താലൂക്ക് ഗവ. ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധക്ക് സ്ഥലംമാറ്റം
കൊടുങ്ങല്ലൂര്‍: താലൂക്ക് ഗവ. ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധക്ക് സ്ഥലംമാറ്റം. സ്ഥലം മാറ്റം മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന് ആരോപണം. താലൂക്ക് ആശുപത്രിയില്‍ നാഷനല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍.എച്ച്.എം) പദ്ധതി പ്രകാരം സേവനമനുഷ്ഠിക്കുന്ന ഡോ. മിനി സജിത്തിനെയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പോലുമറിയാതെ സ്ഥലം മാറ്റിയത്.
ഡോ. മിനി സജിത്തിന്റെ സേവനം കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ. ആശുപത്രിയില്‍ അത്യാവശ്യമാണെന്ന ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി റോഷിന്റെ ശുപാര്‍ശ മറികടന്നാണ് എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ നേത്രരോഗ വിദഗ്ദ്ധയെ ഇരിങ്ങാലക്കുടയിലേക്ക് സ്ഥലം മാറ്റിയിട്ടുള്ളത്.
സ്വകാര്യ ആശുപത്രികളില്‍ മാത്രം നടത്തി വരുന്ന കോങ്കണ്ണിനുള്ള ശസ്ത്രക്രിയ ഉള്‍പ്പടെ ചിലവേറിയ നിരവധി ശസ്ത്രക്രിയകള്‍ താലൂക്ക് ഗവ. ആശുപത്രിയില്‍ ഡോ. മിനി സജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. പ്രതിമാസം ചുരുങ്ങിയത് അമ്പത് നേത്രശസ്ത്രക്രിയകളെങ്കിലും താലൂക്കാശുപത്രിയില്‍ ഇപ്പോള്‍ നടന്നുവരുന്നുണ്ട്.
ആധുനിക സജീകരണങ്ങളോടുകൂടിയ ഓപ്പറേഷന്‍ തിയ്യേറ്റര്‍ പ്രവര്‍ത്തിക്കുന്ന കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ. ആശുപത്രിയില്‍ നിന്നും ഓപ്പറേഷന്‍ തിയ്യേറ്റര്‍ പ്രവര്‍ത്തനരഹിതമായ ഇരിങ്ങാലക്കുട ഗവ. ആശുപത്രിയിലേക്ക് നേത്രരോഗ വിദഗ്ദ്ധയെ മാറ്റിയിട്ടുള്ളതെന്നതാണ് വിരോധാഭാസം.
ഡോ. മിനി സജിത്തിന്റെ സ്ഥലം മാറ്റം ചില സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ വേണ്ടിയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഡോക്ടറുടെ അപേക്ഷയിന്‍മേലോ, മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയായാലോ നടത്തുന്ന സ്ഥലം മാറ്റം തിരക്കിട്ട് നടത്തിയതിന് പിറകില്‍ സ്വകാര്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
താലൂക്ക് ഗവ. ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധയെ അന്യായമായി സ്ഥലം മാറ്റിയതിനെതിരെ സമര പരിപാടികള്‍ക്കൊരുങ്ങുകയാണ് വിവിധ സംഘടനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."