ട്രോളിങ് നിരോധനത്തിന് രണ്ട് ദിവസംകൂടി: ബോട്ടുകള്‍ നിര്‍ത്തിയിടാന്‍ സ്ഥലമില്ല
സ്വന്തം ലേഖകന്‍
ഫറോക്ക്: ഒന്നര മാസം നീണ്ടുനില്‍ക്കുന്ന മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം ആരംഭിക്കാന്‍ രണ്ടു ദിവസം ബാക്കി നില്‍ക്കെ മത്സ്യബന്ധന ബോട്ടുകള്‍ നിര്‍ത്തിയിടാന്‍ സുരക്ഷിത സ്ഥാനമില്ലാത്തത് ഉടമകളെ കുഴക്കുന്നു. ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബറിലും കരുവന്‍തിരുത്തി കടവിലുമാണ് ബോട്ടുകള്‍ നിരോധന കാലത്ത് നിര്‍ത്തിയിട്ടിരുന്നത്. എന്നാല്‍ ഈ രണ്ടു സ്ഥലത്തും ബോട്ടുകള്‍ നിര്‍ത്തിയിടുന്നതിനുള്ള തടസങ്ങളാണ് ഉടമകളെ വലക്കുന്നത്. ഒന്നര മാസക്കാലം ബോട്ടുകള്‍ക്ക് നിര്‍ത്തിയിടാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ചെവികൊണ്ടിട്ടില്ലെന്നു ഉടമകള്‍ പരാതിപ്പെടുന്നു.
പതിവിനു വിപരീതമായി ഇക്കുറി അഞ്ച് ദിവസം നേരത്തെയാണ് ട്രോളിങ് നിരോധനം ആരംഭിക്കുന്നത്. അഞ്ഞൂറിലധികം ബോട്ടുകളാണ് ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബര്‍ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്നത്. ഇവയെല്ലാം നിര്‍ത്തിയിടുന്നതിനു ഹാര്‍ബര്‍ ജെട്ടിയില്‍ സ്ഥലമില്ല. മഴക്കാലത്ത് വെള്ളത്തിന്റെ ഒഴുക്കിന് ശക്തി കൂടുന്നതിനാല്‍ ഇവിടെ ബോട്ടുകള്‍ക്ക് സുരക്ഷിതമല്ലെന്നാണ് ഉടമകള്‍ പറയുന്നത്. വെള്ളത്തിന്റെ ഒഴുക്കില്‍ വടങ്ങള്‍ പൊട്ടി ബോട്ടുകള്‍ ഒഴുകിപോകാന്‍ ഇടയായേക്കുമെന്നു ഉടമകള്‍ ഭയപ്പെടുന്നു. ഇതാണ് ട്രോളിങ് നിരോധന കാലത്ത് സുരക്ഷിത ഇടത്തിനായി ഉടമകള്‍ മറ്റുസ്ഥലങ്ങള്‍ തേടുന്നത്.
ബേപ്പൂര്‍ അഴിമുഖം കേന്ദ്രീകരിച്ച് ബോട്ടുകള്‍ നിര്‍ത്തിയിടുന്നതിനു സുരക്ഷിതമായ മറ്റൊരിടമാണ് കരുവന്‍തിരുത്തി കടവ്. 200 ബോട്ടുകളാണ് ഇവിടെ നിര്‍ത്തിയിടാറ്. എന്നാല്‍ ഇവിടെ പുഴയില്‍ തടസങ്ങളുള്ളതിനാല്‍ ഇത്രയധികം ബോട്ടുകള്‍ ഇവിടെ നിര്‍ത്തിയിടാന്‍ സാധിക്കാതെ വന്നിരിക്കുകയാണ്. കരുവന്‍തിരുത്തി കടവ് പാലത്തിനോട് ചേര്‍ന്നു മൂന്ന് ബോട്ടുകള്‍ വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു കിടക്കുന്നതാണ് പ്രധാന തടസം. ഉടമകള്‍ മുങ്ങിയ ബോട്ട് ഉപേക്ഷിച്ചുപോയതാണ് ഇവ വെള്ളത്തില്‍ കിടന്നു നശിക്കാന്‍ കാരണം. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇവ എടുത്തുമാറ്റാന്‍ അധികൃതര്‍ തയാറായിട്ടില്ല.
കൂടാതെ കരുവന്‍തിരുത്തി കടവില്‍ പുഴയോരത്തു മത്സ്യകൃഷിക്കായി കുറ്റികള്‍ സ്ഥാപിച്ചു കൂടുകള്‍ ഉണ്ടാക്കിയത് ഉടമകള്‍ക്ക് ബോട്ടുകള്‍ നിര്‍ത്തിയിടുന്നതിനു മറ്റൊരു തിരിച്ചടിയാണ്. രണ്ടു വര്‍ഷം മുന്‍പാണ് മത്സ്യകൃഷിക്കായി പുഴയില്‍ കൂടുകള്‍ സ്ഥാപിച്ചത്. നിലവില്‍ ഇവിടെ മത്സ്യകൃഷിയൊന്നും നടത്തുന്നില്ല. കൂടുകള്‍ പലതും നശിച്ചുപോയി ഇതിന്റെ കുറ്റികള്‍ മാത്രം ബാക്കിയായി നില്‍ക്കുകയാണ്. ഇവ പറിച്ചുമാറ്റി ബോട്ടുകള്‍ കരയിലേക്ക് ഒതുക്കി ഇടാന്‍ മത്സ്യകൃഷി നടത്തുന്നവര്‍ സമ്മതിക്കാത്തതും പ്രശ്‌നമായി നില്‍ക്കുകയാണ്. അന്‍പതോളം ബോട്ടുകള്‍ ബേപ്പൂര്‍ കക്കാടത്ത് പുഴയിലും നിര്‍ത്തിയിട്ടിരുന്നു. ഇവിടെ ഉരുക്കള്‍ക്കും മറ്റുമായി പുതിയ യാര്‍ഡ് നിര്‍മിച്ചതിനാല്‍ ഇവിടെയും സൗകര്യമില്ലാതായിരിക്കുകയാണ്. ഇവിടെ നിര്‍ത്തിയിട്ടിരുന്ന ബോട്ടുകള്‍ കൂടി കരുവന്‍തിരുത്തി കടവിലേക്കെത്തും.
ട്രോളിങ് നിരോധനം ആരംഭിക്കാന്‍ രണ്ടു ദിവസം ബാക്കി നില്‍ക്കെ ഇപ്പോള്‍ തന്നെ ബോട്ടുകള്‍ കൊണ്ട് കരുവന്‍തിരുത്തികടവ് നിറഞ്ഞിട്ടുണ്ട്. കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ട ബോട്ടുകള്‍ തിരിച്ചെത്തയാല്‍ ഇവയക്ക് നിര്‍ത്തിയിടാന്‍ സുരക്ഷിതമായ സ്ഥലമില്ലാത്ത സ്ഥിതിയാണ്. ദിനംപ്രതി ലക്ഷകണക്കിനു രൂപയുടെ വരുമാനം സര്‍ക്കാരിനു ഉണ്ടാക്കി കൊടുക്കുന്ന മത്സ്യബന്ധന ബോട്ടുകള്‍ക്ക് യാതൊരു പരിരക്ഷയും അധികൃതരുടെ ഭാഗത്തുനിന്നു ലഭിക്കുന്നില്ലെന്നാണ് ഉടമകള്‍ പരാതിപ്പെടുന്നത്. പുഴയിലെ തടസങ്ങള്‍ നീക്കി ഒന്നര മാസക്കാലം ബോട്ടുകള്‍ നിര്‍ത്തിയിടാന്‍ സുരക്ഷിതമായ സ്ഥലമൊരുക്കണമെന്നാണ് ഉടമകളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."