുന്ന സംഖ്യ പോലും ഇവര്‍ ഇന്ത്യയില്‍ മൊത്തത്തില്‍ ചെലവാക്കുന്നില്ല.
നേതാക്കള്‍ക്ക് ശമ്പളം, യാത്ര, ഭക്ഷണം, താമസം, ചികിത്സ ഫോണ്‍ അലവന്‍സുകള്‍ നല്‍കുമ്പോള്‍ പ്രധാന പോസ്റ്റിലിരിക്കുന്നവര്‍ക്ക് വണ്ടി, ഡ്രൈവര്‍, സെക്യൂരിറ്റി അവരുടെ മുഴുവന്‍ ചെലവുകള്‍ പൊതുമുതലില്‍ നിന്നെടുക്കുന്നു. അവര്‍ ലക്ഷ്വറി ജീവിതം നയിക്കുമ്പോള്‍ കീഴിലുള്ളവരുടെ ചെലവുകള്‍ക്ക് റേഷനാണ്. ഈ ഇനത്തിലാണ് ഏറ്റവും കൂടുതല്‍ ചെലവ് വരുന്നത്. പൊതുമുതല്‍ കൊണ്ട് സുഭിക്ഷമായി ജീവിക്കുന്ന ഇവരാണ് സ്വന്തം കീശയിലെ കാശെടുത്ത് പൊതുസേവനം നടത്തുന്ന മുസ്‌ലിംലീഗിനെയും സുന്നി സംഘടനകളെയും വിമര്‍ശിക്കുന്നത്.
Also Read: എന്‍.ഡി.എഫ്: പരിണാമങ്ങളില്‍ ബാക്കിയായത്
ഇവരുടെ താല്‍പര്യപ്രകാരവും അല്ലാതെയും പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമുള്ള കേസിന്റെ നടത്തിപ്പിനും ജയിലില്‍ കിടക്കുന്നവരുടേയും ഒളിവില്‍ കഴിയുന്നവരുടേയും കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കും വരുന്ന ചെലവുകള്‍ ഇതില്‍ നിന്നാണെടുക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂരില്‍ ചെന്നപ്പോള്‍ പഞ്ചായത്ത് മുസ്‌ലിംലീഗ് നേതാവിനെ വെട്ടി ജയിലില്‍ കിടന്നു മത്സരിച്ച എന്‍.ഡി.എഫുകാരന്റെ കഥയറിയാന്‍ കഴിഞ്ഞു. എന്തിനേറെ പറയണം. വേളം പുത്തലത്ത് ലീഗിന്റേയും സമസ്തയുടേയും സജീവ പ്രവര്‍ത്തകനായ നസ്‌റുദ്ദീനെ കഠാരക്കിരയാക്കിയപ്പോള്‍ പറഞ്ഞത് ഞങ്ങള്‍ക്കതില്‍ പങ്കില്ല, ഞങ്ങള്‍ അറിയില്ല, ഞങ്ങള്‍ അതില്‍ അതിയായി ദുഃഖിക്കുന്നു. അതു ചെയ്ത എന്‍.ഡി.എഫുകാരനെ പുറത്താക്കി എന്നാണ്. പിന്നീട് കാണുന്നത് കൊലയാളികളെ സംരക്ഷിക്കുന്നതും പ്രമുഖ ക്രിമിനല്‍ വക്കീലിനെ വച്ച് ലക്ഷങ്ങള്‍ നല്‍കി കേസ് നടത്തുന്നതുമാണ്. അതില്‍ ഒരു സാക്ഷിയെ സ്വാധീനിക്കാന്‍ എന്നെ സമീപിച്ചപ്പോള്‍ പുറത്തു പറയുന്നത് ഒന്നും ഉള്ളില്‍ വേറെയുമാണോ എന്ന ചോദ്യത്തിനു മറുപടിയില്ലാതെ തിരിച്ചുപോവുകയായിരുന്നു. സമുദായത്തെ സംരക്ഷിക്കാന്‍ വേണ്ടി മുസ്‌ലിം സമുദായം നല്‍കുന്ന റമദാനിലെ സംഭാവനകള്‍ ചെലവഴിക്കുന്ന വഴികളാണിവ. എന്‍.ഡി.എഫുകാര്‍ മാത്രം വായിക്കുന്ന ഒരു പത്രം ഗവ. പരസ്യം നിഷേധിച്ചതിനാല്‍ നിലനിര്‍ത്താന്‍ വേണ്ടി കോടികളാണ് ഓരോ വര്‍ഷവും ചെലവഴിക്കുന്നത്.
1989ല്‍ തുടങ്ങി പരസ്യമായി പ്രവര്‍ത്തനം തുടങ്ങിയതിനു ശേഷം കഴിഞ്ഞ 25 കൊല്ലത്തെ ചരിത്രത്തില്‍ കേരളത്തില്‍ എന്‍.ഡി.എഫ് വളര്‍ച്ചയില്‍ ഒരേ നില്‍പ്പാണ്. പുതുതായി വരുന്നതിനനുസരിച്ച് ആളുകള്‍ കൊഴിഞ്ഞു പോകുന്നു. വേറെ ഒരു പ്രസ്ഥാനവും ഇങ്ങനെ കാണില്ല. പാര്‍ട്ടിയാണെങ്കില്‍ രൂപീകരിച്ച 2009ല്‍ ഉള്ളതിന്റെ പകുതി മെമ്പര്‍മാരേ ഇപ്പോഴുള്ളൂ.
അതുകൊണ്ടുതന്നെ പരിപാടികള്‍ നടക്കുമ്പോള്‍ മറ്റു സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ബസുകളിലും മറ്റു വാഹനങ്ങളിലും കൊണ്ടുവന്ന് തിരിച്ച് എത്തിച്ച് കൊടുക്കുന്നു. കല്യാണത്തിന് വാടക സാധനങ്ങള്‍ കൊണ്ടുവരുന്ന രീതിയാണിത്. ഇങ്ങനെയാണ് ജനക്കൂട്ടത്തെ കാണിച്ചു കൊടുക്കുന്നത്. ഇതാണ് മറ്റൊരു ചെലവ്. എന്‍.ഡി.എഫ് എന്ന പേര് മാറ്റുന്നത് പൊലിസിന്റെയും ജനങ്ങളുടെയും കണ്ണില്‍പൊടിയിടാനാണ്. മൊത്തത്തില്‍ എല്ലാം എന്‍.ഡി.എഫ് തന്നെയാണ്.
പാര്‍ട്ടി അതിന്റെ പോഷക സംഘടനകള്‍, പണ്ഡിത സംഘടന, വനിത, വിദ്യാര്‍ഥി സംഘടനകള്‍, മനുഷ്യാവകാശ പ്രസ്ഥാനം തുടങ്ങി മുഴുവന്‍ പോഷക സംഘടനകളുടേയും അജണ്ടയും പ്രവര്‍ത്തനങ്ങളും തീരുമാനിക്കുന്നതും യൂനിറ്റ്തലം മുതല്‍ ദേശീയ നേതൃത്വം വരെ രഹസ്യമായി ഭാരവാഹികളെ തീരുമാനിക്കുന്നതും എന്‍.ഡി.എഫ് ആണ്. എന്‍.ഡി.എഫിനെ നയിക്കുന്നത് നേരത്തെ പറഞ്ഞ മുന്‍ സിമിക്കാരായ ജമാഅത്ത് ആശയക്കാരും സലഫികളുമാണ്. ജനങ്ങളാല്‍ ബഹിഷ്‌കരിക്കപ്പെട്ട തീവ്ര ആശയക്കാരായ ഇവര്‍ക്ക് ഒരിക്കലും സമുദായത്തെ നയിക്കുവാനോ പൊതു സമൂഹത്തെ സംഘടിപ്പിക്കുവാനോ കഴിയില്ല. അതുകൊണ്ടുതന്നെയാണ് പാര്‍ട്ടി തുടങ്ങി ഒമ്പതു വര്‍ഷമായിട്ടും വളര്‍ച്ച പിന്നോട്ടു പോകുന്നത്. കര്‍ണാടകയില്‍ കഴിഞ്ഞ പ്രാവശ്യം രണ്ടാം സ്ഥാനത്തായ നരസിംഹ രാജ മണ്ഡലത്തില്‍ ഈ പ്രാവശ്യം എം.എല്‍.എയെ അവര്‍ ഉറപ്പിച്ചിരുന്നു, ഫലം വന്നപ്പോള്‍ കഴിഞ്ഞതിനേക്കാള്‍ വോട്ട് കുറയുകയും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു.ആദ്യം നമ്മള്‍ തോല്‍പിക്കാന്‍ വേണ്ടിയും പിന്നെ തോല്‍ക്കാന്‍ വേണ്ടിയും പിന്നെ ജയിക്കാന്‍ വേണ്ടിയും മത്സരിക്കുമെന്ന് പ്രവചനം നടത്തിയ സ്ഥാപക നേതാവ് മത്സരങ്ങള്‍ മൂന്നും നടന്നപ്പോള്‍ ഒന്നും കിട്ടാതെ ഇപ്പോള്‍ പറയുന്നു അടുത്ത തലമുറക്ക് വേണ്ടിയാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നതെന്ന്. 29 വര്‍ഷമായിട്ടും ഒന്നും നേടാത്തവര്‍ ഇനി എപ്പോഴാണ് നേടാന്‍ പോവുന്നത്. ഇവര്‍ തുടങ്ങുമ്പോള്‍ രണ്ട് എം.പിമാരില്‍ തുടങ്ങിയ ബി.ജെ.പി ഇന്ന് രാജ്യം ഭരിക്കുന്നു. മതപരമായ ഇവരുടെ ക്ലാസുകളും മറ്റും കണ്ടക്റ്റ് ചെയ്യുന്നത് സലഫീ ആശയക്കാരാണ്. ഇവരുടെ എജ്യുക്കേഷന്‍ വിഭാഗത്തിന്റെ മാസ്റ്റര്‍ ബ്രെയിന്‍ നേരത്തെ സുന്നികളുമായി വാദപ്രതിവാദം നടത്താറുണ്ടായിരുന്ന ഒരു സലഫി പ്രഭാഷകനാണ്. പുസ്തകങ്ങള്‍ എഴുതുന്നതും മറ്റും കടുത്ത സലഫീ പശ്ചാത്തലമുള്ള പാര്‍ട്ടി ദേശീയ പ്രസിഡന്റാണ്.
ആശയപരമായി സലഫിസവും രാഷ്ട്രീയപരമായി ഇഖ്‌വാനുല്‍ മുസ്‌ലിമീനെയും ജമാഅത്തെ ഇസ്‌ലാമിയേയും നെഞ്ചിലേറ്റുന്നവരുമാണിവര്‍. ഇവരുടെ പള്ളികളായ മഞ്ചേരി ഗ്രീന്‍വാലി മസ്ജിദിലും മാനന്തവാടി ടൗണ്‍ മസ്ജിദിലും മലയാളത്തിലാണ് വെള്ളിയാഴ്ച ഖുതുബ നടക്കുന്നത്.
ഇപ്പോള്‍ ഇവരുടെ മുന്‍ സിമിക്കാരനായ നേതാവ് സുന്നി പണ്ഡിതരേയും നേതാക്കളേയും പറ്റി മോശമായ രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടപ്പോള്‍ ഇവര്‍ പറയുന്നത് അത് അദ്ദേഹത്തിന്റെ ആശയമാണെന്നാണ്. സംഘടനക്കതില്‍ ബന്ധമില്ലെന്നും.
എന്നാല്‍, എന്തുകൊണ്ട് ഇവരിലെ സുന്നി നേതാക്കള്‍ക്ക് ബിദഈ പ്രസ്ഥാനങ്ങള്‍ക്കെതിരെ സംസാരിച്ചുകൂടാ. അങ്ങനെ സംസാരിച്ചാല്‍ അയാള്‍ പുറത്തായിരിക്കും. സുന്നികളെ തള്ളിപ്പറയുന്ന ആളുകള്‍ക്കേ അതില്‍ വിലയുള്ളൂ. നന്തി കോളജില്‍ നിന്ന് ബിരുദമെടുത്ത് പിന്നീട് കടുത്ത മൗദൂദി ആശയക്കാരനായി മാറിയ ആളായിരുന്നു കുറെക്കാലം ക്ലാസുകളൊക്കെ നടത്തിയത് എന്നത് ഇതിന് തെളിവാണ്.
ഇവരുടെ വലയില്‍ വീണ ആളുകളോട് പറയാനുള്ളത് ഇവരെ വച്ചുകൊണ്ട് ഇന്ത്യാ രാജ്യത്തോ കേരളത്തിലോ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്താമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. ഒരു സുപ്രഭാതത്തില്‍ പുതുതലമുറ നേതൃത്വം പിടിച്ചെടുക്കുമെന്നും അന്ന് മാറ്റങ്ങള്‍ വരുമെന്നും വിശ്വസിക്കുന്ന ചിലരെങ്കിലും ഇനിയുമുണ്ട്. അങ്ങനെയുള്ള യാതൊരു മാറ്റങ്ങള്‍ക്കും വിധേയമാവാത്ത രീതിയിലുള്ള കേഡറിസത്തിന്റെ ശക്തമായ പുറംതോടുകള്‍ അവര്‍ തീര്‍ത്തുവച്ചിട്ടുണ്ട്. അത് പൊട്ടിച്ചു കളയാമെന്നത് ദിവാസ്വപ്‌നം മാത്രമാണ്.
തീവ്രവാദത്തിന്റേയും പുത്തനാശയത്തിന്റേയും കുരുക്കുകളില്‍ നിന്ന് സച്ചരിതരായ പണ്ഡിതന്‍മാരുടെ പാതയിലേക്ക് കടന്നുവരണമെന്നാണ് എനിക്ക് പറയാനുള്ളത്. തീവ്രാശയക്കാരായ ജമാഅത്തുകാരുടെ കെണിയില്‍ ആരും പെട്ടുപോകരുതെന്ന ശംസുല്‍ ഉലമയുടെ ഉപദേശം എല്ലാവരും സ്വീകരിക്കുക.
(അവസാനിച്ചു)
(2017 ഡിസംബറില്‍ എസ്.ഡി.പി.ഐ സംസ്ഥാന നേതൃത്വത്തില്‍ നിന്നു രാജിവച്ച് മാതൃസംഘടനയായ സമസ്തയിലേക്കും മുസ്‌ലിംലീഗിലേക്കും തിരിച്ചുവന്ന വ്യക്തിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."