പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റില്‍ കൂട്ടത്തോല്‍വി
കരുനാഗപ്പള്ളി: മോട്ടോര്‍ വാഹന വകുപ്പ് കൊണ്ടുവന്ന പുതുക്കിയ ഡ്രൈവിങ് പരീക്ഷാ പരിഷ്‌കരണങ്ങളെ തുടര്‍ന്ന് ഡ്രൈവിങ് ടെസ്റ്റില്‍ പലയിടത്തും കൂട്ട തോല്‍വി. പുതിയകാവ് ചിറ്റുമൂല മൈതാനത്തും മറ്റിടങ്ങളിലും നടത്തിയിട്ടുള്ള ഡ്രൈവിങ് ടെസ്റ്റുകളിലും പലരും കൂട്ടത്തോടെ തോറ്റതായി പറയപ്പെടുന്നു. ശനിയാഴ്ചയാണ് മോട്ടോര്‍വാഹനവകുപ്പ് പരിഷ്‌കരിച്ച ഡ്രൈവിങ് പരീക്ഷ നടപ്പാക്കിയത്. ഏഴ് പുതിയ പരിഷ്‌കാരങ്ങളാണ് നിലവില്‍വന്നത്. ഇതില്‍ കയറ്റത്തില്‍ വണ്ടിനിര്‍ത്തി ക്ലച്ച് താങ്ങി മുന്നോട്ടെക്കുന്നതിലാണ് ഭൂരിഭാഗം മത്സരാര്‍ഥികളും പരാജയപ്പെട്ടത്. മിക്കവണ്ടികളും കയറ്റത്തില്‍ പിറകോട്ട് ഉരുണ്ടു.
റിവേഴ്‌സ് എടുത്തപ്പോള്‍ തിരിഞ്ഞുനോക്കിയവരും പരീക്ഷയില്‍ തോറ്റു. എച്ച് എടുക്കുന്നതിന്റേയും എട്ട് എടുക്കുന്നതിന്റേയും ട്രാക്കുകളിലെ കമ്പികളുടെ നീളം കുറച്ചതിനാല്‍ മിക്കവര്‍ക്കും പഠിച്ചതുപോലെ ചെയ്യാനായില്ല. ഇതോടെ ലൈസന്‍സ് എടുക്കുന്നത് പെടാപ്പാടാണെന്നാരോപിച്ച് പലേടത്തും ഡ്രൈവിങ് സ്‌കൂളുകള്‍ പരീക്ഷ ബഹിഷ്‌കരിച്ചു.സംസ്ഥാനത്തെ 72 ആര്‍.ടി. ഓഫിസുകളില്‍ ചിലയിടത്ത് ശനിയാഴ്ച പരീക്ഷയില്ലായിരുന്നു. ടെസ്റ്റ് നടന്ന സ്ഥലങ്ങളിലെല്ലാം വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് ജയിക്കാനായത്. തോറ്റവര്‍ക്ക് ഇനി 300 രൂപ അടച്ച് 14 ദിവസത്തിനുശേഷം അടുത്ത പരീക്ഷയില്‍ പങ്കെടുക്കാം.
ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ പുതിയ പരിഷ്‌കാരത്തോട് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്കും ഡ്രൈവിങ് സ്‌കൂളുകള്‍ക്കും കടുത്ത എതിര്‍പ്പുണ്ട്. പരിഷ്‌കരിച്ച ഡ്രൈവിങ് പരീക്ഷാസംവിധാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. അനന്തകൃഷ്ണന്‍ പറഞ്ഞു. അപകടങ്ങള്‍ പൂര്‍ണമായി കുറയ്ക്കുക എന്നതാണ് ലക്ഷ്യം. ഒരാഴ്ച പരിശീലിച്ചാല്‍ ഏതൊരാള്‍ക്കും ലളിതമായി ചെയ്യാവുന്നതാണിവയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."