പി.ടി.എ ഇടപെട്ടു: വിദ്യാഭ്യാസ ഓഫിസറുടെ നടപടി ഹൈക്കോടതി റദ്ദാക്കി
മണ്ണാര്‍ക്കാട്: തെങ്കര സര്‍ക്കാര്‍ ഹൈസ്കൂളിലെ നിലവിലുണ്ടായിരുന്ന അധ്യാപക തസ്തികകള്‍ വെട്ടികുറച്ച മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ഓഫിസറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. 52 അധ്യാപക തസ്തികകള്‍ക്ക് ആവശ്യമായ വിദ്യാര്‍ഥികളുണ്ടായിട്ടും 39 തസ്തികകള്‍ മാത്രമാണ് അനുവദിച്ചിരുന്നുളളുവെന്ന് പി.ടി.എ ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ ആരോപിച്ചു. ഇതില്‍നിന്ന് ഒന്‍പത് തസ്തികകള്‍ വെട്ടിക്കുറച്ച മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ഓഫിസറുടെ നടപടിക്കെതിരേ തെങ്കര ഹൈസ്കൂള്‍ പി.ടി.എ ഭാരവാഹികള്‍ പ്രസിഡന്റ് മജീദ് തെങ്കരയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സ്കൂളിലെ നിലവിലുളള തസ്തിക നിലനിര്‍ത്തി തല്‍സ്ഥിതി തുടരാനാണ് കഴിഞ്ഞ മാസം 28ന് ഹൈക്കോടതി ഉത്തരിവിട്ടിരിക്കുന്നത്. പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞം നടത്തുന്നതിനിടയിലാണ് വിദ്യാഭ്യാസ ഓഫിസര്‍ സര്‍ക്കാര്‍ സ്കൂള്‍ തകര്‍ക്കുന്ന തീരുമാനമെടുത്തതെന്നും ഭാരവാഹികള്‍ ആരോപിച്ചു.
ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂള്‍ കൂടിയാണിത്. സംസ്ഥാന തലത്തില്‍ ഏറ്റവും വിദ്യാര്‍ഥികളെ ഒന്നാം തരത്തില്‍ ചേര്‍ത്തതിന് സംസ്ഥാന സര്‍ക്കാറിന്റെ 10ലക്ഷത്തിന്റെ അവാര്‍ഡ് വാങ്ങിയ സ്കൂള്‍ കൂടിയാണിത്. വിദ്യാര്‍ഥികള്‍ക്കാവശ്യമായ അധ്യാപക തസ്തികയില്ലാത്ത കാലത്ത് പി.ടി.എ ശമ്പളം കൊടുത്ത് താല്കാലിക അധ്യാപകരെ നിയമിച്ചാണ് പഠനം നടത്തി പോന്നത്.
കൂടാതെ ജില്ലയില്‍ തന്നെ പി.ടി.എയും നാട്ടുകാരും ചേര്‍ന്ന് ഫണ്ട് ശേഖരിച്ച് വിദ്യാര്‍ഥികളുടെ യാത്രാ സൗകര്യത്തിന് സ്കൂളിന് സ്വന്തമായി ബസ് വാങ്ങിയതും ഇവിടെയാണ്.
അടുത്ത വര്‍ഷം സ്കൂളിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്ന സമയത്ത് വിദ്യാഭ്യാസ ഉദ്ദ്യോഗസ്ഥരുടെ പൊതു വിദ്യാഭ്യാസ സ്ഥാപനം തകര്‍ക്കാനുളള നീക്കത്തിനെതിരേ ശക്തമായ സമരപരിപാടികള്‍ നടത്താനുളള ഒരുക്കത്തിലാണ് പി.ടി.എ ഭാരവാഹികളും നാട്ടുകാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."