സോറി സമയമില്ല; അല്‍പ്പം തിരക്കിലാണ് അക്കില്ലസ്
മോസ്‌ക്കോ: അക്കില്ലസ് പൂച്ച തിരക്കിലാണ്. ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടം കളിക്കാനൊരുങ്ങുന്ന 32 ടീമുകളെ പരിചയപ്പെടുന്നതിന്റെ നെട്ടോട്ടത്തിലാണ് മൂപ്പര്‍. ചെറിയ തോതില്‍ കേള്‍വിക്കുറവൊക്കെയുണ്ടെങ്കിലും അക്കില്ലസ് വെളുത്ത് സുന്ദരനാണ്.
സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ ഹെര്‍മിറ്റേജ് മ്യൂസിയത്തില്‍ ധാരാളം മാര്‍ജാരന്‍മാരുണ്ടെങ്കിലും അവര്‍ക്കൊന്നുമില്ലാത്ത വി.ഐ.പി പരിഗണനയില്‍ സുഖിച്ച് വാഴുകയാണ് അക്കില്ലസ്.
അതിന് കാരണമുണ്ട്. ലോകകപ്പ് പോരാട്ടം തുടങ്ങിക്കഴിഞ്ഞാല്‍ മത്സര വിജയികളെ മുന്‍കൂട്ടി പ്രവചിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് കക്ഷിയില്‍ നിക്ഷിപ്തമായ ചുമതല.
ഓര്‍മയില്ലേ 2010ല്‍ സ്‌പെയിന്‍ ചാംപ്യന്‍മാരാകുമെന്ന് പ്രവചിച്ച് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയ പോള്‍ എന്ന നീരാളിയെ. സമാന പ്രവചനമാണ് അക്കില്ലസും നടത്തേണ്ടത്. ഭക്ഷണം നിറച്ച രണ്ട് ബൗളുകള്‍ അക്കില്ലസിന്റെ മുന്‍പില്‍ വയ്ക്കും. ഓരോ ബൗളിലും നടക്കാനിരിക്കുന്ന മത്സരത്തിലെ ടീമുകളുടെ പതാകയും പതിപ്പിച്ചിട്ടുണ്ടാകും. അക്കില്ലസ് ഏത് ബൗളില്‍ നിന്നാണോ ഭക്ഷണം കഴിക്കുന്നത് ആ ടീം വിജയിക്കുമെന്ന് കണക്കാക്കും. നിലവില്‍ രാജകീയമായി ജീവിക്കുന്ന അക്കില്ലസ് പ്രവചനം നടത്താനുള്ള അവസാനവട്ട പരിശീലനത്തിലാണ്.
ഈ വിഷയത്തില്‍ തുടക്കക്കാരനല്ല കക്ഷി. കഴിഞ്ഞ വര്‍ഷം അരങ്ങേറിയ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ജര്‍മനി വിജയിക്കുമെന്ന് ഇങ്ങനെ അക്കില്ലസ് പ്രവചിച്ചിരുന്നു.
സാമ്പത്തിക വിദഗ്ധരും ഫുട്‌ബോള്‍ പണ്ഡിതരും മറ്റും ജര്‍മനിക്ക് വിജയ സാധ്യത കല്‍പ്പിക്കുമ്പോള്‍ അക്കിലസ് ഏത് പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കുമെന്ന് അറിയാനുള്ള ആകംക്ഷയിലാണ് ലോകം. കാത്തിരുന്നു കാണാം മാര്‍ജാര പ്രവചനം സത്യമാകുമോ എന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."