ആറു പതിറ്റാണ്ടു കാലം വിശ്വാസികളെ വിജയത്തിലേക്ക് വിളിച്ച് അബൂക്ക
എടച്ചേരി: ഹയ്യ അലസ്സ്വലാ.....ഹയ്യ അലല്‍ ഫലാഹ് ......... വിജയം കൈവരിക്കാനായി നിസ്‌കാരത്തിനുവേണ്ടി വിശ്വാസികളെ പള്ളികളിലേക്ക് വിളിച്ചുവരുത്തുകയാണ് നാട്ടുകാരുടെ അബൂക്കയെന്ന ചിരിയിലത്ത് അബൂബക്കര്‍. പ്രായം 85 പിന്നിട്ടിട്ടും രോഗങ്ങള്‍ തളര്‍ത്തിയെങ്കിലും ഇന്നും അഞ്ചു നേരം പള്ളിയിലെത്തി ബാങ്കുവിളി തുടരുകയാണ് ഈ വയോധികന്‍. അബൂക്ക തന്റെ 25 ാം വയസിലാണ് എടച്ചേരിയിലെ കച്ചേരി പള്ളിയില്‍ ബാങ്കു വിളിക്കാനായി എത്തുന്നത്.
അസുഖബാധിതനായി കിടപ്പിലായ ഏതാനും ദിവസങ്ങളൊഴിച്ചു നിര്‍ത്തിയാല്‍ ഇന്നുവരെ കച്ചേരി പള്ളിയില്‍ മുഴങ്ങുന്നത് അബൂക്കയുടെ വിളിനാദങ്ങളാണ്. ചെറുപ്പം മുതല്‍ മതപഠനത്തില്‍ തല്‍പരനായിരുന്ന അബൂബക്കര്‍ അക്കാലത്തെ എടച്ചേരിയിലെ പ്രമുഖപണ്ഡിതരുടെ ആശ്രിതനായി കഴിഞ്ഞു കൂടുകയായിരുന്നു. അവര്‍ നടത്തുന്ന ദര്‍സുകളില്‍ സഹായിയായും പഠിതാവായും കൗമാരം തള്ളിനീക്കി. പിന്നീടാണ് 400ഓളം വര്‍ഷം പഴക്കമുള്ള എടച്ചേരിയിലെ കച്ചേരി ജുമുഅത്ത് പള്ളിയില്‍ മുഅദ്ദിനായി വരുന്നത്. എന്നാല്‍ ശമ്പളമില്ലാതെ വിശ്വാസികള്‍ നല്‍കുന്ന ദാനധര്‍മങ്ങളായിരുന്നു അദ്ദേഹത്തിന്റെ വരുമാനം. പക്ഷെ പള്ളിയിലെത്തി ബാങ്ക് വിളിക്കാനും പരിപാലനവും ജീവതത്തിന്റെ ഭാഗമാക്കിയ അബൂക്കയ്ക്ക് ഇപ്പോള്‍ പള്ളി തന്നെയാണ് തന്റെ വീട്.
മയ്യഴിപ്പുഴയുടെ ഭാഗമായ തുരുത്തിപ്പുഴയോരത്ത് സ്ഥിതി ചെയ്യുന്ന പുരാതനമായ പള്ളി ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പുതുക്കിപ്പണിതത്. പോയകാലത്തിന്റെ പോരിശകളും പള്ളിയുടെ ചരിത്രങ്ങളും തന്റെ ഓര്‍മകളുടെ ഏടുകളില്‍ നോക്കി അബൂക്കയ്ക്കു പറയാനാകും.
മരംകൊണ്ട് പാകിയ ഒന്നാം നിലയിലെ മച്ചില്‍ കയറിയാണ് ആദ്യകാലങ്ങളില്‍ ബാങ്കു വിളിച്ചിരുന്നത് അബൂക്ക ഓര്‍ക്കുന്നു. 1968ല്‍ പ്രദേശത്തുണ്ടായ പ്രളയവും ഇന്നും മായാതെ മനസിലുണ്ട്. എന്നാല്‍ പ്രളയത്തിലും കിലോമീറ്റര്‍ അകലെയുള്ള തന്റെ വീട്ടില്‍നിന്നു പള്ളിയിലെത്തി അബൂക്ക ബാങ്ക് വിളിച്ചിരുന്നു. ഇപ്പോള്‍ ഒരു റമദാനില്‍കൂടി ബാങ്കുവിളി പൂര്‍ത്തിയാക്കാന്‍ സാധിച്ച സന്തോഷത്തില്‍ നാഥനെ സ്തുതിക്കുകയാണ് അബൂക്ക. ആറു പതിറ്റാണ്ടായി പ്രദേശത്ത് മുഴങ്ങിക്കേട്ട ബാങ്കൊലികള്‍ ഇനിയും കേള്‍ക്കാന്‍ സൗഭാഗ്യമുണ്ടാകണമെന്ന പ്രാര്‍ഥനയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."