ഗതാഗത നിയമലംഘനം നടത്തുന്ന വനിതകള്‍ക്ക് ലോക്കപ്പിനു പകരം അഭയകേന്ദ്രങ്ങള്‍
ജിദ്ദ: സഊദിയില്‍ ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തുന്നതിന് കസ്റ്റഡിയിലെടുക്കുന്ന വനിതകളെ തടവിലിടുക വനിതാ അഭയകേന്ദ്രങ്ങളില്‍. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ മക്ക അല്‍സഫ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
നിയമ ലംഘനങ്ങള്‍ നടത്തുന്ന വനിതകളെ തടവിലിടുന്നതിനുള്ള കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നതുവരെ ആയിരിക്കും ഇത്. ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തുന്ന പുരുഷന്മാരെ ട്രാഫിക് പൊലിസ് സ്റ്റേഷനുകളിലെ ലോക്കപ്പിലാണ് അടയ്ക്കുന്നത്.
ഈ മാസം 24 മുതല്‍ സഊദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് അനുമതി പ്രാബല്യത്തില്‍വരും. പുരുഷന്മാര്‍ക്ക് ബാധകമായ എല്ലാ നിയമങ്ങളും വ്യവസ്ഥകളും വനിതാ ഡ്രൈവര്‍മാര്‍ക്കും ബാധകമായിരിക്കും.
അന്താരാഷ്ട്ര ലൈസന്‍സുകളുള്ള വനിതകള്‍ക്ക് ട്രാഫിക് ഡയറക്ടറേറ്റ് സഊദി ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. മക്കയുടെയും പുണ്യസ്ഥലങ്ങളുടെയും വികസനത്തിന് റോയല്‍ കമ്മീഷന്‍ സ്ഥാപിക്കാനുള്ള തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പുണ്യസ്ഥലങ്ങളുടെ വികസനം തുടരുന്നതിനുള്ള സഊദി അറേബ്യയുടെ പ്രതിജ്ഞാബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രിസഭാ യോഗം പറഞ്ഞു.
മക്കയിലും പുണ്യസ്ഥലങ്ങളിലും കൂടുതല്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനും തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങളും സേവനങ്ങളും ഒരുക്കുന്നതിനുമാണ് റോയല്‍ കമ്മീഷനിലൂടെ ലക്ഷ്യമിടുന്നത്.
വെസ്റ്റ് ബാങ്കില്‍ പുതുതായി 2,070 ജൂത കുടിയേറ്റ ഭവനങ്ങള്‍ കൂടി നിര്‍മിക്കുന്നതിനുള്ള ഇസ്രഈലി മന്ത്രിസഭാ തീരുമാനത്തെ സഊദി മന്ത്രിസഭ അപലപിച്ചു. ഇസ്രഈല്‍ ഫലസ്തീനികളുടെ അവകാശങ്ങള്‍ തുടര്‍ച്ചയായി ഹനിക്കുന്നതും അന്താരാഷ്ട്ര തീരുമാനങ്ങള്‍ വെല്ലുവിളിക്കുന്നതുമാണ് പുതിയ പാര്‍പ്പിട യൂനിറ്റുകളുടെ നിര്‍മാണം പ്രതിഫലിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."