നിയന്ത്രണങ്ങളും നിപാ ഭീതിയും; ജില്ലയിലെ ടൂറിസം മേഖലക്ക് തിരിച്ചടിയായി
കല്‍പ്പറ്റ: ടൂറിസം കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങളും നിപാ വൈറസ് ഭീതിയും ജില്ലയിലെ ടൂറിസം മേഖലക്ക് കനത്ത തിരിച്ചടിയായെന്ന് ടൂറിസം അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിപാ വൈറസ് ഭീതിമൂലം ജില്ലയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍കുറവാണുണ്ടായത്. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളെ സര്‍ക്കാരുകള്‍ വിലക്കുന്ന സ്ഥിതിയാണുള്ളത്. മാസങ്ങള്‍ക്ക് മുമ്പ് ഓണ്‍ലൈനായി ബുക്ക് ചെയ്തിരുന്ന റിസോര്‍ട്ടുകളും ഹോം സ്റ്റേകളും ഇപ്പോള്‍ റദ്ദ് ചെയ്യുകയാണ്. വന്‍ സാമ്പത്തിക നഷ്ടമാണ് ടൂറിസം മേഖലക്ക് ഇപ്പോള്‍ സംഭവിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി മാന്ദ്യം മറികടക്കാന്‍ ശ്രമിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കും ഈ മേഖലക്ക് കൂടുതല്‍ ദോഷം ചെയ്യുന്നുണ്ട്. നിരവധി സഞ്ചാരികളാണ് നിയന്ത്രണങ്ങള്‍ കാരണം നിരാശരായി മടങ്ങുന്നത്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ കുറുവ, സൂചിപ്പാറ, തോല്‍പ്പെട്ടി, മുത്തങ്ങ തുടങ്ങിയ സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം സന്ദര്‍ശകര്‍ക്ക് വിനയാവുകയാണ്. റിസോര്‍ട്ടുകളിലും ഹോം സ്‌റ്റേകളിലും യാത്ര ചെയ്ത് എത്തുന്നവര്‍ പുലര്‍ച്ചെ എഴുന്നേറ്റ് ടിക്കറ്റ് എടുക്കാന്‍ പോകേണ്ട അവസ്ഥയാണ്. പ്രധാന ട്രക്കിങ് കേന്ദ്രങ്ങളായ ചെമ്പ്ര, ബാണാസുര, ബ്രഹ്മഗിരി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ട്രക്കിങ് ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
വനംവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം കേന്ദ്രങ്ങളിലുള്ള നിയന്ത്രണമാണ് സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.
ബാണാസുര ഡാമിലെ പുഷ്‌പോത്സവം ജൂണ്‍ അവസാനം വരെ നീട്ടിയത് സഞ്ചാരികളോടുള്ള വെല്ലുവിളിയാണ്. ഡാം കാണാനെത്തുന്നവരെ ഇരട്ടി ചാര്‍ജ് ഈടാക്കിയാണ് പ്രവേശിപ്പിക്കുന്നത്. എന്നാല്‍ പുഷ്‌പോത്സവം കാണാന്‍ താല്‍പര്യമില്ലാത്തവരില്‍ നിന്നും ചാര്‍ജ് ഈടാക്കുന്നതായാണ് പരാതിയുയര്‍ന്നിരിക്കുന്നത്. ഡാം സന്ദര്‍ശിക്കാന്‍ മുമ്പുള്ള ചാര്‍ജ് നിലനിര്‍ത്തി പുഷ്‌പോത്സവം കാണാന്‍ വേറെ കൗണ്ടര്‍ ഏര്‍പ്പെടുത്തണം. ഹോംസ്‌റ്റേ, റിസോര്‍ട്ട് മേഖല നേരിടുന്ന പ്രതിസന്ധിയില്‍ തൊഴിലാളികളെ പിരിച്ചുവിടാന്‍ ഉടമകള്‍ നിര്‍ബന്ധിതരാവുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അലി ബ്രാന്‍, സെക്രട്ടറി നെബു വിന്‍സെന്റ്, സുബൈര്‍ ഇളകുളം, സന്തോഷ് പട്ടേല്‍, അരുണ്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."