സര്‍പ്രൈസ് സര്‍പ്രൈസ്...
ആഷ്‌ലി!
കുട്ടികള്‍ അത്ഭുതത്തിലും സന്തോഷത്തിലും വിളിച്ചു പറഞ്ഞു.
അവരില്‍ പലരും തങ്ങള്‍ കാണുന്നത് യാഥാര്‍ഥ്യം തന്നെയോ എന്ന് വിശ്വസിക്കാനാവാതെ ഇരിക്കവെ ആഷ്‌ലിയും ഒപ്പം അവളുടെ മാമനും വന്ന് വണ്ടിയില്‍ കയറി.
'എങ്ങനെയുണ്ട് എന്റെ സര്‍പ്രൈസ്
പാക്കേജ്' ജീവന്‍ മാഷ് കുസൃതിച്ചിരിയോടെ ചോദിച്ചു.
'ഇത് പൊളിച്ചു മാഷേ' വിവേക് പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു.
അക്ഷര തന്റെ വിന്‍ഡോ സീറ്റ് ആഷ്‌ലിയ്ക്ക് ഒഴിഞ്ഞ് കൊടുത്ത് അവളെ അവിടെ ഇരുത്തി. ആരവ് അപ്പര്‍ബെര്‍ത്തിന് മുകളിലേക്ക് കയറി ഇരുന്ന് അക്കുമാഷിനും ഇടംനല്‍കി.
ട്രെയിന്‍ പനവേല്‍സ്റ്റേഷന്‍ വിട്ട് നീങ്ങിത്തുടങ്ങി.
അക്കുമാമനെന്താണ് ഇറങ്ങാത്തത് ? കുട്ടികള്‍ക്ക് സംശയമായി.
'മാമനും ഉണ്ടോ ഞങ്ങളുടെ കൂടെ?
'ശ്രദ്ധ അത് ചോദിക്കുകയും ചെയ്തു.
'ഞാനുമുണ്ട്' അക്കുമാമന്‍ പറഞ്ഞു. 'പക്ഷേ അടുത്ത സ്റ്റേഷനായ വസായി വരെ മാത്രം' മാമന്‍ ചിരിച്ചു. 'അവിടെയെത്തുമ്പോള്‍ എന്റെ ടിക്കറ്റ് തീരും'
അക്കുമാമനെ കുട്ടികളില്‍ മിക്കവര്‍ക്കും പരിചയമുണ്ടായിരുന്നു.
ഹൈസ്‌ക്കൂളില്‍ കുട്ടികളെ മലയാളം പഠിപ്പിക്കുന്ന മാഷാണ് അക്കുമാമന്‍. അതിലുപരി ഒരെഴുത്തുകാരനും. കുട്ടികള്‍ക്കുള്ളതുള്‍പ്പടെ നാലോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട് മാമന്‍.
'നാം സ്റ്റേഷനില്‍ തനിച്ചാക്കിപ്പോന്ന ആഷ്‌ലി എങ്ങനെയാണ് സമയദൂരങ്ങളെ പിന്നിലാക്കി നമുക്ക് മുമ്പേ ഇവിടെ എത്തിയത് എന്ന് അറിയേണ്ടേ നിങ്ങള്‍ക്ക് ' ജീവന്‍ മാഷ് ചോദിച്ചു.
'പിന്നെ വേണ്ടേ?! ശരിക്കും അത്ഭുതകരമായിരിക്കുന്നു ഇത് '. ചിന്തച്ചേച്ചി പറഞ്ഞു,
'ശരി, അതേപ്പറ്റി ഇനി അക്കുമാഷ് വിശദമായി പറയും. ഞാനിതാ മൈക്ക് മാഷിന് കൈമാറുന്നു.' ജീവന്‍മാഷ് ചിരിയോടെ അക്കുമാമനെ നോക്കി.
'ഞങ്ങള്‍ സ്റ്റേഷനില്‍ വണ്ടിയില്‍ കയറാനാവാതെ തരിച്ച് നിന്നത് നിങ്ങള്‍ കണ്ടതാണല്ലോ'
സീറ്റില്‍ ഒന്നിളകി മുന്നോട്ടാഞ്ഞ് ഇരുന്ന് അക്കുമാമന്‍ പറയാന്‍ തുടങ്ങി.
'പ്ലാറ്റ് ഫോമില്‍ അന്നേരമുണ്ടായിരുന്ന ഏതാനും പേര്‍ ഞങ്ങളെ കണ്ടിരുന്നു. അക്കൂട്ടത്തില്‍ രണ്ട് റെയില്‍വേ പോര്‍ട്ടര്‍മാരും ഉണ്ടായിരുന്നു. ഞങ്ങളുടെ നിര്‍ഭാഗ്യാവസ്ഥ മനസ്സിലാക്കിയ അവര്‍ ഞങ്ങളെ ആശ്വസിപ്പിച്ചു. പിന്നെ പ്ലാറ്റ്‌ഫോമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലിസുകാരന്റെയടുത്തേക്ക് കൊണ്ട് പോയി.
അദ്ദേഹം കാര്യങ്ങളൊക്കെയും കേട്ടശേഷം ഞങ്ങളെ സ്റ്റേഷന്‍മാസ്റ്റര്‍മാരില്‍ ഒരാളുടെ അടുത്തേക്കാണ് കൊണ്ടുപോയത്. സ്റ്റേഷന്‍മാസ്റ്റര്‍ ഞങ്ങളെയെല്ലാം കൂട്ടി സ്റ്റേഷന്‍ മാനേജരുടെ ഓഫിസിലേക്ക് നടന്നു.
ഇംഗ്ലീഷും ഹിന്ദിയും മാത്രമറിയാവുന്ന അദ്ദേഹത്തോടും ഞങ്ങള്‍ കാര്യങ്ങള്‍ വിശദീകരിച്ചു. എല്ലാം കേട്ട് അദ്ദേഹം കുറച്ച് നേരം ആലോചിച്ചിരുന്നു. പൊലിസുകാരനും സ്റ്റേഷന്‍മാസ്റ്ററും ഉള്‍പ്പടെ എല്ലാവരും നല്‍കിയ പ്രതീക്ഷകളോടെ ഞങ്ങള്‍ അദ്ദേഹത്തിന് മുമ്പില്‍ ഇരുന്നു.
നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള പക്ഷം യാത്ര തുടരാം. അദ്ദേഹം ഇംഗ്ലീഷും ഹിന്ദിയും കൂട്ടിക്കലര്‍ത്തി പറഞ്ഞു. ഞങ്ങള്‍ അദ്ദേഹത്തെ തന്നെ ശ്രദ്ധിച്ചു.
സാധാരണഗതിയില്‍ ഞങ്ങള്‍ ഉപയോഗപ്പെടുത്താത്ത ഒരു വഴിയാണ്, ചില അടിയന്തര സാഹചര്യങ്ങളില്‍ മാത്രം പ്രയോജനപ്പെടുത്തുന്നത് അദ്ദേഹം തുടര്‍ന്നു.
തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്കു
പോകുന്ന ഒരു സ്‌പെഷല്‍ തീവണ്ടി 2.05 എത്തും. അതില്‍ പോയാല്‍ നാളെ വൈകുന്നേരത്തോടെ മിക്കവാറും പനവേല്‍ സ്റ്റേഷ
നില്‍ വെച്ച് നിങ്ങള്‍ക്ക് മറ്റുള്ളവര്‍ കയറിപ്പോയ തീവണ്ടിയുടെ ഒപ്പം എത്താം.
സ്‌പെഷല്‍ തീവണ്ടി ആയതിനാല്‍ മറ്റ് തീവണ്ടികളെ അപേക്ഷിച്ച് വേഗം കൂടുതലാണ്. മാത്രവുമല്ല ട്രാക്കിലെ മറ്റ് തീവണ്ടികളൊക്കെ അതിന് വഴിമാറുകയും ചെയ്യും. അത്‌കൊണ്ടാണ് നിങ്ങളുടെ കൂടെ ഉള്ളവര്‍ പോയ തീവണ്ടിയെ
പാതിദൂരം പിന്നിടുംമുമ്പേ അത് ഓടി പിന്നിലാക്കുന്നത്്.
സാധാരണ കീഴ് വഴക്കംതെറ്റിച്ച് അടിയന്തര ക്വാട്ടയില്‍ മന്ത്രിമാര്‍ക്കോ ജനപ്രതിനിധികള്‍ക്കോ ഒക്കെയുള്ള സീറ്റുകളില്‍ രണ്ടെണ്ണം എന്റെ പ്രത്യേകാധികാരം ഉപയോഗിച്ച് നിങ്ങള്‍ക്ക് അനുവദിക്കാനാവും. ടിക്കറ്റ് ചാര്‍ജ് ഒരല്‍പം കൂടുതലാവും എന്ന് മാത്രം. തീരുമാനം നിങ്ങളുടേതാണ്. ആലോചിച്ച് പറയൂ. സഹായിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. അദ്ദേഹം പറഞ്ഞ്
നിര്‍ത്തി.
ഞങ്ങള്‍ ആ തീവണ്ടിയില്‍ പോവാന്‍ സന്നദ്ധരാണെന്ന് അപ്പോള്‍ത്തന്നെ ഞാനദ്ദേഹത്തെ അറിയിച്ചു.
ആശ്വാസത്തോടെ ആ ഉദ്യോഗസ്ഥനോട് നന്ദി പറഞ്ഞ് ഞങ്ങള്‍ വിശ്രമമുറിയിലേക്ക് നടന്നു.
കൃത്യസമയത്ത് തന്നെ വണ്ടി വന്നു. ഞങ്ങള്‍ അതില്‍ കയറി യാത്ര തുടരുകയും ചെയ്തു. ഫോണിലെ ചാര്‍ജ് തീര്‍ന്ന് പോയതിനാല്‍ വണ്ടിയില്‍ വെച്ച് പരിചയപ്പെട്ട ഒരാളുടെ ഫോണില്‍ വിളിച്ചാണ് പിന്നാലെയുള്ള വിവരം മാഷിനെ അറിയിച്ചത്. ഇടയ്‌ക്കെവിടെയോ വെച്ച് ഞങ്ങളുടെ വണ്ടി നിങ്ങളുടേതിനെ മറികടക്കുകകൂടി ചെയ്തതോടെ ആശ്വാസമായി. പിന്നെ കൃത്യം ആറ് മണിയ്ക്ക് തന്നെ പനവേലില്‍ ഇറങ്ങി കാത്തിരിക്കുകയായിരുന്നു '
അക്കുമാമന്‍ പറഞ്ഞു നിര്‍ത്തി.
'ഇത് കേട്ടപ്പോള്‍ ഞാനോര്‍ത്തത് ഒരു സിനിമയെപ്പറ്റിയാണ്' ചിന്തച്ചേച്ചി പറഞ്ഞു.
'മുമ്പ് ഞാന്‍ കണ്ട ഒരു വിദേശ സിനിമയെപ്പറ്റിയാണ്. 'യെല്ലോ ഹൗസ്' എന്നാണതിന്റെ പേര്. അമോല്‍ഹാക്കര്‍ സംവിധാനം ചെയ്ത അള്‍ജീരിയന്‍ ഫ്രഞ്ച് സിനിമ. കഥവേണമെങ്കില്‍ ഞാന്‍ ചുരുക്കി പറയാം.'
'അതെ കഥപറയൂ'. അക്കുമാന്‍ പറഞ്ഞു. 'ഇരുട്ടായിത്തുടങ്ങിയതിനാല്‍ പുറത്തെ കാഴ്ചകള്‍ കാണാനാവില്ലല്ലോ. ഒരു സിനിമാക്കഥ ആരെങ്കിലും പറയുന്നത് കേട്ടിട്ട് എത്രയോ കാലമായി'
'ശരിയാ പണ്ടൊക്കെ നമ്മുടെയൊക്കെ ബാല്യത്തില്‍ കണ്ട സിനിമകളുടെ കഥകള്‍ രസകരമായി മറ്റുള്ളവര്‍ക്ക് പറഞ്ഞ്‌കൊടുക്കുന്നത് പ്രിയപ്പെട്ട ഒരു വിനോദമായിരുന്നു. 'ജീവന്‍ മാഷ് പറഞ്ഞു.
'ഒരു കുഗ്രാമത്തിലെ കര്‍ഷക കുടുംബത്തിലെ ഒരു ചെറുപ്പക്കാരന്‍. അവന് പട്ടാളത്തില്‍ ജോലി കിട്ടുന്നു' ചിന്തച്ചേച്ചി പറഞ്ഞുതുടങ്ങി.
'അവന്‍ സന്തോഷപൂര്‍വ്വം അത് സ്വീകരിക്കുകയും ജോലി ആരംഭിക്കുകയും ചെയ്യുന്നു. പക്ഷേ ഒരുനിര്‍ഭാഗ്യസംഭവത്തില്‍പ്പെട്ട് അവന്‍ കൊല്ലപ്പെടുന്നു. അവന്റെ പിതാവ് സ്വന്തമായുള്ള പച്ചക്കറികൊണ്ടുപോവുന്ന തുറന്ന
പിന്‍ഭാഗമുള്ള ചെറുവാഹനത്തില്‍ മകന്റെ മൃതദേഹവും സാധനസാമഗ്രികളും ഏറ്റുവാങ്ങി മടങ്ങുന്നു. ആരെയും വേദനിപ്പിക്കുന്ന ദൃശ്യമാണ് മകന്റെ മൃതദേഹവും വഹിച്ചുകൊണ്ട് പിതാവ് ഒറ്റയ്ക്ക് നടത്തുന്ന ആ യാത്ര '
ചിന്തച്ചേച്ചി തെല്ലിട ഒന്ന് നിര്‍ത്തി. പിന്നെ തുടര്‍ന്നു.
'മകന്റെ അകാലത്തിലുള്ള മരണം അവന്റെ അമ്മയെ ആകെ തകര്‍ക്കുന്നു. അത് സ്വാഭാവികം. കുടുത്ത വിഷാദത്തിലായിപ്പോയ അവരെ സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാന്‍ ആ പാവപ്പെട്ട കുടുംബം പല വഴികളും നോക്കുന്നുണ്ട്. ചികിത്സകള്‍, ആഘോഷങ്ങള്‍, കുടുംബ സന്ദര്‍ശനങ്ങള്‍ ....അങ്ങനെ പലതും. വീടിന് മഞ്ഞചായമടിച്ചാല്‍ ദു:ഖത്തിന് ആശ്വാസമുണ്ടാവും എന്ന് കേട്ടപ്പോള്‍ ആ പാവം കര്‍ഷകന്‍ അതും പരീക്ഷിക്കുന്നു.
പക്ഷേ ഒന്നും ഫലവത്താകുന്നില്ല. ദു:ഖം ബാക്കി. മകന്റെ മൃതദേഹത്തോടൊപ്പം ലഭിച്ച അവന്റെ സാധനങ്ങള്‍ പരിശോധിച്ചപ്പോള്‍ അക്കൂട്ടത്തില്‍ നിന്ന് ഒരു വിഡിയോ കാസറ്റ് അവര്‍ കണ്ടെടുക്കുന്നു. അതില്‍ അവന്‍ തീര്‍ച്ചയായും ഉണ്ടാവും. അവന്റെ മുഖം കാണുന്നത് കുടുംബത്തിന്, വിശേഷിച്ച് അമ്മയ്ക്ക് ആശ്വാസകരമാവുമെന്ന് ആ
പിതാവ് കരുതി. പക്ഷേ അവരുടെ കുഞ്ഞുവീട്ടില്‍ ഒരു ടെലിവിഷന്‍ സെറ്റോ മറ്റുപകരണങ്ങളോ ഉണ്ടായിരുന്നില്ല.
പിതാവ് എവിടെയെല്ലാമോ തപ്പിത്തിരഞ്ഞ് അവസാനം പഴയ ഒരു ടെലിവിഷന്‍ സെറ്റ് സംഘടിപ്പിച്ച് വീട്ടിലെത്തിക്കുന്നു. അപ്പോഴാണ് അടുത്ത പ്രശ്‌നം. അത് പ്രവര്‍ത്തിപ്പിക്കാന്‍ വീട് വൈദ്യുതീകരിക്കപ്പെട്ടിരുന്നില്ല. അവരുടെ വീടിന് മുകളിലൂടെയാണ് മറ്റ് ദൂരദേശങ്ങളിലേക്കുള്ള ഹൈ ടെന്‍ഷന്‍ ലൈന്‍ കടന്ന് പോയിരുന്നത് എങ്കിലും ആ പ്രദേശത്ത് ഒരു വീട്ടിലും വൈദ്യുതി ഉണ്ടായിരുന്നില്ല. പിതാവും അദ്ദേഹത്തിന്റെ ഒരു സുഹൃത്തുംകൂടി വീട്ടിലേക്ക് വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതാണ് നാം പിന്നീട് കാണുന്നത്. അതിനായവര്‍ നേരെ കടന്ന് ചെല്ലുന്നത് ഭരണകൂടത്തിന്റെ ആസ്ഥാനത്തേക്ക് തന്നെയാണ്. എന്നിട്ട് അവിടെയുള്ള ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മുമ്പാകെത്തന്നെ തങ്ങളുടെ പ്രശ്‌നം അവതരിപ്പിക്കുകയും ചെയ്യുന്നു. അതായത് നമ്മുടെ നാട്ടിലെ സംസ്ഥാന ചീഫ് സെക്രട്ടറിയോടെ മറ്റോ നേരിട്ട് ചെന്ന് പരാതി പറയും പോലെ.
ഏതായാലും അതിന് ഉടന്‍തന്നെ ഫലവുമുണ്ടായി. ആ രാജ്യത്തെ ഭരണകൂടം ഒരൊറ്റ
പൗരന്റെ ആവശ്യത്തിന് വേണ്ടി കീഴ്‌വഴക്കങ്ങളില്‍ ഇളവുകള്‍ വരുത്തുകയും തൊട്ടടുത്ത ദിവസം തന്നെ ആ വീടിന് മുകളിലൂടെ കടന്ന് പോവുന്ന ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ നിന്ന് പ്രത്യേക സംവിധാനമുപയോഗിച്ച് കണക്ഷന്‍ നല്‍കുകയും ചെയ്തു.
തുടര്‍ന്ന് ആ അമ്മ മകന്റെ വീഡിയോ ചിത്രങ്ങള്‍ ടി.വിയില്‍ കാണുന്നത് കാണിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്.
ഇവിടെ ആഷ്‌ലി എന്ന ഒരൊറ്റയാത്രികയ്ക്ക് വേണ്ടി മാത്രം റെയില്‍വേ അതിന്റെ കീഴ്‌വഴക്കങ്ങളും നിയമങ്ങളും മാറ്റിവെച്ചു എന്നറിഞ്ഞപ്പോള്‍ ഞാന്‍ അക്കഥയാണ് ഓര്‍ത്തത്.' ചിന്താമിസ് പറഞ്ഞുനിര്‍ത്തി.
'ശരിക്കും പറഞ്ഞാല്‍ നമ്മുടെ ഭരണകൂടങ്ങള്‍, ഔദ്യോഗികസംവിധാനങ്ങള്‍, രാഷ്ട്രീയ നേതൃത്വം, വ്യക്തികള്‍ ഒക്കെയും ഇങ്ങനെ വലുപ്പചെറുപ്പം നോക്കാതെ മറ്റുള്ളവരുടെ ദു:ഖങ്ങളിലും സങ്കടങ്ങളിലും ഇടപെടുകയായിരുന്നുവെങ്കില്‍ ലോകം എത്ര നന്നായേനെ'. ചിന്താമിസ് നെടുവീര്‍പ്പിട്ടു.
'അതെ' അക്കുമാമന്‍ പറഞ്ഞു. 'ഒരു വ്യക്തിയുടെ ഹൃദയശസ്ത്രക്രിയക്ക് വേണ്ടി മാത്രം വിമാനം വിട്ടുകൊടുത്തത് ഈയിടെ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നുവല്ലോ. എന്റെ അഭിപ്രായത്തില്‍ അത്തരം സാഹചര്യങ്ങളില്‍ ഭരണകൂടം ഏതറ്റവും വരെയും പോവണം. ഒരാളുടെ അസുഖം മാറാനായിപ്പോലും വിമാനങ്ങള്‍ മാത്രമല്ല ഉപഗ്രഹങ്ങള്‍ പോലും തിരികെ വിളിക്കണം. പൗരക്ഷേമത്തെ സംബന്ധിച്ച് നമ്മുടെ സങ്കല്‍പം അതാവണം.' അക്കു മാഷ് പറഞ്ഞു.
'അപ്പോള്‍ ഞാന്‍ ഇറങ്ങാന്‍ നോക്കട്ടെ. വസായി റോഡ് ആവാറായി. നിങ്ങളുടെ കൂടെ ഇങ്ങനെ പോന്നാല്‍ ദില്ലിയെത്തിയാലും ഞാന്‍ അറിഞ്ഞെന്ന് വരില്ല' അക്കുമാഷ് ചിരിച്ചു.
'അല്ല മാമനെന്താ ഞങ്ങളോടൊപ്പം വന്നാല്‍?' അലന്‍ ചോദിച്ചു.
'പക്ഷേ നാട്ടിലെത്തിയിട്ട് തീര്‍ക്കാന്‍ മുന്‍കൂട്ടി നിശ്ചയിച്ച കുറച്ച് പരിപാടികളുണ്ട് മക്കളെ. ചില ക്ലാസുകളും മറ്റും. അല്ലെങ്കില്‍ ഞാന്‍ വന്നേനെ.'
വണ്ടി വേഗത കുറച്ച് വസായിറോഡ് സ്റ്റേഷനില്‍ നിര്‍ത്തി. അക്കുമാമന്‍ ഏവര്‍ക്കും ശുഭയാത്ര നേര്‍ന്ന് കൈകൊടുത്ത് എഴുന്നേറ്റു.
പിന്നെ പ്ലാറ്റ്‌ഫോമിലെ വെള്ളിവെളിച്ചത്തിലേക്കിറങ്ങി നിന്നു. കുട്ടികള്‍ സ്‌നേഹ
പൂര്‍വ്വം കൈകള്‍ വീശി അക്കുമാമനെ
യാത്രയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."