ലോക്ക് ഡൗണ്‍ 30 വരെ നീട്ടി ഒഡിഷ
ഭുവനേശ്വര്‍: ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കുന്ന ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് ഈമാസം 30 വരെ നീട്ടുന്നതായി പ്രഖ്യാപിച്ച് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. ഇതോടെ ലോക്ക്ഡൗണ്‍ നീട്ടുന്ന ആദ്യ സംസ്ഥാനമായി ഒഡിഷ. വിഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ കാബിനറ്റ് യോഗത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. ജനങ്ങളുടെ ജീവന് മറ്റെന്തിനെക്കാളും പരിഗണന നല്കുന്നതിനാലാണിതെന്നു വ്യക്തമാക്കിയ നവീന്‍ രാജ്യമൊട്ടുക്കും ഈമാസം 30 വരെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യുന്നതായും കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 15ന് ആദ്യ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ഒഡിഷയില്‍ ഇതുവരെ 42 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ കാലയളവിനുള്ളിലാണ് യു.എസില്‍ 3000 കൊവിഡ് രോഗികളെന്നത് നാലു ലക്ഷത്തിലേക്കുയര്ന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതിരുന്നതാണ് യു.എസിന് വിനയായതെന്ന് നവീന്‍ ചൂണ്ടിക്കാട്ടി.
ജൂണ്‍ 17 വരെ സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല. അതേസമയം ലോക്ക് ഡൗണുണ്ടെങ്കിലും ജനങ്ങള്‍ക്ക് സാമൂഹിക അകലം പാലിച്ചുകൊണ്ട് കൃഷി, മൃഗപരിപാലനം, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുമായി മുന്നോട്ടുപോകുന്നതിന് തടസമില്ല. ചരക്കുനീക്കത്തെയും ലോക്ക് ഡൗണ്‍ ബാധിക്കില്ല. ഏപ്രില്‍ 30 വരെ വിമാനസര്‍വിസും തീവണ്ടി ഗതാഗതവും പുനഃസ്ഥാപിക്കാതിരിക്കണമെന്ന് അദ്ദേഹം കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."