കാസര്‍കോട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് ഇനി അടിമുടിമാറ്റം
കാസര്‍കോട്: വൈവിധ്യമാര്‍ന്ന സൗകര്യങ്ങളുമായി കാസര്‍കോട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് അടിമുടി മാറുന്നതായി ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സൗകര്യങ്ങളും സേവനങ്ങളും കൂടുതല്‍ വര്‍ധിപ്പിച്ചാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് അടിമുടി മാറുന്നത്.
ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി ഒന്‍പതിന് എംപ്ലോയബിലിറ്റി സെന്റര്‍ തുറക്കും. ആധുനീകരിച്ച കംപ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനവും അന്നു നടക്കും. തൊഴില്‍ രഹിതര്‍ക്ക് സ്വയം തൊഴില്‍ നടത്തുന്നതിനായി അനുവദിച്ച വായ്പാ പദ്ധതികള്‍ ഊര്‍ജിതമാക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ യുവജനങ്ങള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച തൊഴില്‍ ലഭ്യമാക്കുന്നതിനു പരിശീലനം സംഘടിപ്പിക്കുന്നതിനും തൊഴില്‍മേളകള്‍ സംഘടിപ്പിക്കാനുമാണ് എംപ്ലോയബിലിറ്റി സെന്റര്‍ തുറക്കുന്നത്. വിദ്യാനഗറിലെ സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലെ എ ബ്ലോക്കിലെ ഒന്നാം നിലയിലാണ് എംപ്ലോയബിലിറ്റി സെന്റര്‍ പ്രവര്‍ത്തിക്കുക. ഒന്‍പതിനു രാവിലെ 10നു തൊഴില്‍, എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ എംപ്ലോയബിലിറ്റി സെന്റര്‍ നാടിനു സമര്‍പ്പിക്കും. കംപ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം പി. കരുണാകരന്‍ എം.പി നിര്‍വഹിക്കും. സ്വകാര്യ മേഖലയിലെ സംരംഭകരെ ഉപയോഗപ്പെടുത്തി തൊഴില്‍ രഹിതരര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനായി സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് കംപ്യൂട്ടര്‍ ലാബ് ഒരുക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കലക്ടര്‍ കെ. ജീവന്‍ ബാബു, കാസര്‍കോട് നഗരസഭാ ചെയര്‍പെഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിനാ സലിം ചെങ്കള പഞ്ചായത്ത് അംഗം സദാനന്ദന്‍, നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വിസ് ജോയിന്റ് ഡയരക്ടര്‍ എം.എ ജോര്‍ജ് ഫ്രാന്‍സിസ് സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ എംപ്ലോയിന്റ് ഓഫിസര്‍ കെ. അബ്ദുറഹ്മാന്‍ കുട്ടി, ഉദ്യോഗസ്ഥരായ കെ. ഗീതാകുമാരി, പി. കൃഷ്ണരാജ്, പി.എസ് അബ്ദുല്‍ മജീദ്, പി. രാജന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."