ഗവേഷണവുമായി ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ്
കൊച്ചി: വാക്സിന് ഉല്പാദക കമ്പനിയായ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡ് കൊവിഡിനെതിരായ വാക്സിന് വികസിപ്പിക്കുന്നതിന് ഗവേഷണം നടത്തുന്നു. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനി ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് സര്‍വകലാശാലയുമായി സഹകരിച്ചാണ് ഗവേഷണം നടത്തുന്നത്. ഇതുസംബന്ധിച്ച കരാറില്‍ ഇരുവരും ഒപ്പുവച്ചു.
ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡിലെയും ഗ്രിഫിത്ത് സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് ഏറ്റവും പുതിയ കോണ്‍ഡോണ്‍ ഡീ-ഒപ്റ്റിമൈസേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സാര്‍സ് -കോവ്-2 വാക്സിന് അല്ലെങ്കില്‍ കൊവിഡ്-19 വാക്സിന് വികസിപ്പിക്കാനാണ് ശ്രമം നടത്തുന്നത്. ഒറ്റ ഡോസ് കുത്തിവയ്പ്പില്‍ മനുഷ്യരിലെ കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ കഴിയുന്ന വാക്സിന് ഗവേഷണത്തിലൂടെ വികസിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി നല്കുന്ന മറ്റ് വാക്സിനുകളെപോലെ ഇവ സുരക്ഷിതമാണെന്നും ദീര്‍ഘകാലത്തേക്ക് സംരക്ഷണം നല്‍കുമെന്നുമാണ് പ്രതീക്ഷ.
ഗവേഷണം പൂര്‍ത്തിയായാല്‍ വാക്സിന് സ്ട്രെയിന്‍ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡിന് (ഐ.ഐ.എല്‍) കൈമാറുകയും രാജ്യത്തെ ഡ്രഗ്സ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെ ചട്ടങ്ങള്‍ക്കനുസരിച്ച് ഉല്പാദനവും ആരംഭിക്കും. ഘട്ടംഘട്ടമായി ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തും. കൊവിഡിനെതിരായ വാക്സിന് വികസിപ്പിക്കുന്നതിനായി ഐ.ഐ.എല്‍ ശ്രമങ്ങള്‍ ആരംഭിച്ചതായി മാനേജിങ് ഡയരക്ടര്‍ ഡോ.കെ. ആനന്ദ് കുമാര്‍ പറഞ്ഞു. ലോകമൊട്ടാകെയുള്ള വിവിധ സാധ്യതകള്‍ നിരീക്ഷിച്ചശേഷമാണ് കോണ്‍ഡോണ്‍ ഡി-ഓപ്റ്റിമൈസേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് കൊവിഡ്- 19 വാക്സിന് വികസിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഡെപ്യൂട്ടി മാനേജിങ് ഡയരക്ടര്‍ ഡോ.പ്രസന്ന ദേശ്പാണ്ഡെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."