കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും ക്ലാസില്‍
തൃക്കരിപ്പൂര്‍: ഒന്നാം ക്ലാസിലെ പഠന പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ടറിയുന്നതിനായി കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും ക്ലാസില്‍. തൃക്കരിപ്പൂര്‍ കൂലേരി ഗവ. എല്‍.പി സ്കൂളില്‍ ചെറുവത്തൂര്‍ ബി.ആര്.സിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പി.ടി.എ ക്ലാസിലേക്കാണ് രക്ഷിതാക്കള്‍ എത്തിയത്. ബി.ആര്.സി ട്രെയിനര്‍ പി.വി ഉണ്ണി രാജന് ഓരോ കുട്ടിയോടും വിശേഷങ്ങള്‍ ചോദിച്ചു കൊണ്ട് ക്ലാസ് ആരംഭിച്ചപ്പോള്‍ അവര്‍ വാചാലരായി.
സ്മാര്‍ട് ക്ലാസ് മുറിയിലെ സ്ക്രീനില്‍ തെളിഞ്ഞ കാക്കയുടെ കുപ്പായത്തെക്കുറിച്ചുള്ള ചോദ്യത്തിനുത്തരമായി കുട്ടികള്‍ പറഞ്ഞ കാര്യങ്ങള്‍ ചേര്‍ത്ത്
'കാക്കയ്ക്കുണ്ടൊരു കുപ്പായം കറുത്ത കുപ്പായം' എന്ന രണ്ടു വരി പാട്ട് മാഷ് പാടിയപ്പോള്‍ കുട്ടികള്‍ അത്യുത്സാഹത്തോടെ ഏറ്റു പാടി. തുടര്‍ന്ന് കാണിച്ച തത്തയെ കുറിച്ചും കൊക്കിനെക്കുറിച്ചും കുട്ടികള്‍ സ്വന്തമായി വരികള്‍ കൂട്ടിച്ചേര്‍ത്ത് പാടി. ഒന്നാം തരത്തിലെ അധ്യാപിക വിനീത ഈ വരികള്‍ ചാര്‍ട്ടിലെഴുതി. തുടര്‍ന്ന് സ്വയം ഈണം കണ്ടെത്തി എല്ലാരും ചേര്‍ന്ന് താളമിട്ട് പാടിയപ്പോള്‍ കുട്ടികളുടെ കഴിവിലും പഠന രീതിയിലും രക്ഷിതാക്കള്‍ക്കും മതിപ്പ്.
വാക്യങ്ങളില്‍ നിന്നു വാക്കുകളിലേക്കും വാക്കുകളില്‍ നിന്ന് അക്ഷരങ്ങളിലേക്കും കുട്ടികളെ നയിക്കുന്ന പുതിയ ഭാഷാ പഠന രീതിക്കുറിച്ച് ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ കെ. നാരായണന് വിശദീകരിച്ചു. ചെറുവത്തൂര്‍ ഉപജില്ലാ വിദ്യഭ്യാസ ഓഫിസര്‍ എം.കെ വിജയകുമാര്‍ ക്ലാസ് പി.ടി.എ ഉദ്ഘാടനം ചെയ്തു.
പ്രധാനധ്യാപകന് എം.പി രാഘവന് അധ്യക്ഷനായി. ബി.ആര്.സി ട്രെയിനര്‍മാരായ പി. വേണുഗോപാലന്‍, പി.കെ സരോജിനി, പി.ടി.എ പ്രസിഡന്റ് വി.എം ബാബുരാജ് എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."