ബഹ്‌റൈനില്‍ ഡിസംബര്‍ അവസാനം വരെ പൊതുമാപ്പ് പ്രഖ്യാപിച്ചു; രാജ്യത്ത് രേഖകളില്ലാതെ തങ്ങുന്നവര്‍ക്ക് പിഴ അടക്കാതെ രക്ഷപ്പെടാം
മനാമ: ബഹ്‌റൈനില്‍ തൊഴില്‍ മന്ത്രാലയം പൊതുമാപ്പ് പ്രഖ്യാപിച്ചു. ഈ വര്‍ഷം അവസാനം വരെ നീണ്ടു നില്‍ക്കുന്ന പൊതുമാപ്പ് ഈ മാസം ആദ്യം മുതല്‍ തന്നെ പ്രാബല്യത്തില്‍ വന്നതായി ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) അധികൃതര്‍ അറിയിച്ചു.
ഇതോടെ രാജ്യത്ത് വര്‍ക്ക് പെര്‍മിറ്റ് /വിസ കാലാവധി കഴിഞ്ഞിരിക്കുന്നവര്‍, വിസ റദ്ദാക്കപ്പെട്ടവര്‍, സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയവര്‍ എന്നിവര്‍ക്കെല്ലാം പിഴ കൂടാതെ രേഖകള്‍ ശരിയാക്കാന്‍ ഇതു സഹായകമാകും.
കൂടാതെ, രേഖകള്‍ ശരിയാക്കി ബഹ്‌റൈനില്‍ തന്നെ ജോലി ചെയ്യാനോ പിഴ അടക്കാതെ നാട്ടിലേക്ക് തിരിച്ചുപോകാനോ ഇതുവഴി അവസരം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം നിലവില്‍ കോടതിയില്‍ കേസുള്ളവര്‍ പൊതുമാപ്പിന്റെ പരിധിയില്‍ വരില്ല. സന്ദര്‍ശക വിസയിലെത്തി കാലാവധിക്കുശേഷവും രാജ്യത്ത് തങ്ങിയവര്‍ക്കും യാത്രാ നിരോധനം നേരിടുന്നവര്‍ക്കും പൊതുമാപ്പിന് അപേക്ഷിക്കാന്‍ കഴിയില്ലെന്നും അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് രേഖകളില്ലാതെ തങ്ങുന്നവര്‍ക്കുള്ള ഈ സുവര്‍ണ്ണാവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് എല്‍.എം.ആര്‍.എ അധികൃതര്‍ അറിയിച്ചു. ബഹ്‌റൈനില്‍ അവസാനമായി പ്രഖ്യാപിച്ച ആറുമാസത്തെ പൊതുമാപ്പ് 2015 ഡിസംബര്‍31 നാണ് അവസാനിച്ചത്. ഇതിനു ശേഷം ഇനി രാജ്യത്ത് പൊതുമാപ്പ് ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. അതേ സമയം കോവിഡിന്റെ പശ്ചാതലത്തില്‍ നിലവില്‍ പ്രഖ്യാപിച്ച പൊതുമാപ്പില്‍ നാടണയമെങ്കില്‍ യാത്ര വിമാനങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കണമെന്നത് പലരെയും നിരാശരാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."