തലക്കുളത്തൂര്‍ എലിയോറമല ചെങ്കല്‍ ഖനനം; പ്രതിഷേധം ശക്തമാകുന്നു
കോഴിക്കോട്: തലക്കുളത്തൂര്‍ പഞ്ചായത്തിലെ എലിയോറ മലയിലെ ചെങ്കല്‍ ഖനനത്തിനെതിരേ ജനകീയസമരം ശക്തമാകുന്നു.
തലക്കുളത്തൂരിലെ വലിയ ജലസ്രോതസായ എലിയോറ മലയിലാണ് സ്വകാര്യവ്യക്തി ജിയോളജി വകുപ്പില്‍നിന്ന് അനുമതി വാങ്ങി ചെങ്കല്ല് വെട്ടാന്‍ തുടങ്ങിയിരിക്കുന്നത്. രണ്ടര ഏക്കറോളം മല ആറുമീറ്റര്‍ ആഴത്തില്‍ കുഴിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കസ്തൂര്‍ബ ഹരിജന്‍ കോളനിയിലുള്‍പ്പെടെ വെള്ളമെത്തിക്കാനുള്ള പഞ്ചായത്ത് പദ്ധതിയുടെ പ്രധാന കിണര്‍ ഇവിടെയാണുള്ളത്.
വേലിയേറ്റ സമയത്ത് പ്രദേശത്തെ മിക്ക കിണറുകളിലും ഉപ്പുവെള്ളമാണ് കിട്ടുക. ഇതിന് പരിഹാരമാണ് എലിയോറ മലയില്‍ പഞ്ചായത്ത് നിര്‍മിച്ച കിണര്‍. പ്രകൃതിരമണീയമായതും ജൈവപ്രാധാന്യമുള്ളതുമായ ഏലിയോട് മലയും പെരുവാഴമലയിലും ഇത്തരത്തിലുള്ള ഖനം നടന്നപ്പോള്‍ പ്രദേശത്തെ കിണറുകളിലും ഉപ്പുവെള്ളമെത്തിയതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. കൂടാതെ പഞ്ചായത്തിലെ പ്രധാന കാര്‍ഷിക മേഖലയായ അന്നശേരി, എടക്കര പ്രദേശത്തെ കര്‍ഷകര്‍ ഇവിടെ നിന്നു ഉത്ഭവിക്കുന്ന നീരുറവാണ് കൃഷി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.
എന്നാല്‍ ഖനനം കാരണം നീരുറവയിലെ വെള്ളം കുറഞ്ഞിട്ടുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. ഇത് കാരണം വേനലില്‍ കൃഷിക്കായി വെള്ളം കിട്ടാത്ത അവസ്ഥയുണ്ടായെന്നും അവര്‍ പറഞ്ഞു. ഏക്കര്‍ കണക്കിന് വ്യാപിച്ച് കിടക്കുന്ന ഈ ജൈവവൈവിധ്യം പഞ്ചായത്തിലെ കുടിവെള്ളത്തിന്റെ പ്രധാന സ്രോതസായാണ് കണക്കാക്കുന്നത്. കൂടാതെ ഇവിടെ അപൂര്‍വയിനം പക്ഷികള്‍, പാമ്പുകള്‍, ശഢ്പദങ്ങള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. കുരങ്ങുവര്‍ഗത്തിന്റെയും കാട്ടുപന്നിയുടെയും ആവാസ കേന്ദ്രമായ ഇവിടെ ഖനനത്തോടെ ഇതെല്ലാം നഷ്ടമാവുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കലക്ടര്‍ക്കും ജിയോളജി വകുപ്പിനും നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതിഷേത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ ഇതുവരെയും അധികൃതര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
ഇനിയും വൈകുകയാണെങ്കില്‍ ജനകീയ പ്രക്ഷോഭമുള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."