ആശങ്ക സൃഷ്ടിച്ച് മത്സ്യവില്‍പന
കഠിനംകുളം : സി.ആര്‍.പി.എഫ് ക്യാംപില്‍ ഭക്ഷ്യവിഷബാധയുണ്ടായത് ശനിയാഴ്ച രാത്രി ജവാന്മാര്‍ക്ക് നല്‍കിയ മീന്‍കറിയില്‍ നിന്നാണെന്ന് പ്രാഥമിക നിഗമനം.
സാമ്പിള്‍ പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകൂവെങ്കിലും കഴക്കൂട്ടത്തെ മത്സ്യവില്‍പനയെ കുറിച്ച് ജനങ്ങള്‍ ആശങ്കയിലായിക്കഴിഞ്ഞു. രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യമാണ് മേഖലയില്‍ വിറ്റഴിക്കുന്നതെന്ന് നേരത്തെയും പരാതികളുണ്ടായിരുന്നെങ്കിലും അധികൃതര്‍ അത് മുഖവിലക്കെടുത്തിരുന്നില്ല.
തൂത്തുക്കുടി, തമിഴ്‌നാട് ഭാഗത്ത് നിന്ന് അമോണിയയും ഫോര്‍മാലിനും കലര്‍ത്തിയ മത്സ്യം ധാരളമായി കഴക്കൂട്ടത്തും പരിസര പ്രദേശങ്ങളിലെ മാര്‍ക്കറ്റുകളിലും എത്തുന്നുണ്ട്. മാസങ്ങളോളം പഴക്കമുള്ളവയും ഇതില്‍ ഉള്‍പ്പെടും. ഇത് കഴക്കൂട്ടത്തെ ചില്ലറ വില്‍പനക്കാര്‍ വാങ്ങി സ്റ്റോക്ക് ചെയ്യുന്നത് പതിവാണ്. ഇവിടെ നിന്നാണ് സി.ആര്‍.പി.എഫും മറ്റ് സ്ഥാപനങ്ങളും മത്സ്യം വാങ്ങുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പ് ഈ വിഷയത്തില്‍ ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ ഇന്നലത്തെ സംഭവം ഒഴിവാക്കാനാകുമായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
വകുപ്പ് അധികൃതരുടെ അലംഭാവനത്തിനെതിരേ വ്യാപക പ്രതിഷേധവുമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."