ജമ്മു കശ്മിരില്‍ 4ജി ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കണമെന്ന ഹരജി; കേന്ദ്രത്തിന് നോട്ടിസ്
ന്യൂഡല്‍ഹി: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മിരില്‍ 4 ജി ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടിസ് അയച്ചു. ജസ്റ്റിസുമാരായ എന്‍.വി രമണ, ആര്. സുഭാഷ് റെഢ്ഢി, ബി.ആര് ഗവായ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി. ഫൗണ്ടേഷന് ഫോര്‍ മീഡിയ പ്രൊഫഷണല്‍സ് എന്ന സംഘടനയ്ക്കുവേണ്ടി അഭിഭാഷകനായ സദാന്‍ ഫര്സാത്താണ് ഹരജി സമര്‍പ്പിച്ചത്. കൊറോണ വൈറസ് പരക്കുകയും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ കശ്മിരില്‍ ഏറ്റവും മികച്ച സാങ്കേതികവിദ്യയുടെ സേവനം ലഭ്യമാകേണ്ടതുണ്ടെന്ന് ഹരജിക്കാരന്റെ അഭിഭാഷകന് ഹുസൈഫ അഹമ്മദി കോടതി മുന്‍പാകെ ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ ഏര്‍പ്പെടുത്താന്‍ 4ജി ഇന്റര്‍നെറ്റ് അനിവാര്യമാണ്.
രാജ്യത്തെല്ലായിടത്തും 4ജി സര്വിസുള്ളപ്പോള് കശ്മിരില്‍ ടു.ജി സര്‍വിസ് മാത്രമാണ് ലഭ്യമാകുന്നത്. പരിമിതമായ സര്‍വിസ് കാരണം ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും കൊറവിഡ് സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ ലഭ്യമാകുന്നില്ല. ആളുകള്‍ക്ക് വീടുകളില്‍ വച്ച് ജോലിചെയ്യാന്‍ കഴിയുന്നില്ല. കോടതികള്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ കേസുകള്‍ കേള്‍ക്കുന്ന കാലത്ത് ഇവിടെ ഹൈക്കോടതിയുടെ പ്രവര്‍ത്തനം പോലും അസാധ്യമായിരിക്കുകയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മിരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ജമ്മു കശ്മിരിനെ രണ്ടായി വിഭജിച്ച് കേന്ദ്രഭരണപ്രദേശമാക്കി മാറ്റുകയും ചെയ്തതിനൊപ്പമാണ് മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സര്‍വിസുകളും റദ്ദാക്കിയത്. തുടര്‍ന്ന് സര്‍വിസുകള്‍ ഘട്ടംഘട്ടമായി പുനഃസ്ഥാപിച്ചെങ്കിലും ഇന്റര്‍നെറ്റ് ടു.ജി സര്വിസിനപ്പുറത്തേക്ക് പോയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."