പെരുന്നാള്‍ മൊഞ്ച്; തിരക്കിലലിഞ്ഞ് നഗരം ഒഴിവു ദിവസം ആഘോഷമാക്കി വിപണി
കോഴിക്കോട്: ചെറിയ പെരുന്നാളിനു രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെ അവസാനത്തെ ഞായറാഴ്ച നഗരം തിരക്കിലലിഞ്ഞു. ഒഴിവു ദിവസം ആഘോഷമാക്കി വിപണിയും പൊടിപൊടിച്ചു. പതിവില്‍ നിന്നു വ്യത്യസ്തമായി മിഠായിത്തെരുവും പാളയവും മാളുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ബീച്ചുമെല്ലാം സന്ദര്‍ശകരുടെ വന്‍ തിരക്കില്‍ വീര്‍പ്പുമുട്ടി. അവധി ദിനമായതിനാല്‍ കുടുംബത്തോടൊപ്പമാണ് മിക്കവരും ഷോപ്പിങ്ങിനും മറ്റുമായി നഗരത്തില്‍ എത്തിയത്.
കഴിഞ്ഞ രണ്ടു ദിവസമുണ്ടായ കനത്ത മഴ പെരുന്നാള്‍ വിപണിയെ ചെറിയ തോതില്‍ ബാധിച്ചിരുന്നു. എന്നാല്‍ മഴ അല്‍പം മാറിനിന്നതോടെ വിപണിക്ക് ചൂടുപിടിച്ചു. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ പുതുവസ്ത്രത്തിനും മറ്റുമായി വാഹനത്തിലും മറ്റും നഗരത്തിലേക്ക് ജനം ഒഴുകിയെത്തുകയായിരുന്നു. പതിവുപോലെ ഇത്തവണയും മിഠായിത്തെരുവിലാണ് വന്‍ തിരക്ക് അനുഭവപ്പെട്ടത്. ഏതു പ്രായക്കാര്‍ക്കും കുറഞ്ഞ വിലയ്ക്കു വസ്ത്രങ്ങള്‍ ലഭിക്കുമെന്നതാണ് ഇവിടെ തിരക്ക് വര്‍ധിക്കാന്‍ കാരണം. വ്യത്യസ്ത വര്‍ണങ്ങളിലുള്ള വസ്ത്രങ്ങള്‍ക്കാണ് വിപണിയില്‍ ആവശ്യക്കാര്‍ കൂടുതലെന്ന് കച്ചവടക്കാര്‍ പറയുന്നു. അതേസമയം മറ്റു മേഖലയിലുള്ള വിലവര്‍ധന പെരുന്നാള്‍ വസ്ത്ര വിപണിയെ കാര്യമായി ബാധിച്ചില്ലെന്നതും ജനത്തിന് അനുഗ്രഹമായി. പെരുന്നാള്‍ സീസണായതോടെ മിഠായിത്തെരുവ് മുതല്‍ പാളയം വരെയുള്ള വീഥികളില്‍ കച്ചവടക്കാര്‍ നിറഞ്ഞിരുന്നു.
പെരുന്നാളിന് മൊഞ്ച് കൂട്ടാനുള്ള തയാറെടുപ്പുകള്‍ക്കായി ജനം ഒഴികിയെത്തിയപ്പോള്‍ ഇവിടങ്ങളില്‍ സൂചികുത്താന്‍ ഇടമുണ്ടായിരുന്നില്ല.
ട്രാഫിക് പോലിസിനും തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതായതോടെ പാളയത്തും മിഠായിത്തെരുവിലും വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. മാനാഞ്ചിറ മുതല്‍ മിഠായിത്തെരുവിലേക്ക് തിരക്ക് നീണ്ടത് പലപ്പോഴം ഗതാഗത തടസത്തിനും വഴിവച്ചു. റമദാന്‍ വിപണിയില്‍ വില വര്‍ധന നിയന്ത്രിക്കുന്നതിന് തുടങ്ങിയ ഹോര്‍ട്ടികോര്‍പ്പിലും നല്ല ജനസാന്നിധ്യമാണ് അനുഭവപ്പെട്ടത്.
വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 30 ശതമാനം വിലക്കുറവിലാണ് ഹോട്ടികോര്‍പ്പിന്റെ ഷോപ്പുകളില്‍ നിന്നു പച്ചക്കറികള്‍ ലഭിക്കുന്നത്. മാളുകളിലും തിരക്കിന് കുറവുണ്ടായിരുന്നില്ല. പെരുന്നാളിന് സുഗന്ധം പരത്താന്‍ അത്തര്‍ വിപണിയിലും ആളുകളെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."