എടപ്പാള്‍ മേല്‍പ്പാലം; റീ-ടെന്‍ഡര്‍ ക്ഷണിച്ച് വിജ്ഞാപനമിറങ്ങി
എടപ്പാള്‍: എടപ്പാള്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിനായുള്ള റീ-ടെന്‍ഡര്‍ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനമിറങ്ങി. ജൂണ്‍ 11 മുതല്‍ 20വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. 22ന് ടെന്‍ഡര്‍ തുറന്ന് പരിശോധന നടത്തി കുറഞ്ഞ തുകയുടെ ടെന്‍ഡര്‍ സമര്‍പ്പിച്ച കമ്പനിക്ക് ടെന്‍ഡര്‍ ഉറപ്പിക്കും.
നേരത്തെ നടത്തിയ ടെന്‍ഡര്‍ നടപടികളില്‍ ലഭിച്ച രണ്ടു ടെന്‍ഡറുകളും കിഫ്ബിയുടെ പരിശോധയില്‍ തള്ളിയതിനെ തുടര്‍ന്നാണ് റീ-ടെന്‍ഡര്‍ ക്ഷണിച്ചത്. മതിപ്പുതുകയെക്കാള്‍ കൂടിയ തുക ടെന്‍ഡറുകളില്‍ രേഖപ്പെടുത്തിയതാണ് നേരത്തെ ലഭിച്ച ടെന്‍ഡറുകള്‍ തള്ളാന്‍ കാരണമായത്. ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് മേല്‍പ്പാലത്തിന്റെ ടെന്‍ഡര്‍ തിയതി അവസാനിച്ചത്. മൂന്നു കമ്പനികളായിരുന്നു രംഗത്തു വന്നത്. ഒരു കമ്പനിയുടെ ടെന്‍ഡര്‍ പ്രാഥമിക പരിശോധനയില്‍ തള്ളി.
എറണാകുളം ആസ്ഥാനമായുള്ള മറ്റു രണ്ടു കമ്പനികള്‍ മതിപ്പു തുകയെക്കാള്‍ 39, 40 ശതമാനംവീതം ഉയര്‍ന്ന തുകയാണ് ആവശ്യപ്പെട്ടത്. 10.27 കോടിയുടെഅടങ്കലിനെക്കാള്‍ നാലുകോടിയിലധികം കൂടുതല്‍ കമ്പനികള്‍ ആവശ്യപ്പെട്ടതോടെയാണ് കിഫ്ബി ഇവ രണ്ടും തള്ളിയത്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് കേരള(ആര്‍.ബി.ഡി.സി.കെ)യാണ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. നേരത്തേ ആര്‍.ബി.ഡി.സി.കെ 10.27 കോടി മതിപ്പുതുക വരുന്ന പ്ലാനാണ് തയാറാക്കി കിഫ്ബിക്ക് സമര്‍പ്പിച്ചതും അവര്‍ അംഗീകരിച്ചതും. ഇതിനെക്കാള്‍ ഉയര്‍ന്ന തുകയ്ക്ക് പാലം പണിയാന്‍ കിഫ്ബിയുടെ ഉന്നതതല ബോര്‍ഡ് തയാറായില്ല. ഇതോടെയാണ് പഴയ ടെന്‍ഡറുകള്‍ തള്ളിയതും പുതിയത് വിളിച്ചതും.
പെട്ടെന്നുതന്നെ അംഗീകാരം നേടി ജൂലായ് മാസത്തോടെ നിര്‍മാണമാരംഭിക്കാനുള്ള നീക്കമാണ് നടക്കുന്നത്. എടപ്പാളില്‍ തൃശ്ശൂര്‍-കോഴിക്കോട് റോഡില്‍ 220 മീറ്റര്‍ നീളത്തിലും 7.5 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."