ഡാക് സേവക്മാരുടെ ശമ്പളം പരിഷ്‌കരിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ ഗ്രാമീണ ഡാക് സേവക്മാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ക്ക് 12,000 രൂപ കുറഞ്ഞ വേതനവും അസിസ്റ്റന്റിന് 10,000 രൂപയും ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മാതൃകയില്‍ ക്ഷാമബത്തയും ഇവര്‍ക്ക് അനുവദിക്കും. ഇവരുടെ തസ്തികയുടെ പേര് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ എന്നാക്കാനും മന്ത്രിസഭ തീരുമാനിച്ചു. 3.07 ലക്ഷം പേര്‍ക്കായിരിക്കും ഇതിന്റെ ഗുണം ലഭിക്കുക.
പദ്ധതി നടപ്പാക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാരിന് 1258 കോടിയുടെ അധികബാധ്യതയുണ്ടാകും.ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ഗ്രാമീണ ഡാക് സേവക്മാര്‍ (ജി.ഡി.എസ്) ഏറെ നാളായി സമരത്തിലായിരുന്നു. തപാല്‍ വകുപ്പിലെ നാലര ലക്ഷത്തോളം വരുന്ന ജീവനക്കാരില്‍ 2.63 ലക്ഷം തൊഴിലാളികളും ജി.ഡി.എസുകാരാണ്. കേരളത്തില്‍ ഏകദേശം 15,000ത്തോളം ജി.ഡി.എസ് ജീവനക്കാരുണ്ട്. ഗ്രാമീണ മേഖലയിലെ തപാല്‍ ജീവനക്കാരുടെ തൊഴിലവസ്ഥയെപ്പറ്റി 2016 നവംബര്‍ 16നാണ് കമലേഷ് ചന്ദ്രാ കമ്മിറ്റി കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉടനെ എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കമെന്ന് ധനമന്ത്രി വാക്കുനല്‍കിയിരുന്നു.
എന്നാല്‍ 18 മാസങ്ങള്‍ കഴിഞ്ഞിട്ടും ശമ്പളയിനത്തില്‍ യാതൊരു വിധ മാറ്റങ്ങളും ജി.ഡി.എസ് തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ കൊണ്ടുവന്നില്ല. ഇതിനെത്തുടര്‍ന്നാണ് ജീവനക്കാര്‍ സമരം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."