ഡി.ടി.പി.സി ധന വിനിയോഗം; അന്വേഷണത്തിന് ഉത്തരവിട്ടു
കോഴിക്കോട്: കഴിഞ്ഞ ജൂലൈയിലെ മലബാര്‍ റിവര്‍ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് നടന്ന ഡി.ടി.പി.സി ധന വിനിയോഗത്തെക്കുറിച്ച് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ഫെസ്റ്റിവല്‍ നടത്തിപ്പില്‍ ക്രമക്കേട് നടന്നുവോയെന്ന കാര്യം പരിശോധിക്കാന്‍ സബ് കലക്ടര്‍ കെ. ഗോപാലകൃഷ്ണനെ ചുമതലപ്പെടുത്തി.
ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് നിയമ വിരുദ്ധമായി സര്‍ക്കാരില്‍ നിന്ന് പണം നേടിയെടുക്കാന്‍ ശ്രമിച്ച സ്വകാര്യ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തണമെന്നാവശ്യപ്പെട്ട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ടൂറിസം സെക്രട്ടറിക്ക് കത്തയക്കാനും തീരുമാനമായി. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിക്കെതിരേയാണ് നടപടി. ഡി.ടി.പി.സിയുമായി സഹകരിച്ച് കേരള അഡ്വഞ്ചര്‍ ടൂറിസം പ്രാമോഷന്‍ സൊസൈറ്റി (കെ.എ.പി.ടി.എസ് ) ഈ കമ്പനിയെ മുഖ്യ സംഘാടകരാക്കിയായിരുന്നു മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ നടത്തിയത്. ഇതിന്റെ ഭാഗമായി കുറ്റ്യാടി ചാലിപ്പുഴയിലും കോടഞ്ചേരി ഇരുവഴിഞ്ഞിപ്പുഴയിലും പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഈ സ്വകാര്യ ഏജന്‍സിയെ സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന റിവര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കാന്‍ തെരഞ്ഞെടുത്തതെന്നും ആരോപണമുണ്ട്.
ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ കയാക്കിങ് ചാംപ്യന്‍ഷിപ്പില്‍ വിജയികളായ വിദേശ താരങ്ങള്‍ക്കുള്ള പ്രൈസ് മണിയാണ് നികുതി വെട്ടിച്ച് കൈക്കലാക്കാന്‍ സ്വകാര്യ ഏജന്‍സി ശ്രമിച്ചത്. നികുതി കഴിച്ചുള്ള ബാക്കി തുക ചെക്കായി നല്‍കാമെന്ന് ഡി.ടി.പി.സി അറിയിച്ചെങ്കിലും കമ്പനി വിസമ്മതിക്കുകയായിരുന്നു. വിദേശ താരങ്ങള്‍ തിരികെ പോയ ശേഷം കമ്പനിയുടെ അക്കൗണ്ടിലേക്ക് പണം കൈമാറാന്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും അതും നടന്നില്ല. ആദായ നികുതി നിയമത്തിനെതിരാകുമെന്നതിനാല്‍ അതിനും ഡി.ടി.പി.സി വിസമ്മതം അറിയിക്കുകയായിരുന്നു. ഒരു മാസത്തിനകം നികുതി കഴിച്ചുള്ള സമ്മാനത്തുക കൈപ്പറ്റണമെന്ന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ് ഡി.ടി.പി.സിയിപ്പോള്‍. ഫെസ്റ്റിവലിന്റെ സമ്മാനദാന ചടങ്ങില്‍ ആനയെ എഴുന്നള്ളിച്ചതുള്‍പ്പെടെയുള്ള നിയമ ലംഘനങ്ങളും ഡി.ടി.പി.സി ജീവനക്കാരുടെ നടപടികളും അന്വേഷണ വിധേയമാക്കും.
ഈ വര്‍ഷം മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ നടത്തിപ്പ് പൂര്‍ണമായും സര്‍ക്കാര്‍ സംവിധാനത്തിലാണ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് തിരുവമ്പാടി എം.എല്‍.എ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി ഡയരക്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ ധാരണയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."