HOME
DETAILS
MAL
318 പൊലിസ് ഓഫിസര്‍മാര്‍ ക്വാറന്റൈനില്‍
backup
April 10 2020 | 07:04 AM
തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജോലിയിലുണ്ടായിരുന്ന 318 പൊലിസ് ഓഫിസര്‍മാര്‍ ക്വാറന്റൈനില്‍. രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായി സമ്പര്‍ക്കസാധ്യതയുള്ളവരും ബന്ധുക്കളില്‍ ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിക്കപ്പെട്ടവരെയുമാണ് നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. ആശുപത്രികളിലും പൊലിസ് ക്യാംപുകളിലും വീടുകളിലുമായാണ് ഇവര്‍ നിരീക്ഷണത്തിലുള്ളത്. ഇതുവരെ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും കടുത്ത നടപടികളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി അച്ചടക്കനടപടിക്ക് വിധേയരായ 56 പൊലിസ് ഓഫിസര്‍മാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചും ഉത്തരവിറങ്ങി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പൊലിസ് ഓഫിസര്‍മാരോട് രണ്ടുദിവസത്തിനകം കൊവിഡ് പ്രതിരോധരംഗത്ത് ഇറങ്ങാനാണ് പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ്. കൊവിഡ് വ്യാപനം ശക്തമായിരിക്കുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിന്യസിക്കുന്നതിനായി കണ്ണൂര്‍ ഐ.ജി മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യാനാണ് എല്ലാവരോടും നിര്‍ദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് എട്ടിന് വൈകിട്ടോടെ ഇറങ്ങി.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍പേര്‍ നിരീക്ഷണത്തില്‍. വിമാനത്താവളങ്ങളില്‍ ജോലിയില്‍ ഉണ്ടായിരുന്നവരാണ് കൂടുതലായി നിരീക്ഷണത്തിലുള്ളത്. രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ട ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളവരെ ആശുപത്രികളിലും അല്ലാത്തവരെ ക്യാംപുകളിലുമാണ് നിരീക്ഷണത്തിന് വിധേയമാക്കിയിട്ടുള്ളത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പൊലിസിന്റെ ജോലിഭാരം വര്‍ധിച്ചു. നിലവില്‍ ഒരു ദിവസം 19,000 പൊലിസുകാരെയാണ് സംസ്ഥാനത്ത് കൊവിഡ് പ്രതിരോധനടപടികളുടെ ഭാഗമായി വിന്യസിച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ബ്രാഞ്ച്, ക്രൈംബ്രാഞ്ച് വിഭാഗങ്ങളില്‍ ഒഴികെയുള്ളവരെ ആവശ്യാനുസരണം വിനിയോഗിക്കുന്ന വിധത്തിലാണ് വിന്യാസം
.
കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി പോകുകയും സമൂഹ വ്യാപനം ഉണ്ടാകുകയും ചെയ്താല്‍ പകരം സംവിധാനം ഒരുക്കുന്നതിന് പൊലിസ് സേനയില്‍ മറ്റൊരു വിഭാഗത്തെ കരുതിയിട്ടുണ്ട്. സ്‌പെഷ്യല്‍ ഡ്യൂട്ടിയിലുള്ളവരെയും റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ഡ്യൂട്ടിയിലുള്ളവരെയുമെല്ലാം ഇതിനായി ഉപയോഗിക്കും. ലോക്ക് ഡൗണ്‍ 14ന് ശേഷവും നീട്ടാനാണ് തീരുമാനിക്കുന്നതെങ്കില്‍ ബാരക്കില്‍ ഉള്ളവരും നിരത്തിലിറങ്ങുമെന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പൊലിസ് ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കുന്നതിനായി കൊവിഡ് പശ്ചാത്തലത്തില്‍ ഗുരുതര കുറ്റങ്ങള്‍ക്കല്ലാതെ സസ്‌പെന്‍ഷനിലായവരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചിരിക്കുന്നത്. മൂന്ന് എസ്.ഐമാരും രണ്ട് എ.എസ്.ഐമാരും ഉള്‍പ്പെടെയുള്ളവരുടെ സസ്പന്‍ഷനാണ് പിന്‍വലിച്ചത്. ആനുകൂല്യം കൈപ്പറ്റി വീടുകളില്‍ സുഖമായി നിലകൊണ്ടിരുന്ന പൊലിസുകാര്‍ക്കാണ് ഇപ്പോള്‍ ഡി.ജി.പി പണികൊടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."