ദേവകിയമ്മ വധം: എങ്ങുമെത്താതെ അന്വേഷണം
കാസര്‍കോട്: പെരിയാട്ടടുക്കം കാട്ടിപ്പറയിലെ ദേവകിയമ്മ വധക്കേസില്‍ അന്വേഷണം നിലച്ച നിലയില്‍. 2017 ജനുവരി 13 നാണു സ്വന്തം വീട്ടില്‍ തനിച്ചു താമസിക്കുകയായിരുന്ന ദേവകിയമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേവകിയമ്മയെ ശ്വാസം മുട്ടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയതാണെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ കൊലപാതകികളെ പിടിക്കാന്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. ദേവകിയമ്മയുടെ കൈവിരലിലെ നഖത്തിനിടയില്‍ നിന്നു കണ്ടെത്തിയ മുടിനാരിഴകള്‍ കൊലയാളിയുടെതെന്ന് ഉറപ്പിച്ച അന്വേഷണ സംഘത്തിനു പക്ഷെ, കൊലയാളികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ലോക്കല്‍ പൊലിസ് മാസങ്ങളോളം അന്വേഷണം നടത്തിയിട്ടും പ്രതികളെ കണ്ടെത്താനാവാതെ വന്നതോടെ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം മാസങ്ങളോളം തുടര്‍ന്നെങ്കിലും പ്രതികളെ കണ്ടെത്തിയിട്ടില്ലെന്നു മാത്രമല്ല കേസന്വേഷണം തന്നെ ഇപ്പോള്‍ നിലച്ച മട്ടിലാണ് ഉള്ളത്.
അതേസമയം, ഈ വര്‍ഷം ജനുവരി 19നു പെരിയ ചെക്കിപ്പള്ളത്തെ സുബൈദയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ പത്തു ദിവസത്തിനകം പൊലിസ് അറസ്റ്റു ചെയ്തിരുന്നു. സുബൈദയെ കൊലപ്പെടുത്തിയ വീട്ടില്‍ നിന്നും കൂടുതല്‍ തെളിവുകളൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നില്ലെങ്കിലും ശാസ്ത്രീയ തെളിവുകളുടെ ബലത്തില്‍ പ്രതികളെ അതിവേഗം പിടികൂടുകയും പിന്നീട് മുഴുവന്‍ തെളിവുകളും അന്വേഷണ സംഘം കണ്ടെത്തുകയുമായിരുന്നു.
അതേസമയം സമാനരീതിയില്‍ ദേവകിയമ്മ കൊല്ലപ്പെട്ട് ഒന്നര വര്‍ഷം പിന്നിടുമ്പോഴും പ്രതികളിലെത്താന്‍ അന്വേഷണ സംഘത്തിനു സാധിക്കാത്തതും ദേവകിയമ്മയുടെ പ്രദേശത്തെ ആളുകളില്‍ അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."