ഹാലെപ്, മുഗുരുസ സെമിയില്‍
പാരിസ്: ലോക ഒന്നാം നമ്പര്‍ താരം റൊമാനിയയുടെ സിമോണെ ഹാലെപ് ഫ്രഞ്ച് ഓപണ്‍ ടെന്നീസിന്റെ സെമിയില്‍. മറ്റൊരു സെമിയില്‍ മരിയ ഷെറപ്പോവയുടെ സെമി മോഹങ്ങള്‍ തല്ലിക്കെടുത്തി മുന്‍ കിരീട ജേത്രിസ്‌പെയിനിന്റെ ഗര്‍ബിനെ മുഗുരുസയും സെമിയിലേക്ക് കടന്നു.
ഇന്ന് നടക്കുന്ന സെമിയില്‍ ഹാലെപ്- മുഗുരുസയുമായി ഏറ്റുമുട്ടും. മറ്റൊരു സെമിയില്‍ അമേരിക്കന്‍ താരങ്ങളായ മാഡിസന്‍ കീസും സ്ലൊവനെ സ്റ്റെഫന്‍സും നേര്‍ക്കുനേര്‍.
ക്വാര്‍ട്ടറില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ജര്‍മനിയുടെ അഞ്ജലീക്ക് കെര്‍ബറെ വീഴ്ത്തിയാണ് ഹാലെപ് അവസാന നാലിലെത്തിയത്. ഒന്നാം സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമാണ് ഹാലെപ് തിരിച്ചെത്തിയത്. കടുത്ത മത്സരമാണ് ഇരു താരങ്ങളും തമ്മില്‍ നടത്തിയത്. പ്രത്യേകിച്ച് ആദ്യ സെറ്റ്. വിജയിയെ നിര്‍ണയിക്കാന്‍ ടൈബ്രേക്കര്‍ വേണ്ടിവന്നു. എന്നാല്‍ പിന്നീട് രണ്ട്, മൂന്ന് സെറ്റുകളില്‍ അഞ്ജലീക്ക് കെര്‍ബറെ സ്തബ്ധയാക്കി ഹാലെപ് വിജയം പുഷ്പം പോലെ പറിച്ചെടുത്തു. സ്‌കോര്‍: 6-7 (2-7), 6-3, 6-2.
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഞ്ജലീക്ക് കെര്‍ബര്‍ ക്വാര്‍ട്ടറിലെത്തുന്നത്. നേരത്തെ 2012ല്‍ നടാടെ ക്വാര്‍ട്ടറിലെത്തിയ ജര്‍മന്‍ താരം അന്നും തോല്‍വി വഴങ്ങി. കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടത്തിനായി പൊരുതുന്ന ഹാലെപ് കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
പരുക്കേറ്റ് സെറീന വില്ല്യംസ് പിന്‍മാറിയതിനെ തുടര്‍ന്ന് പ്രീ ക്വാര്‍ട്ടര്‍ കളിക്കാതെ വാക്കോവര്‍ ലഭിച്ചെത്തിയ റഷ്യയുടെ മരിയ ഷെറപ്പോവയ്ക്ക് ഒന്ന് പൊരുതാന്‍ പോലും അവസരം നല്‍കാതെയാണ് ഗര്‍ബിനെ മുഗുരുസ മത്സരം സ്വന്തമാക്കിയത്. സ്‌കോര്‍: 6-2, 6-1.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."