സമസ്ത ബഹ്‌റൈന്‍ പ്രഭാഷണ പരമ്പരയ്ക്ക് ഉജ്ജ്വല തുടക്കം
മനാമ: സമസ്ത ബഹ്‌റൈന്‍ ഗുദൈബിയ കമ്മറ്റി സംഘടിപ്പിക്കുന്ന ത്രിദിന മത പ്രഭാഷണ പരമ്പരയ്ക്ക് ഉജ്ജ്വല തുടക്കം. മനാമ പാകിസ്താന്‍ ക്ലബ്ബില്‍ ആരംഭിച്ച പ്രഭാഷണ പരിപാടിക്ക് ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സ്ത്രീകളും പുരുഷന്മാരുമായി നിരവധി പേരാണ് എത്തിയത്.
ചടങ്ങ് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മത പ്രഭാഷണത്തിന്റെ പ്രാധാന്യം വിശദീകരിച്ച അദ്ദേഹം ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കേണ്ടതിന്റെ അനിവാര്യതയും വ്യക്തമാക്കി.
തുടര്‍ന്ന് പ്രമുഖ വാഗ്മിയും സമസ്ത കൊല്ലം ജില്ലാ ജന.സെക്രട്ടറിയുമായ അല്‍ ഹാഫിള് കബീര്‍ ബാഖവി കാഞ്ഞാര്‍ മുഖ്യ പ്രഭാഷണം നടത്തി.
ഓരോരുത്തര്‍ക്കും അഭയമായിരിക്കേണ്ട സ്വന്തം ഭവനങ്ങള്‍ ഇന്ന് കൊച്ചു കുട്ടികള്‍ക്കും വൃദ്ധകള്‍ക്കും വരെ പീഢന കേന്ദ്രങ്ങളായി മാറിയിരിക്കുന്നുവെങ്കില്‍ അത് ആ വീടുകളിലെ ധാര്‍മ്മിക ബോധത്തിന്റെയും ആത്മീയതയുടെയും അഭാവം കൊണ്ടാണെന്നും അധുനാതന യുഗത്തില്‍ നാടും വീടും പീഢനമുക്തമാകാന്‍ പ്രവാചക പാഠങ്ങള്‍ പിന്തുടരുക മാത്രമാണ് വിശ്വാസികള്‍ക്ക് കരണീയമെന്നും അദ്ദേഹം പ്രസ്താവിച്ചു.
മനുഷ്യനെ യഥാര്‍ത്ഥ മനുഷ്യനാക്കുന്നത് ധാര്‍മ്മിക ബോധമാണ്. അത് ഇളം പ്രായം തൊട്ടെ കുട്ടികളില്‍ ഊട്ടി വളര്‍ത്തണം. അവരുടെ വസ്ത്ര ധാരണവും വാക്കും പ്രവര്‍ത്തിയും ജീവിതവും കൊച്ചു നാള്‍ തൊട്ടേ ധാര്‍മ്മികതയിലധിഷ്ഠിതമാക്കാന്‍ മാതാപിതാക്കള്‍ റോള്‍ മോഡലുകളാവുകയാണ് വേണ്ടത്.
കുട്ടികള്‍ മുതിര്‍ന്നവരാകുമ്പോള്‍ അവരോട് മര്യാദകളെ കുറിച്ച് വാചാലരാവുന്ന രക്ഷിതാക്കള്‍ വാസ്തവത്തില്‍ കതിരില്‍ വളം വെക്കുന്ന അര്‍ത്ഥശൂന്യമായ പ്രവര്‍ത്തിയാണ് ചെയ്യുന്നതെന്നും കുട്ടികളെ ചെറുപ്പം മുതലെ തന്നോടൊപ്പം നിര്‍ത്തി മര്യാദകളും കടപ്പാടുകളും സ്വയം ബോധ്യപ്പെടുത്തി പരിശീലിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഇക്കാര്യത്തിലെല്ലാം സ്പഷ്ടമായ പ്രവാചക മാതൃക നമുക്ക് മുമ്പിലുണ്ടെന്നും പ്രായപൂര്‍ത്തിയായാല്‍ മാത്രം നിര്‍ബന്ധമുള്ള മത കര്‍മങ്ങള്‍, കുട്ടികളെ 7 വയസ്സുമുതല്‍ നിര്‍ദേശങ്ങളിലൂടെയും 10 വയസ്സു മുതല്‍ പരിക്കേല്‍ക്കാത്ത ശിക്ഷകളിലൂടെയും പരിശീലിപ്പക്കണമെന്ന പ്രവാചകാദ്ധ്യാപനം അതാണ് പഠിപ്പിക്കുന്നതെന്നും അദ്ദേഹം വിശദികരിച്ചു.
ശരീരത്തിലെ നഗ്‌നത മറക്കുന്ന വസ്ത്രധാരണ ശീലം ഇളം പ്രായം തൊട്ടേ കുട്ടികളെ പരിശീലിപ്പിക്കണമെന്നും മുതിര്‍ന്നവര്‍ മത കര്‍മ്മങ്ങളിലും ആത്മീയ കാര്യങ്ങളിലും വീഴ്ച വരുത്താതെ ശ്രദ്ധിക്കണമെന്നും പീഢനങ്ങളില്‍ നിന്നും സമൂഹം മുക്തമാകാന്‍ അത് അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
പ്രവാസികളുടെ ജീവിതത്തില്‍ ഇന്ന് ധൂര്‍ത്തുകള്‍ ഏറെയാണെന്നും ഒരു വീട് നിര്‍മ്മിക്കുമ്പോള്‍ അതിന് അനാവശ്യമായി ധാരാളം തൂണുകള്‍ നിര്‍മ്മിച്ചും മറ്റും ധൂര്‍ത്തടിക്കുന്നുവെന്നും ഇത് വിശുദ്ധ ഖുര്‍ആന്‍ ശക്തമായി വിലക്കിയതാണെന്നും ഖുര്ആനിക സൂക്തങ്ങള്‍ വിശദീകരിച്ചു അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഹനീന്‍ അബ്ദുല്‍ ജലീല് ഖിറാഅത്ത് നടത്തി. അബൂബക്കര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. മന്‍സൂര്‍ ബാഖവി കരുളായി ആശംസകളര്‍പ്പിച്ചു.
മശൂഊദ് അല്‍നൂര്‍, കുട്ടൂസ മുണ്ടേരി, സയിദ് മുഹമ്മദ് വഹബി, സലീം ഫൈസി, എ.സി.എ ബക്കര്‍, ശറഫുദ്ധീന്‍ മാരായ മംഗലം, ഹാശിം കിംഗ് കറക്ക്, മുസ്ഥഫ കളത്തില്‍, അബ്ദുറഹ് മാന്‍ മാട്ടൂല്‍ സ്വാഗതവും നൂറുദ്ധീന്‍ മുണ്ടേരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."