പ്രവാസി മലയാളികളെ രക്ഷിക്കണം
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലക്ഷക്കണക്കിനു മലയാളി പ്രവാസികളാണ് അറേബ്യന്‍ രാജ്യങ്ങളില്‍ കുടുങ്ങിയിരിക്കുന്നത്. ഇതര വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ തിരികെക്കൊണ്ടുവരാന്‍ ഇന്ത്യാ ഗവണ്‍മെന്റ് നടത്തിയ ശ്രമം എന്തുകൊണ്ടോ അറേബ്യന്‍ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ, പ്രത്യേകിച്ച് മലയാളികളെ തിരികെ കൊണ്ടുവരുന്നതില്‍ ഉണ്ടായില്ല. സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിച്ചില്ല.
തങ്ങളെ തിരികെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടതു ചെയ്യുമെന്നു പ്രതീക്ഷിച്ചു മലയാളികള്‍ കാത്തിരിക്കുകയും ചെയ്തു. എന്നാല്‍ ഈ വൈകിയ വേളയിലും തങ്ങളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ നീക്കങ്ങളൊന്നും ഉണ്ടാകുന്നില്ലെന്ന ധാരണയാലായിരിക്കാം, നാട്ടിലെത്താന്‍ വിമാന സര്‍വിസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് അവര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ്.
കേരള മുസ്‌ലിം കള്‍ചറല്‍ സെന്ററാ(കെ.എം.സി.സി)ണ് യു.എ.ഇയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വിമാന സര്‍വിസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് അടിയന്തര നടപടിയെടുക്കാന്‍ വിദേശകാര്യ, വ്യോമയാന മന്ത്രാലയങ്ങള്‍ക്കു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹരജി.
മാര്‍ച്ച് 23 മുതലാണ് രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനയാത്രയ്ക്കു വിലക്കേര്‍പ്പെടുത്തിയത്. ഇതിനിടെ ഇന്ത്യയില്‍ കുടുങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരെ അങ്ങോട്ടെത്തിക്കാനും ഇറാനടക്കമുള്ള ചില രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ പൗരരെ നാട്ടിലെത്തിക്കാനും പ്രത്യേക വിമാന സര്‍വിസുകള്‍ നടത്തിയിരുന്നു. ഇതിലൊന്നും അറേബ്യന്‍ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുള്ള നടപടികളുണ്ടായില്ല.
കേരളത്തില്‍ രണ്ടു പ്രളയങ്ങളുണ്ടായപ്പോഴും സ്വന്തം നാട്ടിലെ ജനങ്ങളെ അകമഴിഞ്ഞു സഹായിച്ചവരാണ് അറേബ്യന്‍ രാജ്യങ്ങളിലുള്ള മലയാളികള്‍. സാധാരണക്കാരായ പ്രവാസികള്‍ അവരുടെ തുച്ഛമായ വരുമാനത്തില്‍ നിന്ന് മിച്ചംപിടിച്ച തുക പ്രളയബാധിതര്‍ക്കു വേണ്ടി ചെലവാക്കുകയായിരുന്നു. നാട്ടിലുണ്ടായിരുന്ന പ്രവാസികളാകട്ടെ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു. നാട്ടിലെ സാമൂഹിക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ധനരുടെ വിവാഹങ്ങള്‍ക്കും അവര്‍ക്കു വീടുകള്‍ നിര്‍മിക്കാനും കൈയയച്ചു സംഭാവന നല്‍കിയിരുന്നവരിലധികവും ഗള്‍ഫിലെ കൂലിപ്പണിക്കാരും സാധാരണക്കാരുമായ പ്രവാസികളായിരുന്നു.
ഇപ്പോള്‍ അവര്‍ ഒരു അത്യാപത്തിന്റെ വാതില്‍പ്പടിയില്‍ കാത്തുനില്‍ക്കുകയാണ് നമ്മുടെ സഹായത്തിനു വേണ്ടി. എല്ലാവരെയും സഹായിച്ചവര്‍ ആരും സഹായത്തിനില്ലാതെ കാത്തുനില്‍ക്കുന്ന ദയനീയാവസ്ഥ വിവരണാതീതമാണ്. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തിനു വേണ്ടി അവര്‍ പലവട്ടം അഭ്യര്‍ഥിച്ചു. കാത്തിരിപ്പു വ്യര്‍ഥമായിപ്പോകുമോ എന്ന വേവലാതിയിലാണ് അവര്‍ക്കു വേണ്ടി കെ.എം.സി.സി ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി എല്ലാ രാജ്യങ്ങളും സമ്പൂര്‍ണ അടച്ചിടല്‍ നടപ്പാക്കിയിരിക്കുകയാണ്. ഇതില്‍ വലഞ്ഞത് ലക്ഷക്കണക്കിനു സാധാരണക്കാരായ പ്രവാസികളാണ്. പ്രത്യേകിച്ച് സഊദി അറേബ്യയിലും യു.എ.ഇയിലും കുവൈത്തിലും ഖത്തറിലും ഒമാനിലും ബഹ്‌റൈനിലുമൊക്കെ കുടുങ്ങിയ മലയാളി പ്രവാസികള്‍. ഇക്കൂട്ടത്തില്‍ കൊച്ചുകുട്ടികളുമായി ഫ്‌ളാറ്റുകളില്‍ കഴിയുന്ന കുടുംബങ്ങളും ധാരാളമുണ്ട്.
കൊവിഡ് ബാധ രൂക്ഷമായതോടെ കടുത്ത നിയന്ത്രണങ്ങളാണ് മേല്‍പറഞ്ഞ രാജ്യങ്ങള്‍ സ്വീകരിച്ചത്. ഇതോടെ റസ്റ്റോറന്റുകളിലും ചെറിയ കടകളിലും ജോലി ചെയ്തിരുന്നവര്‍ തൊഴില്‍രഹിതരായി. ഭക്ഷണശാലകള്‍ അടച്ചതോടെ ഭക്ഷണവും കിട്ടാതായി. പലരും കൊവിഡ് ബാധിതരായി. ലേബര്‍ ക്യാംപുകളിലും മറ്റിടങ്ങളിലുമൊക്കെയായി ഇടുങ്ങിയ മുറികളില്‍ അഞ്ചും ആറും പേരൊക്കെ താമസിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കെങ്ങനെ ക്വാറന്റൈനില്‍ കഴിയാനാകും? തദ്ദേശീയര്‍ക്ക് അവരുടെ സര്‍ക്കാര്‍ ചെയ്തു കൊടുക്കുന്നതുപോലുള്ള സഹായങ്ങള്‍ പ്രവാസികള്‍ക്കു കിട്ടുകയില്ലല്ലോ. കൊവിഡ് പൊസിറ്റീവായവര്‍ നെഗറ്റീവായവര്‍ക്കൊപ്പം കഴിയേണ്ട ദയനീയാസ്ഥയില്‍ എങ്ങനെയാണവര്‍ സാമൂഹ്യ അകലം പാലിക്കുക?
കൊവിഡ് ചികിത്സയ്ക്കു ഭാരിച്ച തുകയാണ് ഈ രാജ്യങ്ങളിലെ സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. പ്രാഥമിക പരിശോധനകള്‍ക്കു വരെ ലക്ഷങ്ങള്‍ മുടക്കേണ്ടിവരുന്നു. അതില്ലാത്തതിനാല്‍ പലരും ചകിത്സ നടത്തുന്നില്ല. ധനാഢ്യരായ മലയാളികള്‍ക്ക് അവിടെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികളുണ്ട്. അവരില്‍ പലരും മലയാളികളായ രോഗികള്‍ക്ക് പ്രത്യേക ഇളവുകളൊന്നും നല്‍കുന്നില്ല. പലരും സര്‍ക്കാര്‍ ചെലവില്‍ ലോക കേരള സഭ എന്ന പ്രവാസി സമ്മേളനത്തില്‍ പങ്കെടുത്തു ഗംഭീര പ്രസംഗങ്ങള്‍ നടത്തിയവരുമാണ്.
ചികിത്സയ്ക്കു പണമില്ലാതെ, ഭക്ഷണമില്ലാതെ, നാട്ടിലേക്കു മടങ്ങാനാവാതെ പരിഭ്രാന്തരായി കഴിയുകയാണ് ഭൂരിപക്ഷം മലയാളി പ്രവാസികളും. കേരളത്തിന്റെ സാമ്പത്തികാഭിവൃദ്ധിയില്‍ നിര്‍ണായക പങ്കുവഹിച്ച അവരെ ഈ ആപല്‍ഘട്ടത്തില്‍ സഹായിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്. മടങ്ങിവരാന്‍ താല്‍പര്യമുള്ളവരെ പ്രത്യേക വിമാനങ്ങളയച്ച് മടക്കിക്കൊണ്ടുവരണം. വിമാനത്താവള പരിസരങ്ങളിലുള്ള ലോഡ്ജുകളിലും സര്‍ക്കാര്‍ റസ്റ്റ് ഹൗസുകളിലും ഓഡിറ്റോറിയങ്ങളിലും സ്‌കൂളുകളിലും അവര്‍ക്കു ക്വാറന്റൈന്‍ ഏര്‍പ്പെടുത്തണം. നിരീക്ഷണ കാലാവധി കഴിഞ്ഞതിനു ശേഷം മാത്രമേ അവരെ വീട്ടിലേക്കയയ്ക്കാവൂ.
അടിയന്തരപ്രാധാന്യമുള്ള ഈ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയാല്‍ മാത്രം പോരാ, ഉചിതമായ തീരുമാനമുണ്ടാകാന്‍ സംസ്ഥാന സര്‍ക്കാരിന്റെയും കേരളത്തില്‍ നിന്നുള്ള മുഴുവന്‍ എം.പിമാരുടേയും ശക്തമായ സമ്മര്‍ദം തന്നെയുണ്ടാകണം. സര്‍ക്കാര്‍ സ്വന്തം ബാധ്യത ഈ വിഷയത്തില്‍ എത്രയും പെട്ടെന്നു നിറവേറ്റണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."