കാവലിരുന്ന് മടുത്ത് സ്‌കൂള്‍ ജീവനക്കാര്‍
കോഴിക്കോട്: കൊവിഡ് -19 വ്യാപനത്തെ തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ പാതിവഴിയില്‍ നിര്‍ത്തിയതോടെ സ്‌കൂളുകളിലെ ലാസ്റ്റ് ഗ്രേഡ് വിഭാഗം ജീവനക്കാര്‍ പ്രയാസത്തില്‍. ബാക്കിയുള്ള പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ക്ക് കാവലിരുന്ന് മടുത്തിരിക്കുകയാണ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ഓഫിസ് അസിസ്റ്റന്റുമാര്‍. ചോദ്യപേപ്പറുകള്‍
ട്രഷറിയിലേക്ക് മാറ്റാന്‍ നടപടിയാവാത്തതാണ് ഇവരെ ദുരിതത്തിലാക്കുന്നത്. മാര്‍ച്ച് രണ്ടിനാണ് ചോദ്യപേപ്പറുകള്‍ സ്‌കൂളുകളില്‍ എത്തിച്ചത്. അന്നുമുതല്‍ രാത്രികാലങ്ങളില്‍ തുടര്‍ച്ചയായി ഒറ്റയ്ക്ക് ഡ്യൂട്ടി ചെയ്യുകയാണ് ഈ വിഭാഗം ജീവനക്കാര്‍. വൈകിട്ട് അഞ്ചു മുതല്‍ പിറ്റേന്ന് രാവിലെ എട്ടുവരെയാണ് ഡ്യൂട്ടി. ലോക്ക് ഡൗണായതിനാല്‍ പലരും ബുദ്ധിമുട്ടിയാണ് കാവല്‍ ജോലിക്കെത്തുന്നത്. വാഹന സൗകര്യമില്ലാത്തതിനാല്‍ കിലോമീറ്ററുകളോളം നടന്നെത്തുന്നവരുമുണ്ട്. ദൂരസ്ഥലങ്ങളില്‍ താമസിക്കുന്ന ജീവനക്കാര്‍ സ്‌കൂളില്‍ തന്നെ തങ്ങിയാണ് ജോലി ചെയ്യുന്നത്. രാത്രി സമയത്ത് ഒറ്റയ്ക്ക് സ്‌കൂളില്‍ കഴിച്ചുകൂട്ടുന്നതിന്റെ ബുദ്ധിമുട്ടും ഇവര്‍ പങ്കുവയ്ക്കുന്നു. ചോദ്യപേപ്പറുകള്‍ ട്രഷറിയിലേക്ക് മാറ്റിയാല്‍ തങ്ങളുടെ ദുരിതം അവസാനിക്കുമെന്നും ഒ.എമാര്‍ പറയുന്നു.
ഹയര്‍ സെക്കന്‍ഡറിയില്‍ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലായി വിവിധ വിഭാഗങ്ങളിലെ നാലു ദിവസമായി നടക്കേണ്ട പരീക്ഷകളാണ് മാറ്റിവച്ചത്. ഇവ എന്ന് നടത്തുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല. പൂര്‍ത്തിയായ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ ട്രഷറിയിലേക്ക് മാറ്റിയിട്ടുണ്ട്.
മാറ്റിവച്ച പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ ട്രഷറികളിലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഇതുവരെ യാതൊരു നടപടിയും ആയിട്ടില്ല.
അതേസമയം, മാറ്റിവച്ച എസ്.എസ്.എല്‍.സി പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ ട്രഷറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പരീക്ഷ നടക്കുന്ന ദിവസം രാവിലെയാണ് ട്രഷറിയില്‍നിന്ന് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കുക. എന്നാല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ചോദ്യപേപ്പര്‍ ഒരാഴ്ച മുന്‍പ് സ്‌കൂളുകളില്‍ എത്തിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."