ദിവ്യ സാമീപ്യം നേടിയെടുക്കുക
വിശുദ്ധ റമദാന്‍ വിടപറയാനൊരുങ്ങുകയാണ്. വിശ്വാസി ഹൃദയങ്ങളില്‍ നൊമ്പരങ്ങള്‍ തീര്‍ക്കുന്ന ഈ വിടവാങ്ങല്‍ നിമിഷങ്ങളില്‍ നോമ്പിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനായോ എന്ന് നമ്മള്‍ പുനിര്‍വിചിന്തനം നടത്തേണ്ടതുണ്ട്. സത്യത്തില്‍ എന്തിന് വേണ്ടിയാണ് അല്ലാഹു നോമ്പ് നിര്‍ബന്ധമാക്കിയത്. എന്തൊക്കെയാണ് നോമ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍? ഹൃദയ വിശുദ്ധി കൈവരിച്ച് ദൈവഭക്തിയുള്ളവരാകാന്‍ വേണ്ടി എന്നാണ് കാലങ്ങളായി നമ്മള്‍ പറഞ്ഞു പോരാറുള്ളത്. വിശുദ്ധ ഖുര്‍ആനും പ്രാഥമികമായി ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. 'ഹേ സത്യവിശ്വാസികളേ, പൂര്‍വിക സമൂഹങ്ങള്‍ക്കെന്ന പോലെ നിങ്ങള്‍ക്കും നിശ്ചിത ദിനങ്ങളില്‍ വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ ഭക്തിയുള്ളവരാവാന്‍ വേണ്ടി'(അല്‍ബഖറ:183). എന്നാല്‍ ഇത് മാത്രമാണോ നോമ്പ് കൊണ്ടുള്ള ലക്ഷ്യം. നോമ്പ് നിര്‍ബന്ധമാക്കിയതിന്റെ കാരണങ്ങള്‍ വിശദമാക്കുന്നതിന്റെ കൂട്ടത്തില്‍ വിശുദ്ധ ഖുര്‍ആന്‍ തന്നെ തുടര്‍ന്ന് പറയുന്നത് ശ്രദ്ധിക്കൂ:' നിങ്ങളെ നേര്‍മാര്‍ഗത്തിലാക്കിയതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്വം വാഴ്ത്താനും അല്ലാഹുവിന് നന്ദി ചെയ്യുവാനും വേണ്ടി' (അല്‍ബഖറ:185)എന്നാണ്.
അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തുകയും അംഗീകരിക്കുകയും വഴി നാം അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുന്നു. നോമ്പിന്റെ മഹത്വത്തെക്കുറിച്ച് വിശദീകരിക്കുന്ന ആയത്തുകള്‍ക്ക് ശേഷം അല്ലാഹു പറയുന്നത് 'എന്റെ അടിമകള്‍ അങ്ങയോട് എന്നെക്കുറിച്ച് ചോദിച്ചാല്‍ ഞാന്‍ അവരുടെ അടുത്ത് തന്നെയുണ്ടെന്നും ദുആ ചെയ്യുന്നവര്‍ക്ക് ഞാന്‍ തീര്‍ച്ചയായും ഉത്തരം നല്‍കും' എന്നുമാണ്. (അല്‍ ബഖറ:186).
ലോകസ്രഷ്ടവായ അല്ലാഹുവുമായുള്ള നമ്മുടെ ഈ അടുപ്പം തിരിച്ചറിയുകയാണ് ഓരോ ഇബാദത്തുകളിലുമെന്ന പോലെ നോമ്പിന്റെയും ഏറ്റവും സുപ്രധാനമായ ലക്ഷ്യമെന്ന് ഇബ്‌നു അജീബ(റ)യെ പോലുള്ള പണ്ഡിതര്‍ വിശദീകരിക്കുന്നുണ്ട്. അല്ലാഹുവുമായി സാമീപ്യം കരസ്ഥമാക്കിയവരെക്കുറിച്ച് ഖുദ്‌സിയ്യായ ഒരു ഹദീസിലൂടെ അല്ലാഹു പറയുന്നത് 'ആരെങ്കിലും എന്റെ അടുപ്പക്കാരോട് ശത്രുത വച്ചാല്‍ ഞാന്‍ അവരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു' എന്നാണ്.
അപ്പോള്‍ എങ്ങനെയാണ് നമുക്ക് ഈ ദിവ്യ സാമീപ്യം കരസ്ഥമാക്കാന്‍ സാധിക്കുക. അല്ലാഹു തന്നെ അതിനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്: 'നിര്‍ബന്ധിത ബാധ്യതകള്‍(ഫര്‍ളുകള്‍) ചെയ്ത് വീട്ടുന്നതിലൂടെയല്ലാതെ എന്റെ അടിമകളാരും തന്നെ എന്റെ സാമീപ്യം കരസ്ഥമാക്കിയിട്ടില്ല. മാത്രമല്ല, സുന്നത്തുകള്‍ അധികരിപ്പിക്കുന്നതിലൂടെ അവര്‍ എന്നോട് കൂടുതല്‍ അടുക്കുകയും എന്റെ സ്‌നേഹം പിടിച്ച് പറ്റുകയും ചെയ്യുന്നു'. നമ്മള്‍ വിദൂരത്തായിരിക്കെ തന്നെ നമുക്ക് മറ്റൊരാളെ അഗാധമായി സ്‌നേഹിക്കാന്‍ സാധിക്കും. എന്നാല്‍ പ്രണയഭാജനത്തിന്റെ ഓരം ചേര്‍ന്ന് നില്‍ക്കാനും അയാളുടെ കൂടെ സഹവസിക്കാനുമാണല്ലോ ഓരോ പ്രണയിനിയും ആഗ്രഹിക്കുന്നത്. ഒരു വിശ്വാസിയെ സംബന്ധിച്ച് അവന്റെ പ്രണയം അല്ലാഹുവിനോടാണ്. ആ അല്ലാഹുവിനെ അടുത്ത് നിന്ന് അനുഭവിക്കാനും നമ്മുടെ ആവശ്യങ്ങള്‍ ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് ആവശ്യങ്ങള്‍ നേടിയെടുക്കാനുമുള്ള സുവര്‍ണാവസരമാണ് വിശുദ്ധ റമദാന്‍ നമുക്കൊരുക്കി നല്‍കുന്നത്. റമദാനില്‍ നാം അനുഭവിക്കുന്ന വിശപ്പും ദാഹവും ശാരീരിക അവശതകളുമെല്ലാം അല്ലാഹു മാത്രമാണ് നമ്മുടെ ആശ്രയമെന്ന് നമ്മെ നിരന്തരം ഓര്‍മപ്പെടുത്തുന്നു. അല്ലാഹുവുമായുള്ള നമ്മുടെ ബന്ധവും അടുപ്പവും ഈ നോമ്പുകാലത്ത് എത്രമേല്‍ ഊട്ടിയുറപ്പിക്കാനായി എന്നത് ഒരാവര്‍ത്തി കൂടി പുനഃപരിശോധിക്കാനും ശേഷിക്കുന്ന ദിനരാത്രങ്ങളെ ആരാധനകളാല്‍ സമ്പന്നമാക്കാനുമാണ് വിശ്വാസികള്‍ ഇനി പരിശ്രമിക്കേണ്ടത്.
(പാകിസ്താന്‍ വംശജനും കാനഡയിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനുമായ ശൈഖ് ഫറാസ് റബ്ബാനി ഓണ്‍ലൈന്‍ പ്രബോധന രംഗത്ത് ഏറെ ശ്രദ്ധേയമായ സീക്കേര്‍സ് ഹബിന്റെ സ്ഥാപകന്‍ കൂടിയാണ്)
മൊഴിമാറ്റം: മുഹ്‌സിനുല്‍ ഖര്‍നി ഹുദവി നീരുട്ടിക്കല്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."