പ്രതീക്ഷയുടെ കെടാവിളക്ക്
വിശുദ്ധ ഖുര്‍ആന്‍ നിരവധി ഇടങ്ങളില്‍ കഴിഞ്ഞ സമൂഹങ്ങളുടെയും സംഭവങ്ങളുടെയും ചരിത്രം വിവരിക്കുന്നത് കാണാം. അവയില്‍ നിന്ന് ഗുണപരമായ പാഠം ഉള്‍ക്കൊള്ളാനുള്ള ആഹ്വാനവും ഉള്‍പ്രേരണയുമാണത് വഴി ഖുര്‍ആന്‍ നല്‍കുന്നത്. ലോകത്തിന് ശുഭാപ്തിയും പ്രത്യാശയും നല്‍കുന്നുവെന്നതാണ് ഖുര്‍ആന്‍ നല്‍കുന്ന സന്ദേശത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഖുര്‍ആനില്‍ പലേടത്തും അല്ലാഹുവിന്റെ കഠിനമായ ശിക്ഷകളെ സംബന്ധിച്ച താക്കീതുകള്‍ കാണാം. എന്നാല്‍ അതിനൊപ്പം തന്നെ അവന്റെ രക്ഷയുടെയും കാരുണ്യത്തിന്റെയും വിശേഷ ഗുണങ്ങള്‍ എടുത്തു പറഞ്ഞ് ആശ്വസിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കുന്നത് കൂടി കാണാന്‍ കഴിയും. 'എന്റെ ശിക്ഷ ഞാന്‍ ഇഷ്ടമുള്ളവര്‍ക്ക് നല്‍കും. എന്നാല്‍ എന്റെ കാരുണ്യം എല്ലാറ്റിനും മേലെ വിശാലമായിരിക്കുന്നു' എന്ന സൂക്തം നല്‍കുന്ന സാന്ത്വനം ചെറുതല്ല. 'എന്റെ കാരുണ്യം ക്രോധത്തെ അതിജയിച്ചിരിക്കുന്നു'വെന്ന ഖുദ്‌സിയ്യായ ഹദീസും ശ്രദ്ധേയമാണ്.
പ്രവാചകന്മാരുടെ പ്രബോധന ജീവിതവും അതിനോട് അനുയായികള്‍ നടത്തിയ സമ്മിശ്ര പ്രതികരണവും ഖുര്‍ആന്‍ പലേടത്തും എടുത്തുദ്ധരിക്കുന്നുണ്ട്. ഇതില്‍ തുടക്കത്തില്‍ പ്രവാചകരും നന്മയുടെ വഴിയില്‍ അവരെ അനുഗമിച്ചവരും സഹിച്ച പ്രയാസങ്ങളും പ്രതിബന്ധങ്ങളും പിന്നീട് അവര്‍ക്ക് ലഭിച്ച രക്ഷയും ആശ്വാസവും പല അധ്യായങ്ങളുടെയും പ്രധാന ചര്‍ച്ചാ വിഷയമാണ്.
കടുത്ത പരീക്ഷണങ്ങളും തിക്താനുഭവങ്ങളുമാണ് മിക്ക നബിമാരേയും എതിരേറ്റത്. എന്നാല്‍ അന്തിമ വിശകലനത്തില്‍ എല്ലാ ചരിത്രവും ശുഭപര്യവസായിയായിരുന്നു. നൂഹ് നബി (അ)നെ പ്രളയത്തില്‍ നിന്ന് രക്ഷിച്ചതും ഇബ്‌റാഹീം നബി(അ)നെ തീകുണ്ഡാരത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതും ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. മൂസാ നബി(അ)യെ ഫറോവയുടെ രാജകൊട്ടാരത്തില്‍ തന്നെ രാജകീയ പരിലാളനയില്‍ വളര്‍ത്തിക്കൊണ്ടുവന്ന് ഒടുവില്‍ ധിക്കാരിയായ ഫറോവയുടെ നാശത്തിന് ഹേതുവാകുന്ന മൂസാ നബിയുടെ ചരിത്രം ഉദ്വേഗജനകമാണ്.
യൂസഫ് നബി(അ)യുടെ ചരിത്രം ഏതൊരാള്‍ക്കും ഉദ്വേഗഭരിതമായ മനസ്സോടെയല്ലാതെ ഖുര്‍ആനില്‍ വായിച്ചു തീര്‍ക്കാനാവില്ല. ഒരു പൊട്ടക്കിണറില്‍ ഒടുങ്ങേണ്ട ബാല്യം. ജയിലിന്റെ നാലതിരുകള്‍ക്കുള്ളില്‍ ഉരുകിത്തീരേണ്ട യൗവനം. ഉറ്റവരാല്‍ ചതിക്കപ്പെട്ട് മാതാപിതാക്കളുടെ പരിചരണം പോലും നിഷേധിക്കപ്പെട്ട തുടക്കകാലം. പിന്നീട് അതേ ബന്ധുജനങ്ങള്‍ ഈജിപ്തിന്റെ സര്‍വാധിപനായി മാറിയ തന്റെ മുന്നില്‍ സാഷ്ടാംഗം നമിക്കുന്ന ശുഭകരമായ ഗതി മാറ്റം.
അയ്യൂബ് നബി(അ)യുടെ ദുരിതപൂര്‍ണമായ നാളുകള്‍ക്കുണ്ടായ ശുഭാന്ത്യവും തെല്ലൊന്നുമല്ല വിശ്വാസികളുടെ മനസ്സില്‍ ആത്മവിശ്വാസം കോരിയിടുന്നത്. രോഗപീഡകളാല്‍ ഞെരിഞ്ഞമര്‍ന്നു, സ്വന്തം ഉറ്റവരും ഉടയവരും കൈയൊഴിച്ച് ആര്‍ദ്രതയുടെ ആള്‍രൂപമായ പത്‌നിയുടെ പരിചരണത്തിലും ഏകനായ നാഥന്റെ വിശ്വാസത്തിലുമായി 13 വര്‍ഷത്തിലേറെ കാലം നീറിക്കഴിഞ്ഞ അദ്ദേഹത്തിന് മുന്നില്‍ ഒടുവില്‍ ആശ്വാസത്തിന്റെയും സുഖസമൃദ്ധിയുടെയും വാതായനങ്ങള്‍ തുറക്കപ്പെടുകയായിരുന്നു.
ഈസാ നബി(അ)യുടെ ചരിത്രം ഖുര്‍ആനിക ഭാഷ്യത്തിലൂടെ പുറത്ത് വരുമ്പോള്‍ അവിടെ അസത്യം വിജയിക്കുന്നില്ല. അന്യായമായ വിധി നടപ്പാകുന്നില്ല. ഗൂഢാലോചനയുടെ വക്താക്കള്‍ ഒരുക്കിയ അനീതിയുടെ കുരിശില്‍ അദ്ദേഹം തറയ്ക്കപ്പെടുന്നില്ല. തക്ക സമയത്ത് ദൈവികമായ ഇടപെടലിലൂടെ പകരം മറ്റൊരാള്‍ കുരിശിലേറ്റപ്പെടുകയും ഈസാ നബിയെ നാഥന്‍ വാനലോകത്തേക്കുയര്‍ത്തുകയും ചെയ്യുന്നു.
ഖുര്‍ആനില്‍ ഗുഹാവാസികളുടെ ചരിത്രം അനാവരണം ചെയ്യുന്നൊരധ്യായമുണ്ട്. സ്വന്തം ആദര്‍ശ ബോധത്താല്‍ സമര്‍പ്പിത ജീവിതം നയിച്ച ഒരു കൂട്ടം യുവാക്കളുടെ കഥയാണിത്. ഇന്നത്തെ ഭാഷയില്‍ വിശ്വാസഗാത്രത്തില്‍ അധര്‍മത്തിന്റെ വൈറസ് ബാധയേല്‍ക്കാതിരിക്കാന്‍ ഐസൊലേഷനില്‍ കഴിയാന്‍ പോയ ആ സംഘത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷവും തങ്ങളുടെ വിശ്വാസദീപം കെടാതെ സൂക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് മാത്രമല്ല, ആത്യന്തിക വിജയത്തിന്റെ വലിയ സൗഭാഗ്യങ്ങള്‍ അവരെ തേടിയെത്തുകയും ചെയ്തു. അവര്‍ക്ക് മാത്രമല്ല, അവര്‍ക്ക് കാവല്‍ നിന്ന ശുനകന്‍ പോലും സൗഭാഗ്യത്തിന്റെ പുകള്‍പെറ്റ പട്ടികയില്‍ ഇടം പിടിച്ചതായി വ്യാഖ്യാതാക്കള്‍ കുറിച്ചിടുന്നു.
അന്ത്യപ്രവാചകന്റെ ജീവിത യാഥാര്‍ഥ്യങ്ങളും ഇതില്‍ നിന്ന് വളരെയൊന്നും വ്യത്യസ്തമല്ല. സ്വന്തം ജന്മദേശത്ത് നിന്ന് ബഹിഷ്‌കൃതനായി, പലായനം ചെയ്യേണ്ടി വന്ന പ്രവാചകന് ഏതാനും വര്‍ഷക്കള്‍ക്ക് ശേഷം അതേ ദേശത്തേക്ക് വിജയശ്രീലാളിതനായി, ബഹു സഹസ്രം അനുയായികളുടെ അകമ്പടിയോടെ കടന്നു വരാനും തങ്ങളെ പീഡിപ്പിക്കാന്‍ ഉത്സാഹിച്ചവരുടെ ഭാവി നിര്‍ണയിക്കാനുള്ള അധികാരം വിവേകപൂര്‍വം ഉപയോഗപ്പെടുത്താനും കഴിഞ്ഞ ആവേശകരമായ അധ്യായത്തിലേക്കും ഖുര്‍ആന്‍ വിരല്‍ ചൂണ്ടുന്നു.
ദുരിതങ്ങളും പരീക്ഷണങ്ങളും എല്ലായ്‌പ്പോഴും ദൈവിക കോപത്തിന്റെയോ ശിക്ഷയുടെയോ നിദര്‍ശനമാകണമെന്നില്ല. മറിച്ച്, സ്വന്തം വിശ്വാസദാര്‍ഢ്യവും ക്ഷമാശീലവും അര്‍പ്പണ മനോഭാവവും അളന്ന് തിട്ടപ്പെടുത്താന്‍ നാഥന്‍ നല്‍കുന്ന അവസരമായിരിക്കാം. ആ അവസരങ്ങളെ വിവേകപൂര്‍വം ഉപയോഗപ്പെടുത്തിയവര്‍ വിജയിച്ച കാര്യമാണ് ഖുര്‍ആന്‍ തൊട്ടുണര്‍ത്തുന്നത്. അല്ലാഹുവുമായി കൂടുതല്‍ ബന്ധമുള്ളവര്‍ക്കാണ് പലപ്പോഴും കൂടുതല്‍ പരീക്ഷണങ്ങള്‍ നേരിടേണ്ടി വരിക. നബി തിരുമേനി (സ) അക്കാര്യം വ്യക്തമാക്കിയതാണ്. ' ഏറ്റവും കടുത്ത പരീക്ഷണങ്ങള്‍ക്ക് വിധേയമാവുക പ്രവാചകരാണ്. പിന്നെ അവരോട് സാദൃശ്യമുള്ളവര്‍, പിന്നെ അവര്‍ക്ക് സമാനര്‍. ( ബുഖാരി - 8440)
ചരിത്ര വസ്തുതകള്‍ക്ക് പുറമേ ഖുര്‍ആനിന്റെ ഉല്‍ബോധനവും ഇരുട്ടിന്റെ ഗഹ്വരങ്ങളില്‍ നിന്ന് വെളിച്ചത്തിന്റെ ആശ്വാസ കിരണങ്ങള്‍ ദര്‍ശിക്കാന്‍ മര്‍ത്യനെ പ്രാപ്തനാക്കുകയാണ്. 'അപ്പോള്‍ നിശ്ചയം ഞെരുക്കത്തിന്റെ കൂടെ എളുപ്പമുണ്ട്' എന്ന് ഒരുവട്ടം പറഞ്ഞു നിര്‍ത്തിയില്ല. ആവര്‍ത്തിക്കുന്നു, അതെ, നിശ്ചയം ഞെരുക്കത്തോടൊപ്പം എളുപ്പമുണ്ട് ( ഇന്‍ശിറാഹ്) ' അല്ലാഹു ക്ലേശങ്ങള്‍ക്ക് ശേഷം ആശ്വാസം ഇട്ടു തരു'മെന്ന (സൂറത്തു ത്വലാഖ്: 7) സാന്ത്വന വചനവും ഖുര്‍ആന്റെ ഭാഗമാണ്. 'അല്ലാഹുവിനെ ഭയപ്പെടുന്നവന് അവന്‍ തുറസ്സിന്റെ വഴികള്‍ തുറന്നു കൊടുക്കുമെന്നും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നവന് അവന്‍ മതിയെന്നും' (സൂറത്തു ത്വലാഖ് : 3) ഖുര്‍ആന്‍ ഉണര്‍ത്തുമ്പോള്‍ അത് പകര്‍ന്നു നല്‍കുന്ന ആത്മവിശ്വാസം എങ്ങനെ അളന്ന് തിട്ടപ്പെടുത്താന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."