നേമം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്: ജലസംരക്ഷണത്തിന് പ്രാധാന്യം
മലയിന്‍കീഴ്: ശുദ്ധജല സംരക്ഷണത്തിനും സ്ത്രീസുരക്ഷയ്ക്കും പ്രാധാന്യം നല്‍കി നേമം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 66.06 കോടി രൂപ വരവും 65.95 കോടി രൂപ ചിലവും 11.10 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.വീരേന്ദ്രകുമാര്‍ അവതരിപ്പിച്ചത്.
തൊഴിലുറപ്പ് തൊഴിലാളികളുടെ ക്ഷേമത്തിന് ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ വെല്‍ഫയര്‍ സൊസൈറ്റി രൂപീകരിക്കും. കേരളത്തിലെ ആദ്യത്തെ തൊഴിലുറപ്പ് തൊഴിലാളി ക്ഷേമ സൊസൈറ്റി എന്ന സവിശേഷത നേടാനാകുമെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയില്‍ 56 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ജലാശയങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ബ്ലോക്കിലുള്‍പ്പെട്ട 101 കുളങ്ങള്‍ നവീകരിക്കും. ഏഴു പഞ്ചായത്തുകളില്‍ 'ജലതരംഗം' പദ്ധതിപ്രകാരം 1001 കിണറുകള്‍ നിര്‍മിക്കും. ശുചിത്വ പദ്ധതിക്ക് 54 ലക്ഷം രൂപയും വനിതാക്ഷേമത്തിന് 53.67 ലക്ഷം രൂപയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മില്‍ക്ക് ഹല്‍വ,മില്‍ക്ക് പേഡ,ചോക്ലേറ്റ് മുതലായവയുടെ നിര്‍മാണത്തിന് ട്രെയിനിങ് സെന്റര്‍ മുഖേന പരിശീലനം നല്‍കും. മൃഗസംരക്ഷണ മേഖലയില്‍ വനിതകള്‍ക്ക് പഞ്ചരത്‌നം പദ്ധതി ആവിഷ്‌കരിക്കും. മൊട്ടമൂട് ക്ഷീരസംഘത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹൈടെക് ഡയറിയുടെ പ്രവര്‍ത്തനങ്ങളെ വിപുലീകരിച്ച് മറ്റ് ബ്ലോക്കുകള്‍ക്കും മാതൃകയാക്കും.
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ചിത്രീകരണങ്ങള്‍,ഹ്രസ്വചിത്രങ്ങള്‍ എന്നിവ നിര്‍മിക്കും. പഞ്ചായത്ത് ഓഫിസ് സ്ത്രീസൗഹൃദമാക്കും. കുടുംബശ്രീ സി.ഡി.എസിന് ശ്രേഷ്ഠ പുരസ്‌കാരം,എസ്.സി മേഖലയില്‍ വെള്ളായണി കായലിലെ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാന്‍ വള്ളവും വലയും എന്നിവ നല്‍കും. ഗ്രാമീണ ഒളിമ്പ്ക്‌സ് നേമം ഗെയിംസ് സംഘടിപ്പിക്കും. ബ്ലോക്ക് തലത്തിലുള്ള മികച്ച ഗ്രന്ഥശാലകള്‍ക്ക് വര്‍ഷം മുതല്‍ എ.അയ്യപ്പന്‍ സ്മാരക അക്ഷരപുരസ്‌കാരം ഏര്‍പ്പെടുത്തും.
100 ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് പരിചരിക്കുന്നതിന് തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തും. അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി 37 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വൃദ്ധര്‍ക്ക് ബ്ലോക്ക് ഡിവിഷന്‍ പരിധിയില്‍ പകല്‍വീട് ആരംഭിക്കും. സാമൂഹ്യനീതി മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 53,67,700 രൂപ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
മലയിന്‍കീഴ് സി.എച്ച്.സിയില്‍ ആംബുലന്‍സ്,ഇന്റര്‍കോം ടോക്കണ്‍ സംവിധാനം,പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ അവശ്യമരുന്നുകള്‍ക്കും തുക ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബ്ലോക്ക് പ്രസിഡന്റ് എല്‍.അനിത അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."