കണ്ണൂര്‍ വിമാനത്താവളം:പുനരധിവാസക്കാര്‍ക്ക് സ്ഥലം നിശ്ചയിച്ചു നല്‍കി
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ അപ്രോച്ച് ലൈറ്റ് സ്ഥാപിക്കുന്നതിനായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് പുനരധിവാസത്തിനുള്ള സ്ഥലം നിശ്ചയിച്ചു നല്‍കി. മട്ടന്നൂര്‍ നഗരസഭാ സി.ഡി.എസ്. ഹാളില്‍ വെച്ച് നറുക്കെടുപ്പിലൂടെയാണ് 47 പേര്‍ക്ക് പുനരധിവാസത്തിനുള്ള സ്ഥലം നല്‍കിയത്. നഗരസഭയിലെ കൊക്കയില്‍ ഭാഗത്ത് 10 സെന്റ് വീതമാണ് ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കുന്നത്. വിമാനത്താവള ലൈറ്റ് അപ്രോച്ച് സ്ഥാപിക്കുന്ന പാറാപ്പൊയില്‍ മേഖലയില്‍ 56 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്. സെന്റിന് എട്ടുലക്ഷം രൂപയും വീടിനും അനുബന്ധ സാമഗ്രികള്‍ക്കും പൊതുമരാമത്ത് നിരക്കിന്റെ ഒന്നര ഇരട്ടി തുകയും കണക്കാക്കിയാണ് സ്ഥലം ഏറ്റെടുക്കുന്നത്. പാറാപ്പൊയില്‍ ഭാഗത്താണ് വിമാനത്താവളത്തിന്റെ അപ്രോച്ച് ലൈറ്റ് സ്ഥാപിക്കുന്നത്. നറുക്കെടുപ്പിന് നഗരസഭാധ്യക്ഷ അനിതാ വേണു, വൈസ് ചെയര്‍മാന്‍ പി.പുരുഷോത്തമന്‍, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ.) കെ.കെ.അനില്‍ കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ.പി.അബ്ദുള്‍ മജീദ്, കെ.ഗോപിനാഥ്, കിന്‍ഫ്ര നോഡല്‍ ഓഫീസര്‍ കെ.വി.ഗംഗാധരന്‍, ടി.അജയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."