കത്വ സംഭവത്തിനു പ്രായശ്ചിത്തമായി ശയനപ്രദക്ഷിണം; രാമനുണ്ണിയെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞു
കണ്ണൂര്‍: കത്വ സംഭവത്തിനു പ്രായശ്ചിത്തമായി ചിറക്കല്‍ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ എഴുത്തുകാരന്‍ കെ.പി രാമനുണ്ണി നടത്തിയ പ്രതീകാത്മക ശയനപ്രദക്ഷിണം അവസാനിച്ചത് കയ്യാങ്കളിയില്‍. ക്ഷേത്രത്തിനുള്ളില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലെത്തിയവരും കെ.പി രാമനുണ്ണിക്കൊപ്പമുണ്ടായിരുന്ന സി.പി.എം പ്രവര്‍ത്തകരും ഏറ്റുമുട്ടിയതോടെയാണ് ശയനപ്രദക്ഷിണം പൂര്‍ത്തിയാക്കാനാവാതെ രാമനുണ്ണി പുറത്തിറങ്ങിയത്.
രാവിലെ ഒന്‍പതു മണിയോടെ ക്ഷേത്ര പരിസരത്ത് എത്തിയ രാമനുണ്ണിയെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ തടഞ്ഞു. ഹിന്ദുമത വിശ്വാസിയാണെങ്കില്‍ ഹിന്ദുമത ആചാരപ്രകാരം ശയനപ്രദക്ഷിണം നടത്തുന്നതില്‍ തെറ്റില്ലെന്നും പ്രതിഷേധമോ സമരമോ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ തടയുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.
വിശ്വാസിയാണെന്നും മതാചാരപ്രകാരമാണു ശയനപ്രദക്ഷിണം നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും രാമനുണ്ണി പറഞ്ഞു. തുടര്‍ന്നു ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ച് അദ്ദേഹം ക്ഷേത്രത്തില്‍ പ്രവേശിച്ചു. ഫോട്ടോഗ്രാഫര്‍മാരെയും ചാനല്‍ ക്യാമറാമാന്മാരും അകത്തു പ്രവേശിക്കുന്നതു സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വിലക്കി. ക്ഷേത്രനടയില്‍ തൊഴുതശേഷം ശയനപ്രദക്ഷിണം തുടങ്ങാനായി രാമനുണ്ണി കൊടിമരത്തിനു സമീപം എത്തിയപ്പോഴേക്കും സംഘപരിവാര്‍ പ്രവര്‍ത്തകരും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചിരുന്നു.
ഡി.വൈ.എസ്.പി പി.പി. സദാനന്ദന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘവും ക്ഷേത്രത്തിനകത്തു നിലയുറപ്പിച്ചു. ഹരേരാമ ഭജനയുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുന്നിലും തൊട്ടുപിന്നില്‍ രാമനുണ്ണിയുടെ ശയനപ്രദക്ഷിണവും ഒന്നിച്ചു ശ്രീകോവില്‍ വലംവയ്ക്കാന്‍ തുടങ്ങിയതോടെ ക്ഷേത്രത്തിനകത്ത് ഏതുനിമിഷവും സംഘര്‍ഷമുണ്ടാവുമെന്ന സ്ഥിതിയായി.
ഇതിനിടെ, ആരോ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതു സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതോടെ കയ്യാങ്കളിയായി. പിന്നാലെ, യുവമോര്‍ച്ച പ്രവര്‍ത്തകനായ അര്‍ജുനെ രാമനുണ്ണിക്കൊപ്പമുണ്ടായിരുന്നവര്‍ അടിച്ചുവെന്ന് ആരോപിച്ച് ഉന്തുതള്ളും കൂട്ടത്തല്ലും. സംഘര്‍ഷം തുടങ്ങിയതോടെ രാമനുണ്ണി പുറത്തിറങ്ങി. കയ്യാങ്കളിക്കു നേതൃത്വം നല്‍കിയ ചിലരെ പൊലിസും പുറത്തെത്തിച്ചതോടെ സംഘര്‍ഷം അയഞ്ഞു. സംഭവത്തില്‍ വളപട്ടണം പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."