ഭൂമി രജിസ്‌ട്രേഷന് വനംവകുപ്പിന്റെ അനുമതി വാങ്ങണം:ഉത്തരവ് വിവാദമായി
തിരുവമ്പാടി: ഭൂമി രജിസ്‌ട്രേഷന്‍ ചെയ്യും മുന്‍പ് വനംവകുപ്പിന്റെ നിരാക്ഷേപപത്രം (എന്‍.ഒ.സി) വാങ്ങിയിരിക്കണമെന്ന ഡി.എഫ്.ഒ.യുടെ ഉത്തരവ് വിവാദമായി.
തിരുവമ്പാടി വില്ലേജ് 163 സര്‍വേ നമ്പറിലുള്ള ആനക്കാംപൊയില്‍ മുത്തപ്പന്‍പുഴ ഭാഗത്തെ ഭൂമി വനഭൂമിയായി വിജ്ഞാപനം ചെയ്തിട്ടുണ്ടെന്നും വ്യക്തികള്‍ക്ക് കൊടുക്കുന്നതും കൈമാറുന്നതും ഒഴിവാക്കാന്‍ വനംവകുപ്പിന്റെ എന്‍.ഒ.സി ഹാജരാകണമെന്നുമാണ് രജിസ്ട്രാര്‍ക്ക് നല്‍കിയ ഉത്തരവിലുള്ളത്. ഉത്തരവ് വിവാദമായതോടെ ഉത്തരവില്‍ ഭേദഗതിയുമായി ഡി.എഫ്.ഒ രംഗത്തെത്തി.
പുല്ലൂരാംപാറ ഇലന്ത്കടവ് പാലം മുതല്‍ കൊടക്കാട്ടുപാറ, ആനക്കാംപൊയില്‍, കരിമ്പ്, മുത്തപ്പന്‍പുഴ, മറിപ്പുഴ, തേന്‍പാറ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം 163 സര്‍വേ നമ്പറില്‍ വരുന്നതാണ്. വനഭൂമിയുടെ സമീപത്തുള്ള സ്ഥലങ്ങള്‍ക്കു മാത്രമാണ് നിലവില്‍ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ വനംവകുപ്പിന്റെ അനുമതി വേണ്ടത്. എന്നാല്‍ 163 സര്‍വേ നമ്പറിലുള്ള മുഴുവന്‍ സ്ഥലങ്ങളും വനഭൂമി ആണെന്ന് വന്നതോടെ ഡി.എഫ്.ഒയുടെ ഉത്തരവിനെതിരേ മലയോരത്ത് പ്രതിഷേധം ശക്തമായി.
163 സര്‍വേ നമ്പറില്‍ 25 സബ് ഡിവിഷനാണുള്ളത്. ഇതില്‍ അഞ്ചോളം സ്വകാര്യ ഭൂമിയും ബാക്കി വനഭൂമിയുമാണ്. വനഭൂമിയില്‍ അടക്കം രജിസ്റ്റര്‍ ചെയ്തു അധീനപ്പെടുത്തുന്നുവെന്നും ഇതിന് തടയിടാന്‍ ഭൂമി രജിസ്‌ട്രേഷന് വനം വകുപ്പിന്റെ അനുമതി വാങ്ങണം എന്ന് കാട്ടി കത്ത് നല്‍കിയിട്ടുണ്ടെന്നുമായിരുന്നു ഡി.എഫ്.ഒ പറഞ്ഞിരുന്നത്.
ഇതിനിടയില്‍ കുറെ ഭാഗം ജണ്ട കെട്ടി വേര്‍ തിരിച്ചതാണ് എന്ന് പലരും ശ്രദ്ധയില്‍പ്പെടുത്തിയതിനാല്‍ ഉത്തരവില്‍ തിരുത്തല്‍ വരുത്തി വനഭൂമിയും സ്വകാര്യ ഭൂമിയും കൃത്യമായി വേര്‍തിരിച്ചു നല്‍കിയിട്ടുണ്ടെന്നും വനഭൂമിയില്‍ രജിസ്‌ട്രേഷന്‍ പാടില്ല എന്നും ഇതിനോട് ചേര്‍ന്നുകിടക്കുന്ന സ്ഥലത്ത് രജിസ്‌ട്രേഷന്‍ ചെയ്യാന്‍ വനംവകുപ്പിന്റെ എന്‍.ഒ.സി വേണമെന്ന് നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."