വെള്ളമില്ല: തീ തിന്ന് ഫയര്‍ഫോഴ്സ്
ആലത്തൂര്‍: പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിക്കുന്ന അഗ്നിശമന സേന പ്രാഥമികാവശ്യങ്ങള്‍ക്കു പോലും ബുദ്ധിമുട്ടുന്നു. ദിവസം തോറും ഡ്യൂട്ടിക്കായി ഇരുപതോളം ജീവനക്കാര്‍ രാത്രിയും പകലും ഇവിടെയുണ്ടാവണം. ഫയര്‍ സ്റ്റേഷനിലുള്ള ജലസംഭരണിയില്‍നിന്ന് വെള്ളം ശേഖരിച്ചാണ് ഇവര്‍ പ്രാഥമികാവശ്യം നിറവേറ്റിയിരുന്നത്. കുടിവെള്ള ക്ഷാമത്തെ തുടര്‍ന്ന് ഇതില്‍ നിന്നു വെള്ളമെടുക്കരുതെന്ന് പഞ്ചായത്ത് അധികൃതരുടെ നിര്‍ദ്ദേശമുണ്ടായി.
ഇപ്പോള്‍ തീയണയ്ക്കുന്നതിന് കോള്‍ വന്നാല്‍ അവിടെയെത്തി തീ കെടുത്തിയതിനു ശേഷം സമീപത്തുള്ള കുളങ്ങളില്‍നിന്നാണ് മൊബൈല്‍ ടാങ്ക് യൂനിറ്റിലും വാട്ടര്‍ ലോറിയിലും വെള്ളം നിറച്ചു കൊണ്ടുവരുന്നത്. വേനല്‍ കടുത്തത്തോടെ ദിവസവും മൂന്നും നാലും കോളുകളുണ്ടാവും. ഫയര്‍സ്റ്റേഷനിലെ വാട്ടര്‍ ഹൈഡ്രന്റില്നിന്ന് വെള്ളമെടുത്ത് പഞ്ചായത്തിന്റെ മഴവെള്ള സംഭരണിയില്‍ നിറച്ചായിരുന്നു ജീവനക്കാര്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്. ഇപ്പോള്‍ അതു തടസ്സപ്പെട്ടതോടെയാണ് വെള്ളത്തിന് വിഷമിക്കുന്നത്.
സ്റ്റേഷന് ഓഫിസര്‍ ഉള്‍പ്പെടെ മുപ്പത്തിയെട്ടോളം പേര് ഇവിടെ ജോലി നോക്കുന്നുണ്ട്. തടയണകള്‍ വറ്റിയതോടെ പഞ്ചായത്ത് മേഖലയില്‍ കുടിവെള്ളത്തിന് ജനം നെട്ടോട്ടമോടുകയാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."