കലക്ടറുടെ മാപ്പുപറച്ചില്‍ പോസിറ്റീവായി കാണുന്നു; എം.കെ രാഘവന് എം.പി
കോഴിക്കോട്: താനുമായുള്ള വിഷയത്തില്‍ കലക്ടര്‍ എന്‍ പ്രശാന്ത് മാപ്പുപറഞ്ഞ നടപടിയെ പോസിറ്റീവായി കാണുന്നുവെന്ന് എം.കെ രാഘവന് എം.പി. ചെയ്തതും പറഞ്ഞതും തെറ്റായിപ്പോയെന്ന് ബോധ്യപ്പെട്ട് കലക്ടര്‍ മാറിച്ചിന്തിച്ചത് പോസീറ്റീവായി കാണുന്നുവെന്നും കോഴിക്കോട്ടെ ജനങ്ങള്‍ പൊറുത്തുകൊടുക്കുമെന്നും എം.പി പറഞ്ഞു.
ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ ഇന്നലെയാണ് കലക്ടര്‍ ഫെയ്സ്ബുക്കിലൂടെ മാപ്പ് പറയാന്‍ തയ്യാറായത്. കോഴിക്കോട് എം.പി എം.കെ രാഘവനുമായി വ്യക്തിപരമായി ഉണ്ടായിരുന്ന നല്ല ബന്ധം ഇത്രയും വഷളായതില്‍ വിഷമമുണ്ടെന്ന് ഫേസ്ബുക്കില്‍ പോസ്റ്റില്‍ കലക്ടര്‍ വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായ പ്രശ്നം പറഞ്ഞു തീര്‍ക്കണമെന്നുണ്ട്. തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാനും വളര്‍ത്താനും പലരുമുണ്ട്. എം.പിയെ അപമാനിക്കാന്‍ താന്‍ ആളല്ല. അങ്ങനെ ഉദ്ദേശിച്ചിട്ടുമില്ല. പ്രായത്തിലും അനുഭവത്തിലും പദവിയിലുമൊക്കെ ഏറെ ഉന്നതിയിലുള്ള എം.പിയോട് ഈഗോ കാണിക്കേണ്ട ആവശ്യമില്ല. എം.പിയോട് നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.
എം.പി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് എം.പി- കലക്ടര്‍ ശീതയുദ്ധത്തിന് തുടക്കം. തനിക്കെതിരായ വാര്‍ത്താകുറിപ്പിന്റെ പേരില്‍ കലക്ടര്‍ മാപ്പ് പറയണമെന്ന് എം.പി ആവശ്യപ്പെട്ടപ്പോള്‍ കലക്ടര്‍ കുന്ദംകുളത്തിന്റെ മാപ്പ് ഫെയ്സ്ബുക്കിലിട്ടത് വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."