സംസ്ഥാനത്തെ ആരോഗ്യമേഖലക്ക് സുപ്രധാന നേട്ടം മാതൃമരണ നിരക്ക് ഏറ്റവും കുറവ് കേരളത്തില്‍
തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ മേഖല സുപ്രധാനമായ മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. മാതൃ മരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം വീണ്ടും മുന്നിലെത്തി.
61 എന്ന നിലയില്‍ നിന്നും 46 ആയാണ് കേരളത്തിലെ മാതൃമരണ നിരക്ക് കുറയ്ക്കാനായത്. ഇന്ത്യയില്‍ മൊത്തത്തില്‍ മാതൃ മരണ നിരക്ക് 130 ആകുമ്പോഴാണ് കേരളത്തില്‍ ഇത്ര കുറവുള്ളത് എന്നതും നേട്ടമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം ഉപയോഗിച്ചാണ് ഇത് പ്രസിദ്ധീകരിച്ചത്.
മാതൃമരണ നിരക്ക് കുറക്കാന്‍ കഴിഞ്ഞത് സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന നേട്ടമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ഒരു സ്ഥലത്തെ ആരോഗ്യ പുരോഗതിയില്‍ ഏറ്റവുമധികം പ്രാധാന്യമുള്ളതാണ് മാതൃ മരണ നിരക്ക് കുറയ്ക്കുക എന്നത്.
സുസ്ഥിര വികസന ലക്ഷ്യത്തിന്റെ ഭാഗമായി മാതൃ ശിശു മരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളാണ് ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. 2020 ല്‍ മാതൃമരണ നിരക്ക് 30 ആക്കിയും 2030 ല്‍ 20 ആക്കിയും കുറച്ചു കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. സംസ്ഥാന സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണം ലക്ഷ്യം കാണുന്നതിന്റെ തെളിവാണിതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മാതൃ ശിശു മരണനിരക്ക് കുറയ്ക്കാനായി ആശുപത്രികളില്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കി വരുന്നത്. ആശുപത്രികളുടെ പശ്ചാത്തല വികസനത്തിനായി 30 കോടിയോളം രൂപ ചെലവഴിക്കുന്നതാണ്. ഇതുകൂടാതെ ലേബര്‍റൂം, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയുടെ നവീകരണത്തിനായി എന്‍.എച്ച്.എം മുഖാന്തിരം 57 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
ഇതോടൊപ്പം ഗര്‍ഭകാല പരിപാലനത്തിനും ഗര്‍ഭിണികളുടെ സേവനങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനുമായി ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആവശ്യാനുസരണമുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."