'ഭാരതമാതാവിന്റെ മഹാപുത്രന് ആദരമര്‍പ്പിക്കാനാണ് എത്തിയത്': ആര്‍.എസ്.എസ് ആസ്ഥാനത്ത് പ്രണബ് മുഖര്‍ജിയുടെ സന്ദര്‍ശന കുറിപ്പ്
നാഗ്പൂര്‍: കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യവിമര്‍ശനത്തിനിടെ മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് ആസ്ഥാനത്തെത്തി. മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി അടക്കമുള്ളവരുടെ എതിര്‍പ്പുകള്‍ മറികടന്നാണ് പ്രണബ് മുഖര്‍ജി നാഗ്പൂരിലെത്തിയും വാര്‍ഷിക പരിപാടിയില്‍ സംബന്ധിച്ചതും.
വൈകിട്ട് അഞ്ചു മണിയോടെ ആര്‍.എസ്.എസ് സ്ഥാപകന്‍ കെ.ബി ഹെഡ്‌ഗെവാറിന്റെ ജന്മസ്ഥലത്തെത്തിയ പ്രണബിനെ ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത് സ്വീകരിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ സൗഹൃദസംഭാഷണം നടത്തി.
'ഭാരത മാതാവിന്റെ മഹാപുത്രന് (ആര്‍.എസ്.എസ് സ്ഥാപകന്‍ കെ.ബി ഹെഡ്‌ഗെവാര്‍) തന്റെ ആദരവും വണക്കവും അറിയിക്കാനാണ് ഞാന്‍ ഇന്നിവിടെ വന്നത്'- ഹെഡ്‌ഗെവാറിന്റെ ജന്മസ്ഥലത്തെ സന്ദര്‍ശക പുസ്തകത്തില്‍ പ്രണബ് മുഖര്‍ജി കുറിച്ചുവച്ചു.
പ്രണബ് മുഖര്‍ജി രാജ്യത്തിനു നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്ന് ആര്‍.എസ്.എസ് ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ 20 ദിവസമായി നടന്നുവരുന്ന സംഘ് ശിക്ഷാ വര്‍ഗ് എന്ന ക്യംപിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കാനാണ് പ്രണബ് മുഖര്‍ജി എത്തിയത്. സവിശേഷ പരിശീലനം ലഭിച്ച രാജ്യത്തെ 709 ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ക്യാംപില്‍ പങ്കെടുക്കുന്നത്.
സന്ദര്‍ശനത്തെക്കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒന്നും പ്രതികരിച്ചിട്ടില്ല. എന്നാല്‍ മകള്‍ അടക്കമുള്ളവര്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി. പ്രണബ് മുഖര്‍ജിയില്‍ നിന്ന് ഇതു പ്രതീക്ഷിച്ചില്ലെന്ന് അഹമ്മദ് പാട്ടേല്‍ ട്വിറ്ററില്‍ കുറിച്ചു. പ്രണബ് മുഖര്‍ജിയുടെ പ്രസംഗം മറന്നുപോവുമെന്നും ദൃശ്യങ്ങള്‍ ബാക്കിയാവുമെന്നും ഇത് ആര്‍.എസ്.എസും ബി.ജെ.പിയും വ്യാജസന്ദേശത്തോടെ പ്രചരിപ്പിക്കുമെന്നും മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി പറഞ്ഞു.
പ്രണബ് മുഖര്‍ജിയുടെ ആര്‍.എസ്.എസ് ആസ്ഥാനത്തു നിന്നുള്ള ഈ ചിത്രം ലക്ഷണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും വൈവിധ്യത്തിലും നാനാത്വത്തിലും ഇന്ത്യന്‍ റിപബ്ലിക്കിന്റെ സ്ഥാപക മൂല്യങ്ങളിലും വിശ്വസിക്കുന്ന ആളുകളേയും മനോവേദനയിലാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു. കേള്‍ക്കാനും മാറാനും ഉള്‍ക്കൊള്ളാനും തയ്യാറുള്ളവരോടാണ് സംസാരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."