രോഗികള്‍ക്ക് സഹായമെത്തിക്കാന്‍ ഷീ ടാക്‌സിയോടൊപ്പം ഹെല്‍പ്പേജ് ഇന്ത്യയും
തിരുവനന്തപുരം: ലോക്ക് ഡൗണില്‍ ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്കും രോഗികള്‍ക്കും സഹായവുമായി രംഗത്തുള്ള ഷീ ടാക്‌സിക്ക് പിന്തുണയുമായി രാജ്യത്തെ പ്രമുഖ സന്നദ്ധ സംഘടനയായ ഹെല്‍പ്പേജ് ഇന്ത്യ രംഗത്ത്.
ആശുപത്രികളില്‍ പോകുന്നതിനായി ഷീ ടാക്‌സിയുടെ സേവനം ആവശ്യപ്പെടുന്ന രോഗികള്‍ക്ക് ഹെല്‍പ്പേജ് ഇന്ത്യയുടെ പാനലിലുള്ള ഡോക്ടര്‍മാരുമായി വീട്ടിലിരുന്നുകൊണ്ടുതന്നെ സൗജന്യമായി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നടത്താവുന്നതാണ്.
ഇത്തരത്തില്‍ ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍ നടത്തുന്ന രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ ഹെല്‍പ്പേജ് ഇന്ത്യയുടെ സ്റ്റോറുകളില്‍ ലഭ്യമാണെങ്കില്‍ അവയും സൗജന്യമായി ഷീ ടാക്‌സി മുഖാന്തിരം രോഗികള്‍ക്ക് എത്തിച്ചു നല്‍കുമെന്ന് ഹെല്‍പ്പേജ് ഇന്ത്യ ഡയരക്ടര്‍ ആന്‍ഡ് സ്റ്റേറ്റ് ഹെഡ് ബിജു മാത്യു അറിയിച്ചു.
നിലവില്‍ ഷീ ടാക്‌സി നല്‍കി വരുന്ന സേവനങ്ങള്‍ക്ക് ഹെല്‍പ്പേജ് ഇന്ത്യയുടെ പിന്തുണ കൂടുതല്‍ സഹായകരമാകുമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ലോക്ക് ഡൗണില്‍ ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്കും രോഗികള്‍ക്കും സഹായവുമായി ഒരാഴ്ച മുന്‍പാണ് ഷീ ടാക്‌സി നിരത്തുകളിലിറങ്ങിയത്. ഇതുവരെ 260 ഓളം പേര്‍ക്കാണ് ഷീ ടാക്‌സിയിലൂടെ സഹായമെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."