യമനിൽ അറബ് സഖ്യ സേന വെടിനിർത്തൽ പ്രഖ്യാപിച്ചു
റിയാദ്: യമനിൽ യുദ്ധത്തിലേർപ്പെട്ട സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേന വെടിനിർത്തൽ പ്രഖ്യാപിച്ചു. കോവിഡ്-19 വൈറസ് വ്യാപന പശ്ചാത്തലത്തിലാണ് നടപടി. രണ്ടാഴ്ച്ചത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. മുഴുവൻ യുദ്ധവും നിർത്തണമെന്നാവശ്യപ്പെട്ടു യുഎൻ സെക്രട്ടറി ജനറൽ രംഗത്തെത്തിയതിനു പിന്നാലെ യമൻ സമാധാന ദൂദൻ മാർട്ടിൻ ഗ്രിഫിത്ത്സ് യുദ്ധം ചെയ്യുന്ന കക്ഷികൾ ആയുധങ്ങൾ താഴെ വെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് യമൻ സർക്കാർ ആവശ്യ പ്രകാരം അറബ് സഖ്യ സേന വെടിനിർത്തൽ പ്രഖ്യാപിച്ചത്. വ്യാഴാഴ്ച പ്രാദേശിക സമയം പുലർച്ചെ 12 മണി മുതലാണ് രണ്ടാഴ്ച്ച കാലത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിക്കുന്നതെന്നും ഇത് പിന്നീട് ആവശ്യമെങ്കിൽ നീട്ടുമെന്നും യമനിലെ നിയമാനുസൃത സർക്കാരും ഹൂതികളും തമ്മിൽ ചർച്ചകൾക്ക് ഈ സമയം ഉപയോഗപ്പെടുത്തണമെന്നും സഖ്യ സേന പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം, രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതിനാൽ യെമൻ ജനതയുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകേണ്ടത് വിമത വിഭാഗമായ ഹൂത്തി മിലീഷ്യകളാണെന്നു സഊദി പ്രതിരോധ ഉപ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പ്രസ്‌താവിച്ചു. യെമനിൽ സമഗ്രമായ ഒരു രാഷ്ട്രീയ ഒത്തുതീർപ്പിലെത്താൻ സഊദി എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. യമൻ സഹായത്തിനായുള്ള യു എനിന്റെ നേതൃത്വത്തിലുള്ള റെപോൺസബിൾ പ്ലാൻ 2020 യിലേക്ക് സഊദി 500 മില്യൺ ഡോളർ നൽകുന്നുണ്ടെന്നും വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിലേക്ക് അധികമായി 25 മില്യൺ ഡോളർ കൂടി സഊദി നൽകുമെന്നും ഉപപ്രതിരോധ മന്ത്രി വ്യക്തമാക്കി.
അതിനിടെ, സഖ്യ സേന വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെ വിമതരായ ഹൂതികൾ ശക്തമായ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. മാരിബ് പ്രവിശ്യയിലെ ജന വാസസ്ഥലങ്ങളിൽ വ്യാഴാഴ്ച പുലർച്ചെയാണ് യെമൻ ഗോത്രക്കാരെ ലക്ഷ്യമിട്ട് ഹൂതികൾ ആക്രമണം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഹുദൈദ നഗരത്തിനു സമീപമുള്ള പ്രദേശങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് പ്രവിശ്യ ഡെപ്യുട്ടി ഗവർണർ വലീദ് അൽ ഖാദിമിയും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."