അമ്പത് ദിവസം; നൂറു കുളം പദ്ധതിക്ക് തുടക്കം
കൊച്ചി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി അമ്പത് ദിവസത്തില്‍ നൂറു കുളം വൃത്തിയാക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിയ്ക്ക് ആവേശകരമായ തുടക്കം. കൊച്ചി കപ്പല്‍ശാലയുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യദിനത്തില്‍ വൃത്തിയാക്കിയത് ആറു കുളങ്ങള്‍.
മണീട് ഗ്രാമപഞ്ചായത്തിലെ കുട്ടണംപുറത്ത് ചിറ, എടക്കാട്ടുവയല്‍ പഞ്ചായത്തിലെ അമ്പാട്ടുമീത്തില്‍ കുളം, നെട്ടുകുളങ്ങുകാവുകുളം, മഠത്തിക്കാട്ടുചിറ, പിറവം നഗരസഭയിലെ മങ്കുഴിക്കുളം, തെരത്തനകുളം എന്നിവയാണ് ഇന്നലെ വൃത്തിയാക്കിയത്. മണീടില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭ ഏലിയാസ്, വൈസ് പ്രസിഡന്റ് വി.ജെ. ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗം രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. എടക്കാട്ടുവയലില്‍ പഞ്ചായത്ത് പ്രസിഡന്റ് ജെസി പീറ്റര്‍ നേതൃത്വം നല്‍കി.
പിറവത്ത് നഗരസഭ ചെയര്‍മാന്‍ സാബു.കെ.ജേക്കബ്ബിന്റെ നേതൃത്വത്തിലായിരുന്നു ശൂചീകരണം.
ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ.സഫിറുള്ള, പഞ്ചായത്ത് അസി.ഡയറക്ടര്‍ ടിംപിള്‍ മാഗി, ശുചിത്വ മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ സിജു തോമസ് എന്നിവര്‍ ആറ് കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. അന്‍പൊടു കൊച്ചി, നെഹ്‌റു യുവകേന്ദ്ര, നാഷണല്‍ സര്‍വീസ് സ്‌കീം, കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍, പ്രദേശവാസികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ കുളം നന്നാക്കല്‍ ദൗത്യത്തില്‍ സജീവമായി പങ്കെടുത്തു. മണീടില്‍ കുട്ടണംപുറത്ത് ചിറയുടെ വൃത്തിയാക്കലിനെത്തി നവദമ്പതികളും മാതൃകയായി. കുറ്റിക്കാട്ടില്‍ മണിയുടെ മകന്‍ അനുവും വധു ചിത്രയുമാണ് കുളം വൃത്തിയാക്കലില്‍ പങ്കാളികളായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."