HOME
DETAILS
MAL
ആരോഗ്യപ്രവര്‍ത്തകര്‍ പോരാളികള്‍, അവരുടെ സുരക്ഷ ഉറപ്പാക്കൂ: സുപ്രിം കോടതി
backup
April 09 2020 | 03:04 AM
ന്യൂഡല്‍ഹി: കൊവിഡിനെതിരായി പോരാടുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പോരാളികളാണെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും സുപ്രിംകോടതി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെ രണ്ടംഗബെഞ്ചിലെ ജസ്റ്റിസ് അശോക് ഭൂഷണാണ് ഈ അഭിപ്രായ പ്രകടനം നടത്തിയത്.
മതിയായ സുരക്ഷാസംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിക്കേണ്ടിവന്നതിനാല്‍ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചതായി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ഉറപ്പുനല്‍കി.
ആരോഗ്യപ്രവര്‍ത്തകര്‍ക്കാവശ്യമായ ഹസ്മാത്ത് സൂട്ടുകള്‍, പി.പി.എ കിറ്റുകള്‍, മാസ്‌കുകള്‍ തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കും. ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതുമെന്നും സോളിസിറ്റര്‍ ജനറല്‍ സുപ്രിംകോടതിയില്‍ ഉറപ്പുനല്‍കി. ഡോക്ടര്‍മാര്‍ക്കുള്ള പരാതികള്‍ സ്വീകരിക്കുന്നതിന് കേന്ദ്രത്തിലും സംസ്ഥാനതലങ്ങളിലും കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്.
അതില്‍ ആഭ്യന്തര, ആരോഗ്യ, ആയുഷ് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുണ്ട്. പരാതി ലഭിച്ചാല്‍ ഉടന്‍തന്നെ നടപടി സ്വീകരിക്കാനുള്ള സംവിധാനമുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ അതിനും തയാറാണ്. ആരോഗ്യപ്രവര്‍ത്തകര്‍ പോരാളികളാണെന്നും തുഷാര്‍ മേത്ത പറഞ്ഞു.
ഡോക്ടര്‍മാരായ ജറില്‍ ബാന്‍ഡിറ്റ്, ആരുഷി ജയ്ന്‍, അഭിഭാഷകന്‍ അമിത് ഷാനി എന്നിവരാണ് ഹരജി സമര്‍പ്പിച്ചത്. കൊവിഡ് കാലത്ത് കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുമ്പോഴും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് വാദത്തിനിടെയാണ് ഹരജിക്കാരുടെ അഭിഭാഷകന്‍ മുകുള്‍ രോഹ്തകി ചൂണ്ടിക്കാട്ടിയത്. അങ്ങനെയൊരു നീക്കം നടക്കുന്നില്ലെന്നും ആരെങ്കിലും ശമ്പളം വെട്ടിക്കുറച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നുമായിരുന്നു തുഷാര്‍ മേത്തയുടെ മറുപടി. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആശുപത്രികള്‍ക്ക് മുന്നില്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ടെന്നും തുഷാര്‍ മേത്ത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."